ഉത്ഥിതനെ തേടി – 30 – എൽറോയ്

ഹാഗാറിന്റെ ദൈവാനുഭവത്തെക്കുറിച്ച് ഉല്പത്തി പുസ്തകം പതിനാറാം അധ്യായത്തിൽ നാം വായിക്കുന്നു “അവള്‍ തന്നോടു സംസാരിച്ച കര്‍ത്താവിനെ എല്‍റോയി എന്നു വിളിച്ചു. കാരണം, എന്നെ കാണുന്നവനായ ദൈവത്തെ ഞാനും ഇവിടെവച്ച് കണ്ടു എന്ന് അവള്‍ പറഞ്ഞു” (ഉല്‍. 16:13).

ഹാഗാറിനോട് ദൈവം രണ്ട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. നീ എവിടെ നിന്നും വരുന്നു? എങ്ങോട്ട് പോകുന്നു? വേദനകൾ നിറഞ്ഞ തന്റെ പഴയകാലത്തിൽ നിന്നും ഓടിപ്പോരുന്ന ഹാഗാർ, ദൈവത്തെ കണ്ടുമുട്ടിയ ശേഷം ദൈവത്തിന്റെ വാക്കുകൾ കേട്ട് തിരികെ പോകുന്നു. ജീവിതത്തിന്റെ കയ്പ്പേറിയ യാഥാർത്ഥ്യങ്ങളിൽ, വിഷമിപ്പിക്കുന്ന അനുഭവങ്ങളിൽ അവിടുത്തെ ആത്മാർത്ഥമായി വിളിച്ചാൽ – ആഗ്രഹിച്ചാൽ ദൈവം ഇടപെടും.

അനുദിനജീവിതത്തിൽ എൽറോയ് അനുഭവങ്ങൾക്കായി പ്രാർത്ഥിക്കാം. ദൈവത്തെ കണ്ടുമുട്ടുന്ന ഇടങ്ങൾ തേടാം.

പ്രാർത്ഥന

ഈശോയെ, അങ്ങയെ കണ്ടുമുട്ടുന്ന സാഹചര്യങ്ങളെ, ജീവിതാനുഭവങ്ങളെ, അങ്ങയെ കണ്ടുമുട്ടാൻ സഹായിക്കുന്ന വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കണമേ. ഓരോ വിശുദ്ധ കുർബാനയും എൽറോയ് അനുഭവമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് കൂടുതൽ തീക്ഷ്ണതയോടെ കുർബാനയിൽ പങ്കെടുക്കാൻ കൃപ തരണമേ. ആമ്മേൻ.

നിയോഗം

ദൈവികസ്വരം തിരിച്ചറിയാനുള്ള കൃപയ്ക്കു വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ ദൈവിക വെളിപാടുകൾ തിരിച്ചറിയാൻ സാധിക്കാത്ത എല്ലാവരുടെയുംമേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍; നന്മയെ മുറുകെപ്പിടിക്കുവിന്‍ (റോമാ 12:9).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു