അച്ചൻമാരും അച്ഛൻമാരും

ഈ ചിത്രത്തിന് വയസ്സു പതിനെട്ടായി. മാനം കാണാതെ പുസതകത്താളിൽ ഒളിപ്പിച്ചു വച്ചിരുന്നൊരു മയിൽപ്പീലിത്തുണ്ടു കണക്കെ, ഇത്രയും നാൾ ഒരു ഓൾഡ് ജനറേഷൻ ആൽബത്തിന്റെ ചായം പടർന്ന ഒരു പ്ലാസ്റ്റിക് കീശയ്ക്കുള്ളിൽ, ആരുടേയും കണ്ണിൽപ്പെടാതെ, വിസ്മൃതിയിലാണ്ടു കിടക്കുകയായിരുന്നു ഈ ‘വിശ്വവിഖ്യാത’ കലാസൃഷ്ടി. ഈ മ്യൂസിയം പീസിന്റെ ചരിത്ര പ്രാധാന്യമോർത്തിട്ടാണ്, കബറടക്കിയിരുന്ന ഗുഹാക്ഷേത്രത്തിൽ നിന്ന്, പരിക്കുകളൊന്നും വരുത്താതെ, ക്ഷമയോടെ അതിനെ പുറത്തെടുത്തത്.

ഈ ചിത്രമെടുത്തത് ആരാണ് എന്നത് സത്യത്തിൽ ഓർമ്മയില്ല. ഈ ചിത്രമെടുത്ത സ്ഥലത്ത് ഇപ്പോൾ കൂറ്റൻ കെട്ടിടങ്ങൾ മുളച്ചു വളർന്നു കഴിഞ്ഞിരിക്കുന്നു. കഥാനായകൻമാർ നിരന്നിരുന്ന പടിക്കെട്ടുകൾ നൂറ്റാണ്ടുകൾക്കു ശേഷം വരാനിടയുള്ള പുരാവസ്തു ഗവേഷകരെയും കാത്ത് ഏതോ ഭൂഗർഭാലയങ്ങളിൽ വിശ്രമം കൊള്ളുന്നുണ്ടാവാം. പശ്ചാത്തലമൊരുക്കിയ വൃക്ഷലതാദികൾക്ക് പലവിധ കാരണങ്ങളാൽ സ്ഥാനഭ്രംശവും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ ഇനിയൊരിക്കലും ആർക്കും പുനർസൃഷ്ടിക്കാനാവാത്ത ഒരു ചരിത്ര നിമിഷമായി അതു മാറിക്കഴിഞ്ഞുവെന്നാണ് വിദഗ്ദർ പറയുന്നത്.

നിരന്നിരിക്കുന്ന കഥാപാത്രങ്ങളെ രണ്ടാം ലോകമഹായുദ്ധകാലത്തെ അഭയാർത്ഥികളെപ്പോലെ പലർക്കും തോന്നുമെങ്കിലും അക്കാര്യത്തിൽ അവർ നിരപരാധികളാണ്. അവർ പതിനാലു പേരും പത്തിരുപതു വർഷം മുമ്പ് കർത്താവിന്റെ വിളി കേട്ട് പതിനഞ്ചു തികയുന്ന പ്രായത്തിൽ, പള്ളീലച്ചൻമാരാവാൻ രണ്ടും കൽപ്പിച്ചു വീട്ടിൽ നിന്നു പുറപ്പെട്ടവരാണ്. അങ്ങനെയാണ് വെളുവെളുത്ത ഒരു ഫുൾക്കൈ ഷർട്ടിലും കറുകറുത്ത പാന്റ്സിലും പ്രവേശിച്ച്, ഒരു ജൂൺ മാസപ്പകലിൽ, തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയുടെ പടിവാതിലിൽ ചാരി വിങ്ങിപ്പൊട്ടി അവർ വീട്ടുകാരോടു വിടപറഞ്ഞത്.

