വിശുദ്ധരാവാൻ വിശുദ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ 

വിശുദ്ധരായി ജീവിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ജീവിതസാഹചര്യങ്ങൾ അതിന് അനുവദിക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തിൽ അനുദിന ജീവിതത്തിലെ പ്രലോഭനങ്ങളെ അകറ്റി വിശുദ്ധജീവിതം ആർജ്ജിക്കുന്നതിന് ഏതാനും മാർഗ്ഗങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് വിശുദ്ധരുടെ ജീവിതം അനുകരിക്കുക എന്നത്. അതിന് അവർ തന്നെ പല മാർഗ്ഗങ്ങളും നമുക്ക് പറഞ്ഞു തരുന്നുമുണ്ട്. സമാനമായ രീതിയിൽ ചില വിശുദ്ധർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം…

ഒരു വിശുദ്ധനായി തീരണമെന്നുണ്ടെങ്കിൽ ആദ്യമായി ചെയ്യേണ്ടത് വിശുദ്ധിക്കു വേണ്ടി ആഗ്രഹിക്കുക എന്നതാണ് (വി. തോമസ് അക്വീനാസ്).

നിങ്ങളുടെ ആത്മീയവായന നിങ്ങൾ അവഗണിക്കരുത്. പുണ്യവായന അനേകരെ വിശുദ്ധരാക്കിട്ടുണ്ട് (വി. ജോസ്‌മരിയ ഐസ് കീവ).

ഏതെങ്കിലും ഒരു പാപം ചെയ്തുവെന്ന് മനസിലായാൽ ഞാൻ ഉടനെ തന്നെ അതിന് തക്കതായ പ്രായശ്ചിത്തം ചെയ്യും. കുമ്പസാരത്തിൽ ലഭിക്കുന്ന പ്രായശ്ചിത്തത്തിന് പുറമെയാണിത്. വിശുദ്ധയിൽ വളരാൻ ഇത് ഏറെ സഹായിക്കും (വി. അൽഫോൻസാമ്മ).

വിഷപ്പാമ്പിൽ നിന്നെന്നപോലെ ചീത്ത കൂട്ടുകെട്ടിൽ നിന്ന് ഓടിയകലണം. നിങ്ങൾക്ക് ആത്‌മീയരായ നല്ല കൂട്ടുകാർ ഉണ്ടായാൽ നിങ്ങൾ സ്വർഗത്തിൽ പരിശുദ്ധ അമ്മയോടൊപ്പം ദൈവസന്നിയിൽ ആയിരിക്കുമെന്ന് നിനക്ക് ഞാൻ വാക്ക് തരാം. എന്നാൽ നിങ്ങൾക്ക് ചീത്ത കൂട്ടുകാരുണ്ടായാൽ നിങ്ങൾ സ്വയം ചീത്തയാവുകയും നിങ്ങളുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യും (വി. ഡോൺ ബോസ്കോ).

‘ഞങ്ങളെ വിശുദ്ധരാക്കണമേ’ എന്ന് നിങ്ങൾ യേശുവിനോട് പ്രാർത്ഥിക്കണം. കാരണം, അവനു മാത്രമേ അത് ചെയ്യാനാവുകയുള്ളു. വിശുദ്ധരാകണമെങ്കിൽ പതിവായി കുമ്പസാരിക്കുകയും മുടങ്ങാതെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യുക (വി. ഡൊമിനിക് സാവിയോ).

അനുദിന ജീവിതത്തിലെ കൊച്ചുകൊച്ച് ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നതിൽ വലിയ വിശുദ്ധി അടങ്ങിയിരിക്കുന്നു. നാം അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നാം വിശുദ്ധരാകേണ്ട എന്നാണ് അതിനർഥം (വി. ജോസ്‌മരിയ ഐസ് കീവ).

നിങ്ങൾക്ക് പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളുടെ കാവൽമാലാഖയെ വിളിക്കണം. നിങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ സഹായിക്കാൻ അവൻ സന്നദ്ധനാണ്. പിശാചിനെ അവഗണിക്കുകയും ഭയപ്പെടാതിരിക്കുകയും വേണം. കാരണം, നിങ്ങളുടെ കാവൽമാലാഖയെ കാണുന്ന മാത്രയിൽ അവൻ ഭയപ്പെടുകയും ഓടിക്കളയുകയുമാണ് ചെയ്യുക (വി. ഡോൺ ബോസ്കോ).

എല്ലാ വിശുദ്ധരും നന്നായി തുടങ്ങിയവരല്ല; എന്നാൽ എല്ലാവരും നന്നായി അവസാനിപ്പിച്ചവരാണ് (വി. ജോൺ മരിയ വിയാനി).

നിങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം, എന്നെ വിശ്വസിക്കൂ. ഒരു വിശുദ്ധനാകാൻ തുടങ്ങേണ്ടതിന് നാളെ വരെ കാത്തിരിക്കരുത് (വി. കൊച്ചുത്രേസ്യ).