അമേരിക്കയില്‍ നിന്ന് സദ്‌വാര്‍ത്ത! രാജ്യത്ത് ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ വന്‍ കുറവ്

അമേരിക്കയില്‍ 1973-നു ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേയ്ക്ക് ഭ്രൂണഹത്യകളുടെ എണ്ണം കൂപ്പുകുത്തിയതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബോര്‍ഷനെ അനുകൂലിക്കുന്ന ഗുറ്റ്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017-ല്‍ 8,62,000 ഗര്‍ഭച്ഛിദ്രങ്ങളാണ് അമേരിക്കയില്‍ നടന്നത്. 2014-ല്‍ ഇത് 9,26,000 ആയിരുന്നു. 2011-ലാകട്ടെ ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലായിരുന്നു. 1973-ല്‍ അമേരിക്കയില്‍ രാജ്യവ്യാപകമായി ഭ്രൂണഹത്യ നിയമവിധേയമാക്കിയതിനു ശേഷം കോടിക്കണക്കിന് ഗര്‍ഭസ്ഥ ശിശുക്കളാണ് അമ്മമാരുടെ ഉദരത്തില്‍ വച്ച് കൊല ചെയ്യപ്പെട്ടത്.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണത്തില്‍ കുറവുണ്ട്. 2011-നും 2017-നുമിടയില്‍ വെറും അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം വര്‍ദ്ധിച്ചത്. ചില സ്ഥലങ്ങളില്‍ അബോര്‍ഷന്‍ ക്ലിനിക്കുകളുടെ എണ്ണത്തിലും വന്‍ കുറവാണുണ്ടായിരിക്കുന്നത്. ടെക്‌സാസിലും മിച്ചിഗണിലും ഒഹായോയിലുമടക്കം നിരവധി ക്ലിനിക്കുകള്‍ അടയ്ക്കേണ്ടതായി വന്നു. ഗര്‍ഭച്ഛിദ്രങ്ങളുടെ എണ്ണം കുറഞ്ഞതില്‍ പ്രോലൈഫ് സംഘടനകളുടെ പങ്ക് വളരെ വലുതാണ്.