ലൈംഗികത്തൊഴിലാളിയായി വിൽക്കപ്പെട്ട പെണ്‍കുട്ടിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഇടപെട്ട ദൈവം

    ദൈവത്തിന്റെ ഇടപെടല്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നത് അപ്രതീക്ഷിതമായി ആണ്. എല്ലാം അവസാനിച്ചിടത്ത് നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുവാന്‍ ഇത്തരം ദൈവികമായ ഇടപെടലുകള്‍ കാരണമാകും. ഈ വിധത്തില്‍ ദൈവം മരണത്തില്‍ നിന്ന് തന്റെ പടയാളിയാകുവാന്‍ തിരഞ്ഞെടുത്ത വ്യക്തിയാണ് ജെന്‍ സ്പ്രയ്. ഇവരുടെ ജീവിതത്തില്‍ ദൈവം നടത്തിയ അപ്രതീക്ഷിത ഇടപെടലിന്റെ കഥ ആരംഭിക്കുന്നത് ജെന്നിന്റെ ബാല്യകാലത്ത്‌ നിന്നാണ്.

    ആഴമായ വിശ്വാസം ഇല്ലെങ്കിലും ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജെന്‍ ജനിച്ചത്. ചെറുപ്പത്തില്‍ അയല്‍ക്കാരായ ധാരാളം കുട്ടികള്‍ കൂട്ടുണ്ടായിരുന്നു ജെന്നിന്. നല്ല സൗഹൃദം എന്ന് അവള്‍ കരുതിയ ആ സൗഹൃദം തന്നെ  അവളെ തെറ്റായ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ലൈംഗിക അടിമയായി അവള്‍ വില്‍ക്കപ്പെട്ടു. അതും അയല്‍ക്കാരായ സുഹൃത്തുക്കളാല്‍. ആ ഒരു ജീവിത രീതി കൗമാരം പിന്നിട്ടു യുവത്വത്തിലും എത്തിയതോടെ അവള്‍ക്കു അതില്‍ നിന്നും പിന്തിരിയണം എന്ന ആഗ്രഹം തോന്നിത്തുടങ്ങി.

    എങ്കിലും രാത്രി കാലങ്ങളില്‍ അവളെ തേടി എത്തിയവരുടെ ഇംഗിതത്തിനു അവള്‍ക്ക് വഴങ്ങേണ്ടി വന്നു. ഓരോ ദിവസവും  ഈ ജീവിത രീതിയില്‍ നിന്ന് പിന്തിരിയുവാനുള്ള പ്രേരണ അവളുടെ ഉള്ളില്‍ ശക്തമായി വന്നു. പക്ഷെ അവള്‍ക്കു അതില്‍ നിന്ന് സ്വമേധയാ മാറുവാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ അവള്‍ എല്ലാം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. ആദ്യം ആത്മത്യ ചെയ്യുവാന്‍ ശ്രമിച്ചു എങ്കിലും അവള്‍ മരണത്തെ അതിജീവിച്ചു ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരികെ വന്നു. എന്നാല്‍ അവള്‍ തന്റെ ജീവിതത്തെ കൂടുതല്‍ വെറുക്കുവാന്‍ തുടങ്ങി. ആ വെറുപ്പ് അതിന്റെ പാരമ്യത്തില്‍ എത്തിയതോടെ ഒരിക്കല്‍ കൂടി അവള്‍ ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചു. ഇവിടെയും അവള്‍ പരാജയപ്പെട്ടു. രണ്ടു തവണയും മരണത്തില്‍ നിന്ന് തന്നെ രക്ഷിച്ച അദൃശ്യ ശക്തിക്ക് തന്നെകുറിച്ച്  എന്തോ പദ്ധതി ഉണ്ടെന്നു അവള്‍ക്കു തോന്നി തുടങ്ങി. അവള്‍ പതിയെ ദൈവത്തിലേയ്ക്ക് നടക്കുവാന്‍ തുടങ്ങി.

    ദൈവത്തിലേയ്ക്കുള്ള യാത്രയില്‍ മുറിഞ്ഞ മനസും ശരീരവും മാത്രമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. ദൈവത്തിനു മുന്നില്‍ ശൂന്യമായ മനസോടെ ഇരുന്ന അവള്‍ക്ക് ആദ്യം എന്താണ് പ്രാര്‍ഥിക്കെണ്ടതെന്നു പോലും അറിയില്ലായിരുന്നു. എങ്കിലും ദൈവസന്നിധിയില്‍ അവള്‍ നിശബ്ദയായി ഇരുന്നു. വെറുതേ. ആ സമയങ്ങളില്‍ ദൈവികമായ ഒരു ശാന്തത തന്നില്‍ വന്നു നിറയുന്നതായി അവള്‍ക്കു തോന്നി. ആ പതിവ് അവള്‍ അങ്ങനെ തുടര്‍ന്നു. അവള്‍ അറിയാതെ തന്നെ ദൈവ സ്നേഹത്താല്‍ എന്നെ നിറയ്ക്കണമേ എന്ന പ്രാര്‍ത്ഥനയിലേയ്ക്കു എത്തിച്ചേര്‍ന്നു. ആ പ്രാര്‍ത്ഥന അവളെ മാനസികമായ മുറിവുകളില്‍ നിന്നും ശാരീരികമായ ദുരനുഭവങ്ങളുടെ കെട്ടുകളില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.

    പിന്നെ അവള്‍ ദൈത്തിന്റെ പക്കല്‍ എത്തിയത് ഒരു ചോദ്യവുമായി ആണ്. ദൈവമേ ഇനി ഞാന്‍ എന്ത് ചെയ്യണം ? അനുദിനം പ്രാര്‍ഥനയില്‍ അവള്‍ ദൈവത്തോട് ചോദിച്ച ചോദ്യത്തിന് ഉത്തരം ലഭിച്ചത് തെരുവില്‍ നിന്നാണ്. അവള്‍ നാളുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന തെരുവില്‍ നിന്ന്. ആ തെരുവിലെ മക്കളെയും എനിക്കായി നേടിയെടുക്കാമോ എന്ന ദൈവത്തിന്റെ ചോദ്യത്തിന് മുന്നില്‍ അവള്‍ തന്റെ ജീവിതത്തെ മുഴുവന്‍ സമര്‍പ്പിച്ചു. ഇന്ന് ലൈംഗികമായ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നവരെ കണ്ടെത്തി അവരെ ദൈവത്തിലേയ്ക്കും നല്ല ഒരു ജീവിതത്തിലേയ്ക്കും നയിക്കുകയാണ് ജെന്‍.