സീറോ മലബാർ ഫെബ്രുവരി 26 മാർക്കോ 12 :28 -34 നിന്നെപ്പോലെ

ഈശോ പറഞ്ഞ രണ്ടാമത്തെ കല്പനയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഉണ്ടെന്നു തോന്നുന്നു- “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” ഒന്നാമത്തെ കല്പന ദൈവത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചായിരുന്നു. രണ്ടാമത്തേത്, ഒറ്റനോട്ടത്തിൽ അയൽക്കാരനെ സ്നേഹിക്കുന്നതിനെക്കുറിച്ചാണെന്ന് തോന്നും. അതിൽ മറ്റൊരു പ്രധാന കാര്യം കൂടി ഉൾപ്പെടുന്നുണ്ടെന്ന് ഓർമ്മിക്കണം. “നിന്നെപ്പോലെ” നിന്റെ അയൽക്കാരനെ സ്നേഹിക്കാനാണ് ഈശോ പറഞ്ഞത്. ഇതിൽ “നിന്നെപ്പോലെ” എന്ന പദം ശ്രദ്ധിക്കണം. അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെങ്കിൽ നീ ആദ്യം നിന്നെ സ്നേഹിക്കണം. നിന്റെ കഴിവുകളോടും കുറവുകളോടും ബലത്തോടും ബലഹീനതയോടും കൂടെ സ്നേഹിക്കണം. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട നീ ആദ്യം നിന്നെ സ്നേഹിക്കണം. നമുക്ക് നമ്മളെ സ്നേഹിക്കാൻ സാധിക്കുന്നുണ്ടോ? അതോ അപകർഷതാ ബോധത്തിലാണോ നമ്മൾ ജീവിക്കുന്നത്? അങ്ങനെയെങ്കിൽ ദൈവത്തെയും അയൽക്കാരെയും നമ്മൾ എങ്ങനെ സ്‌നേഹിക്കും?

ഫാ. ജി. കടൂപ്പാറയിൽ എം സി ബി എസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.