ഉത്ഥിതനെ തേടി – 37 – വിശുദ്ധ കുർബാന

നമ്മൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും സാന്നിധ്യമാണ്. അതാണ് ഈശോയുടെ വിശുദ്ധ കുർബാന സ്ഥാപനത്തിലൂടെ നമുക്കു ലഭിച്ച ഏറ്റവും വലിയ സമ്മാനം.

അതെ. ദൈവം മനുഷ്യനായി അവതരിച്ചതും കുർബാനയായതും നമ്മോടുകൂടെ എപ്പോഴും ആയിരിക്കുവാൻ ആണ് – നിത്യം വസിക്കുവാൻ ആണ്. ദൈവം നമ്മോടുകൂടെ. ശരിതന്നെ. പക്ഷെ, ചോദ്യം ഇതാണ്. കൂടെ വസിക്കാൻ കുർബാന ആയ ഈശോയുടെ കൂടെയാണോ നാം? ഒന്നുകൂടി ഉണ്ട്. ഏതാണ് എളുപ്പം ഈശോയ്ക്ക് എന്റെ കൂടെ ആയിരിക്കാൻ സാധിക്കുന്നതോ എനിക്ക് ഈശോയുടെ കൂടെ ആയിരിക്കാൻ സാധിക്കുന്നതോ. ആദ്യത്തെ ആയിരിക്കും കൂടുതൽ നല്ലത്. കാരണം, നമ്മൾ എപ്പോളാണ് ഈശോയെ ഉപേക്ഷിച്ചുപോവുക എന്നുപറയാൻ പറ്റില്ലല്ലോ. ഈശോ കൂടെ ആയിരിക്കാനായി ആഗ്രഹിക്കാം. അതിനു ചേർന്ന ജീവിതരീതി സ്വന്തമാക്കാൻ പരിശ്രമിക്കാം.

പ്രാർത്ഥിക്കാം

ഈശോയെ, വിശുദ്ധ കുർബാനയായി എപ്പോഴും എന്റെ കൂടെയുള്ള നിന്റെ സാന്നിധ്യം അനുഭവിച്ചു ജീവിക്കുവാൻ എന്നെ സഹായിക്കണമേ. അങ്ങ് എപ്പോഴും എന്റെ ഉള്ളിൽ വസിക്കുവാൻ തക്കവിധം ഒരുക്കമുള്ളതായി എന്റെ ഹൃദയവും മനസും മാറാൻ തക്കവിധം ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ, ആമേൻ.

നിയോഗം

വിശുദ്ധ കുർബാനയെ അവഹേളിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്. പിതാവേ, വിശുദ്ധ കുർബാനയെ അവഹേളിക്കുന്ന എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

പിന്നെ അവന്‍ അപ്പമെടുത്ത്‌, കൃതജ്‌ഞതാ സ്‌തോത്രം ചെയ്‌ത്‌, മുറിച്ച്‌, അവര്‍ക്ക് കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്റെ ശരീരമാണ്‌. എന്റെ ഓര്‍മ്മയ്‌ക്കായി ഇതു ചെയ്യുവിന്‍ (ലൂക്കാ 22:19).

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു