ശബ്ദമില്ലാത്തവരുടെ ശബ്ദമായ മിഷനറി

പലപ്പോഴും പലതരത്തിലുള്ള അധിക്രമങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്ന ഒരു വിഭാഗമാണ് ഗോത്രവർഗ്ഗക്കാർ. സമൂഹത്തിൽ ഏറ്റവും താഴേക്കിടയിലെന്നു വിശ്വസിക്കുന്ന തങ്ങളുടേതായ പാരമ്പര്യങ്ങളും പ്രത്യേകതകളും ഉള്ള ഒരു കൂട്ടം ആൾക്കാർ. ഇൻഡോനേഷ്യയിലെ ഇത്തരം ആളുകളുടെ ഇടയിൽ അവർ നേരിടുന്ന അതിക്രമണങ്ങൾക്കെതിരെ ശബ്ദമാവുകയാണ് ഒരു സേക്രട്ട് ഹാർട്ട് മിഷനറി. പലപ്പോഴും പല ചൂഷണങ്ങൾക്കു മുന്നിലും നിസഹായരായി നിൽക്കേണ്ട വന്ന ഇവരുടെ ശബ്ദമായി മാറിയ ആ മിഷനറിയാണ് ഫാ. അൻസെൽമസ് അമോ.

41 -കാരനായ ഈ വൈദികൻ പപ്പുവയില്‍ ഗോത്ര വർഗ്ഗക്കാർക്കിടയിലാണ് തന്റെ ശുശ്രൂഷ നിർവഹിക്കുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്കിടയിലും പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ട്. അനീതിക്കെതിരെ പോരാടുകയും ശക്തിയില്ലാത്തവരോടൊപ്പം നിൽക്കുകയും ചെയ്യുന്നത് ക്രിസ്ത്യാനികളുടെ, പ്രത്യേകിച്ച് ഒരു പുരോഹിതന്റെ കടമയാണ്. ഫാ. ആമോ പറയുന്നു. ഈസ്റ്റ് നുസ തെൻഗാര പ്രവിശ്യയിലെ ഒരു ചെറിയ ദ്വീപായ ലെംബാറ്റ സ്വദേശിയാണ് ഫാ. അമോ. 2014 മുതൽ മെറൂക്ക് അതിരൂപതയുടെ കമ്മീഷൻ ഫോർ ജസ്റ്റിസ്, പീസ്, ഇന്റഗ്രിറ്റി ഓഫ് ക്രിയേഷൻ (ജെപിഐസി) ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

2019 -ൽ പുറത്തുവിട്ട പുസാക്ക ഫൌണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച് പപ്പുവയിൽ 1.3 ദശലക്ഷം ഹെക്ടറിലധികം സ്ഥലത്ത്  52 കമ്പനികൾ പാം കൃഷി ചെയ്യുന്നുണ്ടായിരുന്നു. അവയിൽ ഭൂരിഭാഗവും വനമേഖലകൾ കൈയേറ്റം  ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം കയ്യേറ്റങ്ങൾ ജിത്രവർഗ്ഗക്കാരുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഗോത്രവർഗ്ഗക്കാർക്കിടയിൽ വിദ്യാഭ്യാസം ഉള്ളവരായി ആരും ഇല്ല. ഈ ഒരു കാരണത്താൽ തന്നെ പലപ്പോഴും കമ്പനികൾ ഇവരുടെ സ്ഥലം ഏറ്റെടുക്കുകയും തുച്ഛമായ തുക നൽകുകയും ചെയ്യുന്നു. ആ തുകയ്ക്ക് അവർക്കു പിന്നീട് താമസ സ്ഥലം കിട്ടുകയും ഇല്ല. മാത്രവുമല്ല ഇവർ തെരുവുകളിലേയ്ക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യത്തിൽ ഗോത്രവർഗ്ഗക്കാരെ അവരുടെ അവകാശങ്ങളെ കുറിച്ചും പുറത്തുനിന്നെത്തുന്നവരുടെ ചതിയെ കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഈ വൈദികൻ ചെയ്യുന്നത്. കൂടാതെ അവർക്കു ആവശ്യമായ നിയമ പരിരക്ഷ ലഭ്യമാക്കുവാനും അവകാശങ്ങൾ നേടിയെടുക്കുവാനും ഈ യുവ വൈദികൻ ശ്രദ്ധിക്കുന്നു. ഈ വൈദികന്റെ സഹായത്താൽ ഇപ്പോൾ ഇവർക്ക് തങ്ങളുടെ വനഭൂമി സംരക്ഷിക്കാൻ കഴിയുന്നുണ്ട്. ഒപ്പം തന്നെ ഫാ. അൻസെൽമസ് അമോ തങ്ങളുടെ ഒപ്പം നിൽക്കുന്നതിൽ ഇവർക്ക് വലിയ സന്തോഷം ഉണ്ടെന്നും അത് തങ്ങളുടെ ഭാഗ്യമാണെന്നും ഇവർ വിശ്വസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.