കോവിഡ് രോഗികൾക്കിടയിൽ സ്നേഹസാമിപ്യമാകുന്ന സന്യാസിനിമാർ

സി. സൗമ്യ DSHJ

കോവിഡ് എന്ന രോഗം ലോകത്താകമാനം പടർന്നുപിടിച്ചിരിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കാൻ തത്രപ്പെടുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രോഗികളായവർ ഇപ്പോൾ നമ്മുടെ സമീപത്തുവരെ എത്തിനിൽക്കുന്ന അവസ്ഥ. എന്നാൽ, ഇവിടെയും കൊറോണ രോഗികളെ ശുശ്രൂഷിച്ച് അവരോടൊപ്പം നിൽക്കാൻ സന്നദ്ധരാകുന്ന ആളുകളുണ്ട് – സമർപ്പിതർ. ഒരുവശത്ത് സന്യാസിനികളെ കുറ്റപ്പെടുത്തിയും പഴിചാരിയും കുറേപ്പേർ ആനന്ദം കണ്ടെത്തുമ്പോൾപോലും അവർ തങ്ങളുടെ ജോലികളിൽ വ്യാപൃതരാണ്.

കോവിഡ് രോഗികളെ ശുശ്രൂഷിച്ച് രോഗം ബാധിച്ചവരും, തങ്ങളുടെ ആശുപത്രികൾ രോഗികൾക്കായി വിട്ടുകൊടുത്തതുമായ ഒരു സന്യാസിനീ സമൂഹമുണ്ട് – ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനീ സമൂഹം (FIH). ഈ കൊറോണ കാലത്ത് അവരുടെ പ്രവർത്തനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എപ്രകാരമായിരുന്നുവെന്ന് നമുക്ക് വായിച്ചറിയാം.

ഇറ്റലിയിലെ കൊറോണ രോഗികളെ ശുശ്രൂഷിച്ച് രോഗബാധിതരായവർ

ഇറ്റലിയിലെ പ്രാത്തോയിൽ നാല്പതോളം വരുന്ന പ്രായമായ മാതാപിതാക്കൾക്ക് FIH കോൺഗ്രിഗേഷനിലെ മൂന്ന് സിസ്റ്റേഴ്സ് സ്വന്തം മക്കളെപ്പോലെയാണ്. കാരണം, ഈ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നത് ഈ സന്യാസിനിമാരാണ് – സുപ്പീരിയറായ സി. സിബി മേരി, സി. മെൽബിൻ മേരി, സി. എസ്തേർ മേരി. ഈ  മാതാപിതാക്കൾ ഇവർക്കും സ്വന്തമാണ്. കൊറോണ വൈറസ് ഇറ്റലിയെ അതിരൂക്ഷമായി ബാധിച്ചപ്പോൾ അതിന്റെ പ്രത്യാഘാതം ഇവർക്കും നേരിടേണ്ടിവന്നു. ‘കാസ സെറേന’ എന്ന ഈ സ്ഥാപനത്തിലെ ഇരുപത്തിനാലോളം പേർക്ക് കൊറോണ വന്നു. അതിൽ അഞ്ചുപേർ മരണപ്പെട്ടു.

പ്രായത്തിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും നിലനിൽക്കുമ്പോൾ തന്നെ രോഗത്തിന്റേതായ അസ്വസ്ഥതകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കി. പ്രായമായ ആളുകൾക്ക് രോഗം ബാധിച്ചെങ്കിലും, യാതൊരു കുറവും വരുത്താതെ പൊന്നുപോലെ ഈ സന്യാസിനിമാർ അവരെ ശുശ്രൂഷിച്ചു. അതിന്റെ ഫലമായി ഈ മൂന്ന് സിസ്റ്റേഴ്സിനും രോഗം ബാധിച്ചു. അന്യനാട്ടിൽ, ഒരു കോൺവെന്റിലെ എല്ലാവർക്കും രോഗം വരുമ്പോഴുള്ള അവസ്ഥ വളരെ ബുദ്ധിമുട്ടേറിയതാണ്. എന്നാൽ, ദൈവം അവിടെയും അവരെ അനേകരിലൂടെ യാതൊരു കുറവും വരാതെ പരിപാലിച്ചു.

