ഈ ഒഴിയും ഈ കുടിയും

ഫാ. അജോ രാമച്ചനാട്ട്

“അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മഅവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല.”(യോഹന്നാന്‍ 2 : 3)

ലുത്തിനിയയിൽ “വിവേകവതിയായ കന്യകേ” എന്ന് മറിയം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പരി. കന്യകയെ വിവേകവതി എന്ന് വിളിക്കാനുള്ള കാരണമായി നാം കണ്ടെത്തുന്നത് കാനായിലെ വിവാഹവിരുന്നാണ്. കല്യാണവീടല്ലേ, എല്ലാവരും തിരക്കിലാണ്. ഭക്ഷണം കഴിക്കുന്നവർ, വീഞ്ഞ് വിളമ്പുന്നവർ, വീഞ്ഞ് കൊടുക്കുന്നവർ, കുശലം പറയുന്നവർ, പാടുന്നവരും നൃത്തം ചെയ്യുന്നവരും.. അങ്ങനെ ഒരു ലോകം !

എല്ലാ തിരക്കിലും നിന്നു മാറി ഒരാളുണ്ടായിരുന്നൂ, മറിയം. അമ്മയുടെ മനസ്സ് ഇങ്ങനെ വിചാരിച്ചു കാണും. “ഈ ഒഴിയും ഈ കുടിയും ഇങ്ങനെ തുടർന്നാൽ ഇവിടുത്തെ വീഞ്ഞ് തീർന്നുപോകും..”. ഈ നിരീക്ഷണമാണ് മറിയത്തെ വിവേകവതിയാക്കുന്നത്. വീഞ്ഞ് വെറും പാനീയമായി തെറ്റിദ്ധരിക്കരുത്. പഴയനിയമകാഴ്ചപ്പാടിൽ വീഞ്ഞ് പ്രതീകമാണ്.

എന്തിന്റെയൊക്കെയാണ്? സന്തോഷത്തിന്റെ..സമാധാനത്തിന്റെ.. ഐശ്വര്യത്തിന്റെ.. ദൈവസാന്നിധ്യത്തിന്റെ..യുദ്ധവിജയത്തിന്റെ.. എന്റെ സുഹൃത്തേ, നീ ജീവിക്കുന്ന ചുറ്റുപാടിൽ വീഞ്ഞ് തീരുന്നുണ്ടോ എന്ന് മുൻപേ കാണാനുള്ള ജാഗ്രതയാണ് വിവേകം..വീടോ, സമൂഹമോ, ചുറ്റുവട്ടങ്ങളോ ആകട്ടെ, “ഇൗ ഒഴിയും കുടിയും ഇതു പോലെ തുടർന്നാൽ” വീഞ്ഞ് തീരുമെന്ന് തിരിച്ചറിയണമെന്ന്.. ! തമ്പുരാനേ, വിവേകമുള്ളവരാകാൻ കരുത്തു തരണേ.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്‌