ഐഎസ് ഭീകരർ തകർത്ത ഇറാഖി നഗരം ഉയർത്തെഴുന്നേൽക്കുന്നു

ഐഎസ് ഭീകരർ തകർത്ത് ഇല്ലാതാക്കിയ ഇറാഖി പട്ടണം വീണ്ടും ഉയർത്തെഴുന്നേൽക്കുന്നു. മൊസൂളിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള ഇറാഖിന്റെ വടക്കുഭാഗത്തുള്ള ബാറ്റ്നയ പട്ടണമാണ് സജീവമായി വരുന്നത്.

ഐഎസ് വരുന്നതിനുമുമ്പ് 950 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. അവരെല്ലാം കൽദായ കത്തോലിക്കരുമായിരുന്നു. കുർദിഷ് സൈന്യം നടത്തിയ ഷെല്ലാക്രമണവും ഐഎസ് ഭീകരരുടെ കടന്നുകയറ്റവും തുടർന്ന് യുഎസ് സേന നടത്തിയ എയർ സ്ട്രൈക്കും എല്ലാം കാര്യമായി ബാധിച്ചത് ഈ സമൂഹത്തെ ആയിരുന്നു. ഇതെ തുടര്‍ന്ന് ഇവിടെയുള്ള വിശ്വാസികൾ പാലായനം ചെയ്തു. അതോടുകൂടി ഈ പട്ടണം ഏതാണ്ട് പ്രേതനഗരമായി മാറി.

ഭീകരരുടെ പിടിയിൽ നിന്നും ഇറാഖ് മോചിക്കപ്പെട്ടതിനുശേഷം 2019-ലാണ് ആദ്യ കുടുംബം ഇവിടെ മടങ്ങിയെത്തിയത്. തിരിച്ചുവന്ന കുടുംബത്തിന് ഒരു ഇറഖി പുരോഹിതൻ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകി. വീണ്ടും കുടുംബങ്ങൾ വന്നുതുടങ്ങി. അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുള്ള കടകളും മറ്റും തുടങ്ങി. ആത്മീയശുശ്രൂഷ നൽകാൻ വൈദികരുമെത്തി. അവർ വിശ്വാസികൾക്കായി സ്കൂളുകളും മറ്റും തുടങ്ങി. അങ്ങനെ ബാറ്റ്നയ പട്ടണം ഇന്ന് സജീവമായിക്കൊണ്ടിരിക്കുകയാണ്. ആത്മീയമായ ഒരു ഉണർവ്വിനും സാക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്.