ദിവ്യസ്നേഹാഗ്നി: കാരുണ്യത്തിന്റെ ഉറവിടമായ ഹൃദയം

ഈശോയുടെ ദിവ്യഹൃദയം അത് നിലയ്ക്കാത്ത കാരുണ്യത്തിന്റെ പ്രവാഹമാണ്. അസ്വസ്ഥമായ മനുഷ്യവർഗത്തോട് തന്റെ കരുണ നിറഞ്ഞ ഹൃദയത്തെ സമീപിക്കുവാനും അപ്പോൾ ആർക്കും ഒരിക്കലും എടുത്ത് മാറ്റാൻ സാധിക്കാത്ത സമാധാനംകൊണ്ട് ഞാൻ അവരെ നിറയ്ക്കുമെന്ന് സിസ്റ്റർ ഫൗസ്റ്റീനാ വഴി അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ.

തൻ്റെ കരുണയിൽ ശരണപ്പെടുന്ന ആത്മാക്കൾക്ക് എണ്ണമറ്റ അനുഗ്രഹങ്ങളാണ് സമ്മാനമായി നൽകുകയെന്നും അവിടുന്ന് നമുക്ക് ഉറപ്പ് നൽകുന്നു. കാരണം, അവിടുന്ന് കരുണ നൽകുന്നവൻ മാത്രമല്ല, കരുണ തന്നെയാണ്. സങ്കീർത്തന വചനത്തിൽ പറയുന്നതുപോലെ, അവിടുത്തെ കാരുണ്യം എന്നേയ്ക്കും നിലനിൽക്കുന്നു. അതെ, ദൈവകരുണയ്ക്ക് ഒരിക്കലും അവസാനമില്ല. അതൊരിക്കലും വറ്റാത്ത നീരുറവയാണ്. ആർക്കും എപ്പോഴും ആ നീരുറവയെ സമീപിക്കാം. അതിൽനിന്നും ആവോളം കുടിക്കാം.

അതുകൊണ്ടാണല്ലോ വചനം സാക്ഷ്യപ്പെടുത്തുക: “ഞങ്ങളുടെ പാപങ്ങൾ എത്ര വലതാണെങ്കിലും അങ്ങയുടെ കാരുണ്യം അതിനേക്കാൾ വലുതാണ്.” കാരുണ്യത്തിന്റെ നിറകുടമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങയുടെ കരുണയുടെ കണ്ണുകൾ ഞങ്ങളുടെ മേലും ഈ ലോകത്തിന്റെ മേലും പതിപ്പിക്കണമേ.

അസ്വസ്ഥമായ ഈ ലോകത്തിന് നിന്റെ കരുണയാണ് ഇന്നാവശ്യം. ഭൂമിക്കുമേൽ ഉയർന്നുനിൽക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്ന് കാണിക്കുന്ന കാരുണ്യമെന്ന് തിരുവചനത്തിലൂടെ ഞങ്ങളെ ഓർമ്മിപ്പിക്കുമ്പോൾ, ഞങ്ങൾ എന്ത് ചോദിച്ചാലും അവ ഞങ്ങൾക്ക് നൂറിരട്ടിയായി നൽകുമെന്ന് ഞങ്ങൾ ഉറപ്പായി വിശ്വസിക്കുന്നു. ഈശോയെ അങ്ങയുടെ കരുണയുടെ വലംകൈ ഞങ്ങളുടെ മേൽ നീട്ടണമേ. കാരുണ്യപൂർവം ഞങ്ങളെ കടാക്ഷിക്കണമേ.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.