ജീവനും ജീവിതവും, ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഒരുപക്ഷേ എല്ലാവരും ജീവനെ തിരഞ്ഞെടുക്കൂ. അത്രയ്ക്ക് വിലപ്പെട്ടതാണ് ജീവന്‍. പക്ഷേ ജീവന്‍ തിരികെ ലഭിക്കുമ്പോള്‍ വിദൂരതയിലേക്ക് ഓടി മറയുന്ന ജീവിതം എന്ത് ചെയ്യും എന്ന് ചോദിച്ചാല്‍ മറുപടി മൗനമാണ്.
പ്രളയം അവശേഷിപ്പിച്ചതും ഈ മൗനത്തെയാണ്. കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലാണ് ഓരോ മലയാളിയും. ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ചുള്ള ആ ഓട്ടത്തില്‍ എവിടെ നിന്ന് ആരംഭിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് എല്ലാവരും. താമസിക്കാന്‍ ഒരു കൂരയെങ്കിലും ഉണ്ടെങ്കിലല്ലേ മുന്നോട്ട് നീങ്ങാനാകൂ…
ഈ ആശയക്കുഴപ്പത്തെയാണ് ‘പ്രൊജക്റ്റ് വിഷന്‍’ എന്ന ബാംഗ്ലൂര്‍ ആസ്ഥാനമായ സംഘടന തുടച്ചു നീക്കുന്നത്. പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കായി താത്കാലിക വീടുകള്‍ നിര്‍മ്മിച്ച് നല്‍കുക എന്നതാണ് ‘ബാംഗ്ലൂര്‍ കെയര്‍സ് ഫോര്‍ കേരള’യുടെ ലക്ഷ്യം.
ഇടക്കാല ആശ്വാസം
പ്രളയം കനത്ത നഷ്ടം തന്നെയാണ് കേരളത്തില്‍ സൃഷ്ടിച്ചത്. ഒട്ടേറെ ജീവനുകളെ നഷ്ടപ്പെടുത്തിയ പ്രളയം, മനുഷ്യന്റെ ആത്യന്തിക ആവശ്യങ്ങളായ കുടിവെള്ളം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ വേരോടെ പിഴുതെറിഞ്ഞു. ഇവയില്‍ ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിച്ചു വരുന്നുണ്ടെങ്കിലും, പാര്‍പ്പിടത്തിന്റെ കാര്യം അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ക്യാമ്പില്‍ നിന്നും മടങ്ങുന്ന ആളുകള്‍ എവിടേയ്ക്ക് പോകും എന്നത് വലിയ ഒരു ചോദ്യമായി നിലനില്‍ക്കുന്നു. സര്‍ക്കാര്‍ പാര്‍പ്പിടത്തിനായുള്ള പദ്ധതികള്‍ ആലോചിച്ചു വരുന്നുണ്ടെങ്കിലും, ഇവ ആവശ്യക്കാരിലേക്ക് എത്താനും, അവ പ്രാബല്യത്തില്‍ വരാനും ഒക്കെ കാലത്താമാസം എടുക്കും. എന്നാല്‍ പാര്‍പ്പിടം എന്നത് ഏറെ അടിയന്തരമായി ലഭിക്കേണ്ട ഒന്നാണ്.
പ്രൊജക്റ്റ് വിഷന്‍ എന്ന സംഘടനയുടെ ‘ബാംഗ്ലൂര്‍ കെയര്‍സ് ഫോര്‍ കേരള’ എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യവും ഇതാണ്. ആളുകള്‍ക്ക് താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുക. അതിനാണ് പ്രൊജക്റ്റ് വിഷന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുക. സന്നദ്ധ സംഘടനയായ ‘ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി’, ‘എ. ഐ. എഫ്. ഓ’, ‘സുവര്‍ണ കര്‍ണ്ണാടക കേരള സമാജം’ എന്നിവരുടെ സഹകരണത്തിലാണ് ഈ പാര്‍പ്പിട പദ്ധതി ഒരുങ്ങുന്നത്.
