വഴിയരികില്‍ നിന്ന് പൊതിച്ചോറു നല്‍കുന്ന ആ സിസ്റ്റര്‍മാരെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതുണ്ട്  

കീര്‍ത്തി ജെയ്ക്കബ്

കോവിഡ്-19 പരത്തുന്ന ആശങ്കകളും അല്ലലുകളും അറുതിയില്ലാതെ തുടരുമ്പോഴും ഇടമുറിയാതെ തുടരുന്ന ചില കാരുണ്യപ്രവര്‍ത്തികളാണ് ലോകത്തെ ഇപ്പോള്‍ തളരാതെ പിടിച്ചുനിര്‍ത്തുന്നത്. സഹജീവികളെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തുന്ന അനേകം നന്മമരങ്ങളുടെ കൂട്ടത്തില്‍ മലയാളികള്‍ ഏറെ സന്തോഷത്തോടെ കാണുകയും ഹൃദയം കൊണ്ട് അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്ത ഒന്നാണ് അങ്കമാലി വേങ്ങൂരിലുള്ള സാന്‍ജോ മഠത്തിലെ ഒരു സിസ്റ്റര്‍ കാലടി-അങ്കമാലി റോഡിലിറങ്ങി വാഹനയാത്രക്കാര്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഒരു ചിത്രം. മലയാള മനോരമ ഫോട്ടോഗ്രഫര്‍ ജോസുകുട്ടി പനയ്ക്കല്‍ പകര്‍ത്തി, സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ആ ചിത്രം നിമിഷനേരത്തിനുള്ളില്‍ വൈറലായി.

28 അംഗങ്ങളുള്ള മഠത്തിലെ ഭക്ഷണത്തില്‍ കുറവു വരുത്തി, അതില്‍ നിന്നാണ് വഴിയാത്രക്കാര്‍ക്കായി ഭക്ഷണപ്പൊതികള്‍ തയ്യാറാക്കുന്നതെന്നും പ്രധാനമായും ലോറി ഡ്രൈവര്‍മാരാണ് ഭക്ഷണപ്പൊതികള്‍ വാങ്ങുന്നതെന്നും ജോസുകുട്ടി ചിത്രത്തോടൊപ്പം കുറിച്ചിരുന്നു. (ചോറുണ്ടു പോകാം: അങ്കമാലി വേങ്ങൂരിൽ‍ സാൻജോ മഠത്തിലെ കന്യാസ്ത്രീ കാലടി റോഡിലിറങ്ങി വാഹനയാത്രക്കാർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു. 24 പേരുള്ള മഠത്തിലെ ഭക്ഷണവിഭവങ്ങളിൽ‍ കുറവു വരുത്തി അതിൽ‍ നിന്നാണ് വഴിയാത്രക്കാർക്കായി പൊതികൾ ‍ തയാറാക്കുന്നത്. പ്രധാനമായും ലോറി ഡ്രൈവർമാരാണ് ഭക്ഷണപൊതികൾ ‍ വാങ്ങുന്നത്).

അനേകരുടെ മനസു നിറച്ച ഈ കാഴ്ചയ്ക്ക് കാരണക്കാരായ കര്‍ത്താവിന്റെ ഈ സന്യാസിനിമാരെക്കുറിച്ച് കൂടുതല്‍ അറിയാം…

1845-ല്‍ ഫ്രാന്‍സില്‍ സെന്റ് മാര്‍ക്ക് എന്ന സ്ഥലത്ത് സ്ഥാപിതമായ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് ഓഫ് സെന്റ് മാര്‍ക്ക് സഭയുടെ ഒരു പ്രൊവിന്‍ഷ്യല്‍ ശാഖയാണ് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അങ്കമാലിയ്ക്കടുത്ത് വേങ്ങൂര്‍ സെന്റ് ജോസഫ് ഇടവകാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന എസ്‌ജെഎസ്എം (SJSM) സാന്‍ജോ പ്രൊവിന്‍സ്. ഇന്ന് സാന്‍ജോ പ്രൊവിന്‍സില്‍ 32 സമൂഹങ്ങളിലായി 198 സിസ്റ്റേഴ്‌സ് വിവിധ ശുശ്രൂഷകളില്‍ അതീവ തീക്ഷ്ണതയോടെ സേവനം ചെയ്തുവരുന്നു. ആന്ധ്രാ, തമിഴ്‌നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ആഗ്രാ, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തില്‍ പത്ത് സമൂഹങ്ങളിലുമായി ഇവര്‍ യേശുവിനായി ശുശ്രൂഷ തുടരുന്നു.

‘ആരാധനയില്‍ നിന്ന് ശുശ്രൂഷയിലേയ്ക്കും ശുശ്രൂഷയില്‍ നിന്ന് ആരാധനയിലേയ്ക്കും’ എന്ന സഭയുടെ ആപ്തവാക്യം അനുദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായും തങ്ങളുടെ സഭാപിതാവായ ഫാ. പിയര്‍ പോള്‍ ബ്ലാങ്കിന്റെ ചൈതന്യം സ്വീകരിച്ചുകൊണ്ടുമാണ് ഈ ലോക്ക് ഡൌണ്‍ കാലത്ത് ആവശ്യക്കാരനിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഈ സന്യാസിനികള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രൊവിന്‍സ് ലെവലില്‍ 100 ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആയിരം രൂപയുടെ കിറ്റും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണകിറ്റും കൂടാതെ, ഒരു ലക്ഷം രൂപയുടെ മരുന്നുകളും വിതരണം ചെയ്തു. ഇതിനു പുറമേയാണ് 28 അംഗങ്ങളുള്ള സാന്‍ജോ കമ്മ്യൂണിറ്റി, ശുശ്രൂഷയുടെ ഭാഗമായി തങ്ങളുടെ കോണ്‍വെന്റിന്റെ മുമ്പിലൂടെ കടന്നുപോകുന്ന ദീര്‍ഘദൂര വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകിച്ച്, ലോറി ഡ്രൈവര്‍മാര്‍ക്ക് ലോക്ക് ഡൌണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്നത്.

തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരംശം സ്വയം തയ്യാറാക്കിയാണ് ഓരോ ദിവസവും നാലുപേര്‍ വീതം റോഡിലിറങ്ങി നിന്ന് ഭക്ഷണം വിതരണം ചെയ്യുന്നത്. പലരും സംതൃപ്തിയോടെ പൊതി സ്വീകരിക്കുകയും തങ്ങള്‍ക്ക് ദൈവാനുഗ്രഹം ആശംസിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ അപൂര്‍വ്വ അനുഭവമായി ഈ സന്യാസിനിമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകത്തിന് നന്മ ചെയ്തു നടന്നുനീങ്ങിയ യേശുനാഥന്റെ നന്മയുടെ പ്രകാശം കരുണയുടെ കാണിക്കയായി പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേയ്ക്ക് എത്തിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടിയോടെ ഇനിയും ഏര്‍പ്പെടാനുള്ള തീരുമാനത്തിലാണ് സ്വര്‍ഗ്ഗീയപ്രകാശം ഭൂമിയില്‍ പരത്തുന്ന ഈ മാലാഖമാര്‍.

കീര്‍ത്തി ജേക്കബ്