ദിവ്യസ്നേഹാഗ്നി: ക്രിസ്തുവില്‍ നിന്നും എളിമ അഭ്യസിക്കാം

എവിടെയെല്ലാം എളിമ നിറഞ്ഞുനിൽക്കുന്നുവോ അവിടെയെല്ലാം ദൈവാനുഗ്രഹങ്ങൾ നിറഞ്ഞൊഴുകുന്നു. എളിമ പരിശുദ്ധ അമ്മയെ ലോകത്തിന്റെ മുഴുവൻ അമ്മയാക്കി. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 29 -ാം വാക്യം ഇപ്രകാരം ഓർമ്മിപ്പിക്കുന്നു. “ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്നും പഠിക്കുകയും ചെയ്യുവിൻ.”

ഈശോയുടെ ജീവിതംതന്നെ എളിമയുടെ കറതീർന്ന മാതൃകയായിരുന്നു എന്ന് ആ ജീവിതത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഒന്ന് നോക്കിയാൽ വളരെ വ്യക്തമാകും. മണ്ണായ മനുഷ്യനെ വിണ്ണോളം ഉയർത്തുവാൻ വിണ്ണുവിട്ട് മണ്ണിലേക്കിറങ്ങിയവന്റെ എളിമ നിറഞ്ഞ ജീവിത മാതൃക. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ പിറന്നുവീണവന്‍. ദരിദ്രർക്കും ധനികർക്കും എളിമയുടെ പാഠങ്ങൾ പകർന്നു നൽകിയവൻ. നസ്രത്തിലെ ജീവിതവഴികളിൽ തച്ചന്റെ മകനായി ജീവിച്ച് കാണിച്ചു തന്നവൻ. ഗുരുവും നാഥനും ആയിരുന്നിട്ടും ശിഷ്യരുടെ പാദങ്ങൾ കഴുകിയവൻ.

നിങ്ങൾ അവിടുത്തെ ഹൃദയത്തിന്റെ പുണ്യത്താൽ നിറഞ്ഞു കവിയണമെന്നും ഒരോരുത്തരും വെട്ടിയെടുക്കപ്പെട്ട ശിലയിലേക്ക് തന്നെ തിരിച്ചുപോകണമെന്നും മോൺ. ജോസഫ് ബെനാലിയോ ഓർമ്മിപ്പിക്കുമ്പോൾ, നമുക്കും പ്രാർത്ഥിക്കാം. ഈശോയെ എളിമ നിറഞ്ഞവരാകുവാൻ, പരസ്പരം പാദങ്ങൾ കഴുകുന്നവരാകുവാൻ, ഏത് ജീവിത ചുറ്റുപാടിലും സന്തോഷത്തോടെ ജീവിക്കുവാൻ, എല്ലാവരെയും തങ്ങളേക്കാൾ ശ്രേഷ്‌ഠരായിക്കണ്ട് സ്നേഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.