ഈ സിസ്റ്റേഴ്സിനു മാത്രമല്ല രോഗം വന്നത്; കൂടെയുള്ള സഹപ്രവര്‍ത്തകരും കൊറോണ ബാധിതരായി. അവരിൽ പലരും രോഗത്തിന്റെ ഭീതിയിലും ഉത്കണ്ഠയിലുംപെട്ട് ഡിപ്രെഷനിലായ അവസ്ഥ. എന്നാൽ, നാല്പത്തിയഞ്ച് ദിവസത്തോളം ഐസൊലേഷനിൽ ആയിരുന്നതിനുശേഷം ഈ സന്യാസിനിമാർ പുറത്തുവന്നത് കൂടുതൽ തീക്ഷ്ണതയോടെ ആയിരുന്നു. “ഞങ്ങൾ ദൈവത്തിൽ കൂടുതൽ ആഴപ്പെടാനുള്ള ഒരു അവസരമാക്കി ഇതിനെ മാറ്റി. ആത്മീയമായി കൂടുതൽ കരുത്താർജ്ജിക്കാൻ ഈ ദിവസങ്ങൾ സഹായകമായി” -സി. സിബി മേരി പറയുന്നു.

പ്രായമായ ആളുകളായതിനാൽത്തന്നെ രോഗവിമുക്തി നേടി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ പലരുടെയും ഓർമ്മ നഷ്ടപ്പെട്ടു. മാനസികമായി അവർ കൂടുതൽ ബലഹീനരായി. ആശുപത്രിയിൽ ഐസൊലേഷനിൽ പരിചയത്തിലുള്ള ആരെയും കാണാതെ ദിവസങ്ങളോളം കഴിയേണ്ടിവന്നപ്പോൾ അത് അവരെ രോഗത്തെക്കാൾ കൂടുതൽ ക്ഷീണിതരാക്കിയെന്ന് ഈ സിസ്റ്റേഴ്സ് പറയുന്നു. ഈ മാതാപിതാക്കൾ എത്രമേൽ ഇവർക്ക് പ്രിയപ്പെട്ടവരാണെന്ന് ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തം.

ഈ രോഗം വന്നുകഴിയുമ്പോൾ മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന തിരസ്ക്കരണങ്ങളും ഒറ്റപ്പെടുത്തലുകളുമാണ് കൊറോണ എന്ന രോഗത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ടേറിയ അവസ്ഥ. എന്നാൽ, അതൊന്നും ഒരു പരിധിവരെ ഈ രോഗികളെ അറിയിക്കാതെ ശുശ്രൂഷിക്കുവാൻ, ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയശേഷം ഈ സന്യാസിനിമാർക്കായി. ഇപ്പോഴും രോഗം ഏൽപിച്ച മാനസികാഘാതത്തിൽ നിന്നും പലരും മുക്തരായിട്ടില്ല. തങ്ങളുടെ ശ്രദ്ധയും സ്നേഹവും പരിചരണവും വഴി ഈ സന്യാസിനിമാർ കൂടുതൽ തീക്ഷ്ണതയോടെ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നു.

ഇന്ത്യയിൽ കോവിഡ് രോഗികൾക്കായി തുറന്നിട്ട സ്ഥാപനങ്ങൾ

കോവിഡ് രോഗബാധ ഇന്ത്യയിൽ അതിരൂക്ഷമായി പടരുന്ന ഈ സാഹചര്യത്തിൽ തങ്ങളുടെ സ്‌കൂളുകളും ആശുപത്രികളും എന്തിനേറെ കോൺവെന്റുകൾ പോലും കോവിഡ് രോഗികൾക്കായി തുറന്നുകൊടുക്കുവാനും ലോക്ക് ഡൗണിൽ സന്നദ്ധപ്രവർത്തകർക്കും പോലീസുകാർക്കും ഭക്ഷണമെത്തിച്ചു കൊടുക്കുവാനും ഈ സന്യാസിനിമാര്‍ മുൻപന്തിയിൽ തന്നെ. ആതുരസേവനത്തിന് പ്രാധാന്യം കൊടുക്കുന്ന ഇവരുടെ സന്യാസ സഭയുടെ ചൈതന്യം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നവർ. സ്വന്തം ആരോഗ്യംപോലും മറന്ന് അപരര്‍ക്കുവേണ്ടി നിശബ്ദമായി പ്രയത്നിക്കുന്നവര്‍.

തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര രൂപതയിൽ ബിറാലി എന്ന സ്ഥലത്ത് വിമലഹൃദയ സ്‌കൂൾ, ക്വാറന്റിനായി വിട്ടുകൊടുത്തിരിക്കുകയാണ്. “ഈ ദിവസങ്ങളിൽ വർദ്ധിച്ചുവരുന്ന കൊറോണ കേസുകൾ മൂലം മൂന്ന് ദിവസങ്ങള്‍ കൊണ്ട് നാൽപതോളം പേർ ഇവിടെ ക്വാറന്റൈനിൽ കഴിയുന്നു. ഇവരുടെ വിവിധ സ്‌കൂളുകളും ആശുപത്രികളും ഗവൺമെന്റ് നിർദ്ദേശപ്രകാരം കോവിഡ് രോഗികൾക്കായി സജ്ജമാക്കിയിരിക്കുകയാണ്” – ജനറൽ കൗൺസിലറായ സി. റെനോറ മേരി പറയുന്നു. അതോടൊപ്പം FIH സിസ്റ്റേഴ്സിന്റെ കൊട്ടിയത്തുള്ള ഒരു പ്രയർ ഹൗസും രോഗികൾക്കായി വിട്ടുകൊടുക്കുവാൻ ഈ സഹോദരിമാര്‍ തയ്യാറായി.

കേരളത്തിൽ മാത്രമല്ല ഈ മിഷനറിമാർ സജീവമായി പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂരിലുള്ള പാവപ്പെട്ട ചേരികളിൽ താമസിക്കുന്ന ആളുകള്‍ക്ക് കൊറോണ രോഗബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്നറിയുവാൻ, റോഡ് സൈഡിൽ ടെന്റ് കെട്ടി ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന സംഘം പരിശോധനകൾ നടത്തുന്നു. ഇപ്പോൾ രോഗം കൂടുതലായ സാഹചര്യത്തിൽ, ആശുപത്രികൾ കോവിഡ് രോഗികൾക്കായി വിട്ടുകൊടുത്തു. അവരെ ശുശ്രൂഷിക്കാനും ഭക്ഷണംവരെ എത്തിച്ചുകൊടുക്കുവാനും ഇവർ തയ്യാറായി. ഒമ്പതോളം സിസ്റ്റേഴ്സ് സജീവമായി ആതുരസേവനരംഗത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുന്നു.

ജര്‍മ്മനിയില്‍ – രോഗത്തിലും കൈവിടാതെ    

“നിങ്ങൾ വിഷമിക്കേണ്ട. ഞങ്ങൾക്ക് അഭിമാനമേയുളളൂ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിൽ” – ജർമ്മനിയിൽ, പ്രായമായവരെ ശുശ്രൂഷിച്ച് രോഗികളായിത്തീർന്ന സിസ്റ്റേഴ്സ് പറയുന്നു. ഒരു മഠത്തിലെ എല്ലാവരും രോഗബാധിതരായ അവസ്ഥ. ഈ ഒരവസ്ഥയില്‍ ദൈവം മാത്രമേ അവര്‍ക്ക് കൂട്ടായി ഉണ്ടായിരുന്നുള്ളൂ. ജര്‍മ്മനിയില്‍ ഇവര്‍ക്ക് ഏഴോളം കോണ്‍വെന്റുകളുണ്ട്. അവിടെ 26-ഓളം സിസ്റ്റേഴ്സ് ആതുരശുശ്രൂഷാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു. മൂന്ന് ആശുപത്രികളും നാല് ഓള്‍ഡേജ് ഹോമും. ഇവരെല്ലാം തന്നെ കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്. രോഗത്തെ ഭയക്കാതെ മനുഷ്യരെ സ്നേഹിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടികളാണ് ഈ സന്യാസിനിമാർ.

സ്വയം മറന്ന് അനേകര്‍ക്ക് ദൈവസാന്നിധ്യം പകരുന്ന ഈ സന്യാസിനിമാര്‍ക്ക് വലിയ വേദനയുളവാക്കിയ ഒന്നായിരുന്നു ജൂലൈ രണ്ടാം തീയതി ഡല്‍ഹി പ്രൊവിന്‍ഷ്യാള്‍ ആയിരുന്ന സി. അജയ മേരി, കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എങ്കിലും അനേകര്‍ക്ക് ജീവന്‍ പകരുന്ന സാമീപ്യമാകാന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ഈ സന്യാസിനിമാര്‍ ഇപ്പോഴും മുന്‍പന്തിയില്‍ തന്നെയുണ്ട്.

സി. സൗമ്യ DSHJ

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.