പ്രളയത്തിനു ശേഷം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ അവശേഷിക്കുന്ന വസ്തുക്കള്‍ എന്ത് ചെയ്യണം?

പ്രളയത്തിനു ശേഷം വീട്ടി ലേക്ക്‌ മടങ്ങുമ്പോള്‍ അവശേഷിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്ത് ചെയ്യണം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീട്ടില്‍ അവശേഷിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ഉപയോഗിക്കരുത്

· മുട്ട, മീന്‍, മാംസം എന്നിവ

· തുറന്ന് ഇരിക്കുന്ന കുപ്പികളിലെ വസ്തുക്കള്‍

· തുറന്നിരിക്കാത്തതും എന്നാല്‍ കാര്‍ഡ്‌ബോര്‍ഡ്‌ അടപ്പുകള്‍ ഉള്ളതുമായ മയോണീസ്‌, ജാം, സാലഡുകള്‍.

· വെള്ളവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കത്തിലായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം ഉപേക്ഷിക്കുക.

· കാര്‍ഡ്‌ബോര്‍ഡിലും പേപ്പറിലും ഫോയിലുകളിലും തുണിയിലും ഒക്കെ ഇരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍.

·  എല്ലാത്തരം മസാലകളും, ആട്ട, അരിപൊടി പോലെയുള്ള പൊടികള്‍, പഞ്ചസാര പോലെയുള്ളവ.

·  ഫ്രിഡ്ജില്‍ ഇരിക്കുന്നവ ഒന്നും ഉപയോഗിക്കരുത്.

· കൃഷിയിടങ്ങളില്‍ നിന്ന് വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.

ശ്രദ്ധയോടെ ഉപയോഗിക്കാം  

·  തുറന്നിട്ടില്ലാത്ത ചില്ല് കുപ്പികളിലെ വസ്തുക്കള്‍ ഉപയോഗിക്കാം. വെള്ളം കയറാന്‍ സാധ്യത ഇല്ലെങ്കില്‍ മാത്രം ഉപയോഗിക്കാം.

· പ്ലാസ്റ്റിക്‌ പാത്രങ്ങളുടെ പുറത്തും മറ്റും കാണുന്ന പേപ്പര്‍ കൊണ്ടുള്ള സ്റ്റിക്കറുകള്‍ എടുത്തു മാറ്റാന്‍ ശ്രദ്ധിക്കുക. ഇവയില്‍ അണുബാധ ഉണ്ടാവാന്‍ സാധ്യത ഉണ്ട്.

·   വെള്ളത്തില്‍ മുങ്ങിയിട്ടില്ലാത്ത പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയ ശേഷം ഉപയോഗിക്കാം എങ്കിലും, അതിനൊന്നും മുതിരാതിരിക്കുന്നതാണ് നല്ലത്.

·  ഫ്രിഡ്ജ്‌ പ്രവര്‍ത്തിക്കുന്നുവെങ്കിലും, അതിലെ ഭക്ഷ്യ വസ്തുക്കള്‍ ഒന്നും എടുക്കാതിരിക്കുക. അതുപോലെ തന്നെ അവ വൃത്തിയാക്കി അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

·   കുട്ടികള്‍ക്ക് കൊടുക്കുന്ന ആഹാരത്തില്‍ കുറച്ച് നാളുകളേക്ക് കുപ്പി വെള്ളം മാത്രം ഉപയോഗിക്കുക.

വെള്ളപ്പൊക്കത്തിനു ശേഷം വീട്ടിൽ അവശേഷിക്കുന്ന ഭക്ഷണം ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ രോഗങ്ങളും മറ്റും ഉണ്ടാകാൻ സാധ്യത ഉണ്ട്. കഴിവതും അവശേഷിക്കുന്നവ ഉപയോഗിക്കാതിരിക്കുന്നതാണ് നന്ന്. അതിനാൽ ഭക്ഷണ വസ്തുക്കളുടെ ഉപയോഗത്തിൽ ജാഗ്രത പുലർത്തുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.