ദിവ്യസ്നേഹാഗ്നി: എപ്പോഴും ആശ്രയിക്കാവുന്ന ഇടം

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇപ്രകാരം പറയുന്നു: “തിരുഹൃദയ ഭക്തിയെ കേവലം ഒരു ഭക്തിയായി മാത്രം ഒതുക്കി നിറുത്താതെ, അതിനെ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള, പ്രശ്നങ്ങള്‍ക്കുള്ള മറുപടിയായിക്കൂടി കാണാന്‍ കഴിയണം.” അതെ, ഇന്ന് ലോകത്തെ കാര്‍ന്നുതിന്നുന്ന മഹാമാരിക്കുള്ള മറുപടി. അത് വരുത്തി തീര്‍ക്കുന്ന കൊടിയ പട്ടിണിക്കും രോഗത്തിനും തൊഴിലില്ലായ്മയ്ക്കുമുള്ള ഏക മറുപടി, കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട ഈശോയുടെ കരുണാര്‍ദ്ര ഹൃദയം തന്നെ.

ആര്‍ക്കും എപ്പോഴും എവിടെയും ആശ്രയിക്കാന്‍ പറ്റുന്ന, ആരുടേയും കൂടെ നടക്കുന്ന, അദ്ധ്വാനിക്കുന്നവരെയും ഭാരം വഹിക്കുന്നവരെയും തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ആ സ്നേഹ ഹൃദയം. ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവര്‍ക്ക് സര്‍വവും കൂട്ടിച്ചേര്‍ത്തു നല്‍കുന്ന ആ തിരുഹൃദയം. നഷ്ട്ടപ്പെട്ടതോര്‍ത്ത്, പൊലിഞ്ഞുപോയതോര്‍ത്ത് വേദനിക്കുന്ന നമ്മോട്, മക്കളോട് എന്നപോലെ പറയുന്നു. ലോകത്തില്‍ നിങ്ങള്‍ക്ക് അനര്‍ത്ഥങ്ങള്‍ ഉണ്ടാകും. ധൈര്യമായിരിക്കുക. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.

ഈശോയെ, അങ്ങേയ്ക്ക് മാത്രം കീഴടക്കാന്‍ കഴിയുന്ന ഈ ലോകത്തെ അങ്ങയുടെ കരുണയ്ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു. ഏറ്റെടുക്കേണമെ, വിശുദ്ധീകരിക്കണമേ. അങ്ങയുടെ കരുണയുടെ കയര്‍ ഉന്നതത്തില്‍ നിന്ന് അയച്ചുതന്ന് അങ്ങയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്രയെ ശാക്തീകരിക്കണമേ. അങ്ങനെ അങ്ങയുടെ സ്നേഹാഗ്നി ചൂളയില്‍ വിളക്കിചേര്‍ക്കപ്പെട്ട ഒരു ചെറിയ വിളക്കായി ഞങ്ങളുടെ ജീവിതം അങ്ങയില്‍ ലയിച്ച് പ്രകാശിക്കട്ടെ. കരുണാമയനായ ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയത്തെ അങ്ങയുടെ ഹൃദയംപോലെ ആക്കണമേ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.