ദിവ്യസ്നേഹാഗ്നി: ഈശോയുടെ രൂപ ഭാവങ്ങള്‍ അനുകരിക്കാം

കാലിത്തൊഴുത്ത് മുതൽ കാൽവരി വരെയുള്ള യാത്രയിൽ ഉടനീളം ഈശോയുടെ  ഹൃദയത്തിൽ നിറഞ്ഞു തുളുമ്പി നിന്നിരുന്നത് സൃഷ്ടിയോടുള്ള ഒടുങ്ങാത്ത സ്നേഹമായിരുന്നു. തന്നെ ഒറ്റികൊടുക്കാനിരുന്ന യൂദാസിന്റെ കൈയിലേക്കും തള്ളിപ്പറയാനിരുന്ന പത്രോസിന്റെ കൈയ്യിലേക്കും തന്നെ ഉപേക്ഷിച്ച് പോകാനിരുന്ന ശിഷ്യരുടെ കൈയ്യിലേക്കും തന്റെ ശരീരവും രക്തവും അവിടുന്ന് മുറിച്ചുവിളമ്പി.

അവസാനം കാൽവരിയുടെ നെറുകയിൽ മരണത്തോട് പൊരുതിയപ്പോൾ താൻ മരിച്ചുവെന്ന് അറിയുന്നതിന് വേണ്ടി നെഞ്ചിൽ കുത്തിയവന് തന്റെ ചങ്കിലെ രക്തം സൗഖ്യമായി നൽകി. അന്ന് ഈശോയുടെ ഹൃദയത്തിൽ നിന്നൊഴുകിയ ജലവും രക്തവും ഇന്ന് സ്നേഹത്തിന്റെ ഒരു തുള്ളി രക്തവും ഒരു തുള്ളി വെള്ളവുമായി ശാന്തമായി ഒഴുകുന്ന നദിപോലെ അനേകരിലേക്ക് ഒഴുകിയിറങ്ങുന്നു. എല്ലാവരാലും വെറുക്കപ്പെടുമ്പോഴും ആരെയും വെറുക്കാതെയും എല്ലാവരാലും കുറ്റപ്പെടുത്തപ്പെടുമ്പോഴും ആരെയും കുറ്റപ്പെടുത്താതെയും വിധിക്കാതെയും എല്ലാവരാലും കളിയാക്കപ്പെടുമ്പോൾ ആരെയും ഉപേക്ഷിക്കാതെ സ്നേഹിക്കണമെന്നും ഈശോയുടെ ഹൃദയം നമ്മെ പഠിപ്പിക്കുന്നു.

ഈശോയുടെ ഹൃദയത്തിന്റെ സ്നേഹം തന്റെ ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങിയപ്പോൾ വിശുദ്ധ തെരേസാ വെർസേരി പറയുന്നു. “ദൈവം മാത്രം, ദൈവം മാത്രം, ദൈവത്തോട് കൂടെയായിരിക്കുന്നത് എത്രയോ ഭാഗ്യകരം.” ഈശോയെ, അങ്ങയുടെ ഹൃദയമാകുന്ന മണ്ണിലേക്ക് ഒരു വിത്തായി ഇറങ്ങിവരാനും അങ്ങയിൽ അഴുകി ഇല്ലാതായി അങ്ങ് തരുന്ന പുതിയ രൂപ ഭാവങ്ങൾ സ്വീകരിക്കാനും എന്നെ അനുവദിക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.