നേപ്പാള്‍ മാതൃകയിലൊരു കൂര
ബാംഗ്ലൂര്‍ കേന്ദ്രീകൃതമായ സംഘടനയായതിനാല്‍ തന്നെ, ആദ്യം സഹായം എത്തിക്കുന്നത് വയനാടിന് തന്നെയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 520 പേര്‍ക്കാണ് ഇവിടെ വീടുകള്‍ നഷ്ടമായത്. 1000-ത്തോളം വീടുകള്‍ നശിച്ചിട്ടുണ്ടെങ്കിലും, ഇവയില്‍ 520 വീടുകളാണ് ഉപയോഗ ശൂന്യമായ തരത്തില്‍ നശിച്ചു പോയത്. ഇങ്ങനെ വീടുകള്‍ നഷ്ടമായവര്‍ക്കാണ് താത്കാലിക വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ജില്ലാ ഭരണകൂടവും പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ കണക്കെടുപ്പുകള്‍ നടത്തി, അര്‍ഹരായവരെ കണ്ടെത്തും.
15 × 10 അടിയുള്ള താത്കാലിക പാര്‍പ്പിട കേന്ദ്രങ്ങളാണ് നിര്‍മ്മിക്കുന്നത്. മേല്‍ക്കൂര പാകുന്നത് നിറമുള്ള ട്രാഫോർഡ് ഷീറ്റുകൾ ഉപയോഗിച്ചാണ്. വീടിനു ബലം നല്‍കാന്‍ സ്റ്റീല്‍ തൂണുകളും നല്‍കും. വീടിന്റെ മുന്‍ഭാഗവും പിന്‍ ഭാഗവും പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കും. ചൂരല്‍, മുള, ഓലകള്‍ എന്നിവയാണ് ലഭ്യത അനുസരിച്ച് ഉപയോഗിക്കുന്നത്. വീടിനോപ്പം താത്ക്കാലിക ശുചിമുറികളും ഒരുക്കി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഒരു വീടിനു 15000 രൂപയാണ് ചിലവ്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ രണ്ടു വര്‍ഷം വരെ ഈട് നില്‍ക്കും.
സംഘടനയിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാകും വീടുകള്‍ നിര്‍മ്മിക്കുക. എന്‍. ആര്‍. ഇ. ജി. എ(തൊഴില്‍ ഉറപ്പ് പദ്ധതി) യുടെ സഹകരണത്തോടെയാകും വീട് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ കണ്ടെത്തുന്നത്. കെ. എസ്. ഇ. ബിയുടെ സഹകരണത്തോടെ വീട്ടില്‍ വൈദ്യുതി ബന്ധ൦ ഉറപ്പുവരുത്തി വെളിച്ചത്തിനായി മൂന്നു ബള്‍ബുകളും നല്‍കും.
ഇത്തരത്തിലുള്ള വീടുകള്‍ പ്രൊജക്റ്റ് വിഷന്റെ ഡയറക്ടറായ ഫാദര്‍ ജോര്‍ജ് കണ്ണന്താനതിന്റെ നേതൃത്വത്തില്‍ 2015- ല്‍ നേപാളില്‍ നിര്‍മ്മിച്ചിരുന്നു. അന്ന് 450 വീടുകളാണ് പണികഴിപ്പിച്ചിരുന്നത്. “ആളുകള്‍ ഇപ്പോഴും ആ വീടുകള്‍ ഉപയോഗിക്കുന്നുണ്ട്. അവര്‍ സന്തുഷ്ടരാണ്,” ഫാദര്‍ ജോര്‍ജ് പറഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 50 ലക്ഷത്തോളം ചിലവിട്ടു, ആളുകള്‍ക്ക് റിലീഫ് കിറ്റുകളും സംഘടന വിതരണം ചെയ്തിരുന്നു. 5000 ആളുകള്‍ക്കാണ് റിലീഫ് കിറ്റുകള്‍ നല്‍കിയത്. മൂവായിരത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് ഓരോ കിറ്റിലും ഉണ്ടായിരുന്നത്. ഇതിനോടകം തന്നെ സംഘടന വെള്ളം ശുദ്ധീകരിക്കാനുള്ള ഫില്‍റ്ററുകളും കേരളത്തില്‍ ഉടനീളം നല്‍കി കഴിഞ്ഞു.
ശില്പ രാജന്‍