പിന്നീട് അതായിരുന്നു ആ തുല്യദു:ഖിതരുടെ ലോകം. വീട് ഒരു വിളിപ്പാടകലത്തിലില്ലെന്നു തിരിച്ചറിഞ്ഞപ്പോഴൊക്കെ അവർ പരസ്പരം വീടുകളായി മാറി; അപ്പനും അമ്മയും സഹോദരങ്ങളുമൊക്കെയായി. ഒരുമിച്ചുണ്ടും ഉറങ്ങിയും കളിച്ചും വഴക്കിട്ടും തല്ലുകൂടിയും പ്രാർത്ഥിച്ചും പഠിച്ചും കുറെയേറെ വർഷങ്ങൾ അവർ ഒന്നിച്ചു വളർന്നു. ഒരുമിച്ചാണു പറക്കാൻ തുടങ്ങിയതെങ്കിലും കാറ്റിന്റെ ഗതിക്കനുസരിച്ച് പിന്നീടവർ പലവഴിക്കു പിരിഞ്ഞു. എങ്കിലും അച്ചനാവാൻ അപേക്ഷ സമർപ്പിച്ചിരുന്നതിനാൽ കർത്താവ് എല്ലാവരുടേയും ആഗ്രഹം സാധിച്ചു കൊടുത്തു.

അവരിൽ മൂന്നു പേർക്ക് പള്ളീലച്ചൻമാരും ബാക്കിയുള്ള പതിനൊന്നു പേർക്ക് കുടുംബത്തിലെ അച്ഛൻമാരുമാവാൻ വരം കൊടുത്ത് ദൈവം അനുഗ്രഹിച്ചു.

കാലം അനുസ്യൂതമൊഴുകി. ഋതുക്കൾ കടന്നുപോയി. ലോകത്തിൽ തങ്ങൾക്കായി നിശ്ചയിക്കപ്പെട്ട പതിനാലിടങ്ങളിലേക്ക് അവരെല്ലാവരും പറന്നുപോയി.

തമ്മിൽ കണ്ടിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു! ഒന്നു മിണ്ടിയിട്ട് എത്രയോ നാളുകളായിരിക്കുന്നു! രൂപവും ഭാവവും ശബ്ദവുമൊക്കെ എത്രയോ മാറിയിട്ടുണ്ടാവണം. കാലയാപനം ചെയ്യുന്നത് എത്രയോ ദൂരങ്ങളിലായിരിക്കും. എത്രയോ ദേശങ്ങളിലെ വായുവായിരിക്കും ശ്വസിക്കുന്നത്. എത്ര വ്യത്യസ്തമായ ഇടങ്ങളാൽ ചുറ്റപ്പെട്ടിരിക്കും! ഇനിയെന്നായിരിക്കും കാണുക!

എത്ര അകലങ്ങളിലാണെങ്കിലും ഇനിയൊരിക്കൽ തമ്മിൽ കാണുമ്പോൾ വർഷങ്ങൾക്കു മുമ്പ് ഒടുവിൽ കണ്ടപ്പോൾ പറഞ്ഞു നിർത്തിയതിന്റെ ബാക്കി പറയാൻ തക്കവണ്ണം മനസ്സുകൾ തമ്മിൽ ഒരിഴയടുപ്പം സൂക്ഷിക്കുന്നവരാണ് ഈ കൂട്ടുകാർ. ഏതു പെരുമഴയിലോ പാതിരാവിലോ കയറിച്ചെന്നാലും ഇറക്കിവിടില്ലെന്നുറപ്പുള്ള ചങ്ങാതിമാർ. അങ്ങനെയൊരു കൂട്ടുണ്ടായത് എത്ര ഭാഗ്യമാണ്. ഒരിക്കലെങ്കിലും എല്ലാം  ഒന്നു പറയാനും ഒന്നു കേൾക്കാനും കൂടെ നിൽക്കാനും ആരുമില്ലെന്നൊരു പരാതിയിൻമേൽ ജീവിതമവസാനിപ്പിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡിട്ട ഒരു ദേശത്ത് ഇത്രയും ചങ്ങാതിമാരുണ്ടെന്നത് അഭിമാനിക്കാവുന്ന ഒരു കാര്യമല്ലേ! ഏതാൾക്കൂട്ടത്തിനിടയിൽ നിന്നും കേട്ടു മറന്നൊരു ശബ്ദത്തിൽ സ്നേഹത്തിൽ പൊതിഞ്ഞൊരു വിളി കേൾക്കാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്! അതുകൊണ്ടല്ലേ മരണത്തിന് തൊട്ടുമുമ്പ് ഒരുനാൾ ദൈവപുത്രൻ പോലും ലാസർ എന്നൊരു സ്നേഹിതന്റെ ഭവനത്തിൽ ആശ്വാസം തേടിപ്പോയത്! നല്ലൊരു സുഹൃത്ത് എല്ലാവർക്കുമുണ്ടാവട്ടെ! പ്രണയത്തേക്കാൾ, കാമത്തേക്കാൾ, മരണത്തേക്കാൾ സൗഹൃദം ശക്തമാണ്.

ഫാ. ഷീൻ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.