പ്രത്യാശയുടെ കിരണങ്ങള്‍

സി. സോണിയ ഡി.സി.

ആംഗലേയ സാഹിത്യകാരന്‍ ജോണ്‍ മില്‍ട്ടന്റെ വിഖ്യാതമായ ‘നഷ്‌പ്പെട്ട പറുദീസ’ എന്ന കവിതയിലെ പ്രസിദ്ധമായ വരികളാണ് – ‘ഓരോ കാര്‍മേഘത്തിനും ഒരു വെള്ളിവരകളുണ്ട്’ എന്നത്. ഇരുണ്ട മാനവും ഇരുള്‍ നിറയുന്ന രാത്രിയും ഇലപൊഴിഞ്ഞ മരങ്ങളും അവസാനമല്ല. ഒരു പുതിയ ആരംഭത്തിന്റെ – പ്രതീക്ഷയുടെ പര്യായപദങ്ങളാണ്.

മരണം സുനിശ്ചിതമായ ജന്‍തന്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലും വിക്ടര്‍ ഫ്രാങ്ക്‌ളിന് പ്രത്യാശയുടെ കിരണങ്ങള്‍ മനസ്സിലേയ്ക്ക് അയച്ചത് കൊഴിഞ്ഞ മരത്തിലെ ഒരു തളിരിലയാണ്. അമേരിക്കന്‍ സാഹിത്യകാരന്‍ ഒ. ഹെന്റിയുടെ വിഖ്യാതമായ ചെറുകഥയാണ് ‘അവസാനത്തെ ഇല’ (The Last Leaf). ഈ കഥയില്‍ ന്യുമോണിയ ബാധിച്ച് മരണാസന്നനായ ജോണ്‍സിയുടെ ജീവിതത്തിലേയ്ക്ക് പ്രതീക്ഷയുടെ പര്യായമായെത്തിയ ‘കൊഴിയാത്ത ഇല’ ബെര്‍മാന്‍ എന്ന ചിത്രകാരന്റെ സൃഷ്ടിയായിരുന്നെങ്കിലും ഒരു ജീവിതം നിരാശയില്‍ നിന്നും പ്രത്യാശയിലേയ്ക്ക് കൊണ്ടുവരുവാന്‍ ഈ ചെറുകഥയില്‍ നിന്ന് ഹെന്റിക്ക് സാധിച്ചു. അതിലുമുപരി ഇക്കാലമത്രയും അനേകായിരങ്ങള്‍ക്ക് പ്രത്യാശയുടെ ഒരു മിനുങ്ങുവെട്ടവും കൊടുത്തിരുന്നു.

അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ അടിമത്വത്തില്‍ കഴിഞ്ഞ ഇസ്രായേല്‍ ജനതയ്ക്ക് പ്രത്യാശയേകാനായി അവരുടെ അന്ധകാരത്തില്‍ ജനിച്ച നിത്യസൂര്യനാണ് ഈശോമിശിഹാ. എശയ്യാ പ്രവാചകന്‍ അത് വളരെ മനോഹരമായി വിവരിക്കുന്നു… “അന്ധകാരത്തില്‍ കിടന്ന ജനം ഒരു പ്രകാശം കണ്ടു. വര്‍ഷങ്ങളായി ഒരു ജനത കാത്തിരുന്ന വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം മാത്രമായിരുന്നില്ല യേശുവിന്റെ ജനനം. മറിച്ച്, അന്ധകാരത്തില്‍ കഴിയുന്ന മക്കള്‍ക്ക് നിത്യമായ പ്രതീക്ഷയും ശുഭചിന്തയുമായിരുന്നു യേശു.”

ജീവിതത്തില്‍ ശാരീരികവും മാനസീകവും ആത്മീകവും സാമൂഹികവുമായ വേദനകളിലും ഞെരുക്കങ്ങളിലും തളരുന്ന, പതറുന്ന, നിലവിളിക്കുന്ന, വേദനിക്കുന്ന മക്കള്‍ക്ക് നിത്യമായ സൗഖ്യവും പ്രതീക്ഷയുമാണ് നസ്രായന്‍. ഒരു വേദനയും നിത്യമല്ല; ഏതൊരു വേദനയ്ക്കും കാലപരിധിയുണ്ട്. എന്നാല്‍, പരിധികളില്ലാത്ത ഒന്നാണ് പ്രതീക്ഷയും ദൈവസ്‌നേഹവും.

വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവത്തെയാണ് ഈശോയുടെ ജനനത്തില്‍ മേരിക്കും യൗസേപ്പിനുമൊപ്പം നാമെല്ലാവരും കാണുന്നത്. കിഴക്കു നിന്നും വഴിയറിയാതെ പെട്ടെന്നു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ വിശ്വസിച്ച ജ്ഞാനികള്‍ നമ്മെയും ജ്വലിപ്പിക്കുന്നു. വര്‍ഷങ്ങളോളം രക്ഷകനെ കാണുവാനായി ദേവാലയത്തില്‍ പ്രാര്‍ത്ഥനയിലായിരുന്ന ഹന്നായും ശിമയോനും പ്രത്യാശയുടെ പൂമരത്തിനു സാക്ഷ്യം വഹിച്ചവരാണ്.

ജ്ഞാനികളെ നയിച്ച നക്ഷത്രം പ്രത്യാശയുടെ നല്ല ഒരു വസ്തുതയാണ്. അതിലുപരി ജനതകള്‍ക്ക് പ്രതീക്ഷയായി അനേകായിരങ്ങള്‍ക്ക് അത്താണിയായിത്തീര്‍ന്ന യേശു ജനിച്ച പുല്‍ക്കൂട് മുതല്‍ കാല്‍വരി വരെ ആ ജീവിതപ്രത്യാശയുടെ സാന്നിധ്യവും ഉദാഹരണവും പ്രതീക്ഷയുടെ അവതാരവുമായി ഇന്നും നമ്മുടെ കൂടെ ജീവിക്കുകയാണ് ഈശോ.  ജീവിതത്തിലെ കാര്‍മേഘനിബിഡമായ വേളകളില്‍, ഇരുള്‍നിറഞ്ഞ രാവുകളില്‍, തോരാത്ത മഴയുടെ വേളകളില്‍, പ്രത്യാശയ്ക്ക് യാതൊരു വകയുമില്ലാത്ത വേദനയാര്‍ന്ന നിമിഷങ്ങളില്‍ ജോണ്‍സിയെപ്പോലെ തലയുയര്‍ത്തി നോക്കാം പ്രതീക്ഷ നല്‍കുന്ന ആ ഒരേയൊരു ഇല – ബെത്‌ലഹേമിലെ ഉണ്ണിയേശുവിനെ…

കുറച്ചു വര്‍ഷങ്ങളായി അനേകായിരങ്ങളുടെ നാവുകള്‍ ഏറ്റുപാടി, അവരില്‍ വീണ്ടും പ്രതീക്ഷ ഊതിജ്വലിപ്പിച്ച രണ്ടു ഗാനങ്ങളാണ് ഇലപൊഴിയും കാലങ്ങള്‍ക്കപ്പുറം… എന്നതും ഒരു മഴയും തോരാതിരുന്നിട്ടില്ല… എന്നതും. ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ആ ജ്വലനം അനുഭവിച്ചറിയുവാന്‍ സാധിക്കും.

ജീവിതത്തിലെ കൊഴിഞ്ഞ ഇലകള്‍, നഷ്ടപ്പെട്ട സ്വപ്നങ്ങള്‍, ആരോഗ്യം, പണം, കയ്‌പ്പേറിയ വേദനകള്‍, അനുഭവങ്ങള്‍, ഇരുണ്ട രാത്രികള്‍ എല്ലാമെടുത്ത് എത്തിനോക്കാം പുല്‍ക്കൂട്ടിലേയ്ക്ക്. അവിടെയുമുണ്ട് പ്രത്യാശയുടെ പ്രകാശതാരം. നിത്യപ്രകാശമായ ഈശോനാഥന്‍. ഓരോ ക്രിസ്തുമസ്സും അണഞ്ഞുപോയ പ്രത്യാശയെ ഊതിജ്വലിപ്പിക്കുവാനുള്ള അവസരമാണ്. യാത്ര തുടരാം, പുല്‍ക്കൂട്ടിലേയ്ക്ക്… യാത്ര സഫലമാക്കാം, യേശുസാന്നിധ്യത്തില്‍…

സി. സോണിയ കെ. ചാക്കോ DC