എളിമയുടെ തിരുഹൃദയം

റോസിന പീറ്റി

താഴ്ന്നു കൊടുക്കുമ്പോൾ വല്ലാതെ ഉടഞ്ഞു പോകുന്നവരാണ് മനുഷ്യർ. ഞാനെന്ന ഭാവത്തെ ഉയർത്തി ഉയർത്തി ഉന്മാദം കൊള്ളുന്നവർ. എന്നാൽ വലിയവൻ ചെറുതാകട്ടെ, ചെറിയവരുടെ ശുശ്രൂഷകർ ആകട്ടെ എന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്. സെബദിപുത്രന്മാരോടും അവൻ പറഞ്ഞത് ഇതുമാത്രമാണ്.  പറയുന്നത് സ്വജീവിതത്തിൽ കാണിച്ചു കൊടുക്കുന്ന ഗുരു.

വലുതായവന്റെ ചെറുതാകൽ മനുഷ്യനോ ഭൂമിക്കോ അജ്ഞാതമായിരുന്നു. അവൻ ജനിച്ച സ്ഥലം ഒന്ന് നോക്കുക. അവൻ തിരഞ്ഞെടുത്ത വ്യക്തികളിലേക്ക് നോക്കുക. അവൻ ചേർന്നുനിന്ന തിരസ്കരിക്കപ്പെട്ടവരിലേക്ക് നോക്കുക. മരപ്പണിക്കാരനായ അവന്റെ അപ്പനിലേക്കു നോക്കുക. അവൻ സഞ്ചരിച്ച കഴുതക്കുട്ടിയെ നോക്കുക. അപരന്റെ പാദങ്ങളോളം താഴ്ന്ന പെസഹാ ദിനത്തിലേക്ക് ഒന്ന് നോക്കുക.

അവനെ ധരിപ്പിച്ച അടിമയുടെ വസ്ത്രമായ കച്ച ഒന്ന് നോക്കുക. അവനെ അടക്കം ചെയ്ത അപരന്റെ കല്ലറയെ ഒന്ന് നോക്കുക. കണ്ണുകളുയർത്തി തിരുവോസ്തിയിലേക്കു ഒന്നൂടെ നോക്കുക. അവന്റെ എളിമയുടെ രൂപം നമ്മുടെ അഹങ്കാരത്തിനു പരിഹാരമല്ലേ? ഹൃദയശാന്തതയും എളിമയുള്ള ഈശോയെ എന്റെ ഹൃദയത്തെയും അങ്ങേ തിരുഹൃദയം പോലെ ആക്കണമേ.

റോസിന പീറ്റി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.