ഉത്ഥിതനെ തേടി – 20 – ഉടമ്പടി

പൂർവ്വപിതാക്കന്മാരോട് ഉടമ്പടികൾ ചെയ്യുന്ന ഉടമ്പടിയുടെ ദൈവത്തെ ആണ് പഴയനിയമത്തിൽ നാം കാണുന്നത്. നോഹയോടും അതുവഴി മനുഷ്യവർഗ്ഗം മുഴുവനോടും ചെയ്യുന്ന ഉടമ്പടിയുടെ പ്രതീകമായി മേഘങ്ങളിൽ മഴവില്ല് സ്ഥാപിക്കുന്ന ദൈവത്തിന്റെ ചിത്രം ഉല്പത്തി 9:8-17 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നുണ്ട്. പുതിയനിയമത്തിലേക്ക് വരുമ്പോൾ കാൽവരിയിലെ ജീവത്യാഗം വഴി സ്നേഹത്തിന്റെ, നിത്യമായ ഉടമ്പടി ചെയ്യുന്ന ഈശോയെ നാം കാണുന്നു. പ്രതീകം വിശുദ്ധ കുർബാനയാണിവിടെ. തന്റെ ശരീരവും രക്തവും കൊണ്ട് എന്നേക്കുമായി നിത്യമായ ഉടമ്പടി ചെയ്യുന്ന ഈശോ. ഓരോ ദിനവും വിശുദ്ധ ബലിയിൽ പങ്കെടുക്കുമ്പോൾ, നാം ഈ ഉടമ്പടിയിൽ ആത്മനാ പങ്കുചേരുകയാണ്. അപ്പോൾ ഈ ഉടമ്പടിയിലെ സ്നേഹത്തിന്റെ പാഠങ്ങൾ പരിശീലിക്കാൻ, പ്രാവർത്തികമാക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു.

പ്രാർത്ഥിക്കാം

ഈശോയെ, സ്നേഹത്തിന്റെ പുതിയ ഉടമ്പടി സഹനത്തിന്റെയും ത്യാഗത്തിന്റെയും വഴിയിലൂടെ മുദ്ര വച്ച അങ്ങയെ ഞാൻ ആരാധിക്കുന്നു. ജീവിതവഴികളിൽ സ്നേഹത്തിന്റെ വാഹകരാകുവാനും ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ ലഭിക്കുന്ന സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുക്കുവാനും കൃപ തരണമേ. ആമ്മേൻ.

നിയോഗം

സഹനത്തിന്റെ പാതയിൽ ചരിക്കുന്ന എല്ലാവർക്കും വേണ്ടി.

കരുണകൊന്ത

നിത്യപിതാവേ, എന്റെയും ലോകം മുഴുവന്റെയും പാപങ്ങൾക്ക് പരിഹാരമായി അങ്ങയുടെ വത്സലപുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.

ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെക്കുറിച്ച്, പിതാവേ സഹനത്തിന്റെ പാതയിൽ ചരിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കേണമേ. (10 പ്രാവശ്യം)

പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ, എന്റെയും ലോകം മുഴുവന്റെയും മേൽ കരുണയായിരിക്കേണമേ. (3 പ്രാവശ്യം)

വചനം

നമുക്കൊരു ഉടമ്പടിയുണ്ടാക്കാം. എനിക്കും നിനക്കും മധ്യേ അതൊരു സാക്ഷ്യമായിരിക്കട്ടെ (ഉല്‍. 31:44).

അനുദിനജപം

കര്‍ത്താവേ അനുഗ്രഹിക്കണമേ.

പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമേ.

ദൈവം അനുഗ്രഹിക്കട്ടെ. ശുഭദിനം നേരുന്നു