മരിക്കാൻ ഒരുങ്ങുന്ന രോഗികൾക്കായി ആശുപത്രിയിൽ എത്തി പ്രാർത്ഥിക്കുന്ന വൈദികൻ

കൊറോണ കാലം വന്നതോടുകൂടി ആശുപത്രിയിൽ പോലും പോകാൻ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അങ്ങനെയിരിക്കെ കൊറോണ ബാധിതരായി മരണത്തോട് അടുക്കുന്ന രോഗികൾക്കായി പ്രാർത്ഥിക്കുവാൻ ആശുപത്രിയിൽ എത്താൻ അനുമതി തേടിയ വൈദികൻ ഉണ്ട്. മെക്സിക്കോയിൽ ഹോളി ഫാമിലി ഇടവകയിൽ സേവനം ചെയ്യുന്ന ഫാ. ആൻഡ്രസ് എസ്റ്റെബാൻ ലോപ്പസ് ആണ് കൊറോണ രോഗികൾക്കായി അവസാന നിമിഷവും പ്രാർത്ഥനയുമായി എത്തിയത്.

കൊറോണ വ്യാപിച്ചത് മുതൽ അദ്ദേഹം തന്റെ പൗരോഹിത്യ ശുശ്രൂഷകൾ കുറച്ചു കൂടെ ഊർജ്ജ്വസ്വലമാക്കിയിരുന്നു. ആദ്യം അദ്ദേഹം തുടങ്ങിയത് പ്രതീക്ഷയുടെ ജപമാല എന്ന പ്രാർത്ഥനാ പരിപാടിയായിരുന്നു. ഇടവകക്കാരുടെയും മറ്റു വൈദികരുടെയും സഹായത്തോടെ ഓരോ രോഗികളേയും അവരെ ശുശ്രൂഷക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ഓരോരുത്തർ വീതം ഏറ്റെടുത്തുകൊണ്ട് അവർക്കായി പ്രാർത്ഥിക്കുക എന്നതായിരുന്നു ഈ പ്രാർത്ഥനാ പരിപാടി. ആദ്യം അച്ചൻ തന്നെയാണ് തുടങ്ങിയതെങ്കിലും ഈ പ്രാർത്ഥനയുടെ നല്ല വശം മനസിലാക്കി അനേകം ആളുകൾ പ്രാർത്ഥിക്കാനായി രോഗികളെ ഏറ്റെടുക്കുവാൻ തയ്യാറായി. ഡോക്ടർമാർക്കായി പ്രാർത്ഥിക്കുന്നവർ സന്തോഷത്തിന്റെ രഹസ്യം, നഴ്സുമാർക്കായി പ്രാർത്ഥിക്കുന്നവർ പ്രകാശത്തിന്റെ രഹസ്യം, രോഗികൾക്കും മരിച്ചവർക്കും ആയി പ്രാർത്ഥിക്കുന്നവർ ദുഖത്തിന്റെ രഹസ്യം, ആശുപത്രി അധികൃതർക്കായി പ്രാർത്ഥിക്കുന്നവർ മഹിമയുടെ രഹസ്യം എന്നിങ്ങനെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു പോന്നു. അങ്ങനെ സംഭവം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നതിനിടയിലാണ് ആശുപത്രിയിൽ കൊറോണ ബാധിച്ച് മരണത്തോട് മല്ലിടുന്നവരെ അച്ചൻ ഓർക്കുന്നത്.

രോഗബാധിതരായി മരണമടയുന്നവർ പ്രാർത്ഥനയോ കൂദാശകളോ കിട്ടാതെ മരിക്കുന്നു എന്ന അവസ്ഥ അച്ചനെ വല്ലാതെ വേദനിപ്പിച്ചു. മരണത്തിലേയ്ക്ക് അടുക്കുന്നവർക്ക് പ്രാർത്ഥനയും സഹായവുമായി ആശുപത്രിക്കിടക്കയിലേയ്ക്ക് എത്തുവാൻ അദ്ദേഹം ആഗ്രഹിച്ചു. അധികാരികളോട് സമ്മതം ചോദിച്ചു എങ്കിലും ആദ്യം നിരസിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ആത്മാർത്ഥ ശ്രമത്തിന്റെ ഫലമായി മെക്സിക്കോയിലെ ജനറൽ ആശുപത്രിയിൽ അദ്ദേഹത്തിന് പ്രാർത്ഥനയ്ക്കായി എത്തുവാൻ ഉള്ള അനുമതി ഡോക്ടർമാർ നൽകി. അതായത് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ആശുപത്രിയിൽ പ്രാർത്ഥിക്കാൻ എത്തുന്ന വൈദികൻ ആണ് അദ്ദേഹം ഇപ്പോൾ.

പ്രത്യാശയുടെ ജപമാല തുടങ്ങിയ അവസരത്തിൽ ഒരിക്കൽ കൊറോണ ബാധിതയായ ഒരു സ്ത്രീയെ കുമ്പസാരിപ്പിക്കേണ്ടതായി വന്നു ഈ അച്ചന്. കുമ്പസാരത്തിനു അവരുടെ ആരോഗ്യനില മെച്ചപ്പെടുകയും വളരെ വേഗം സുഖം പ്രാപിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന് വലിയ ഒരു തിരിച്ചറിവാണ് നൽകിയത്. ആശുപത്രിയിൽ ഒറ്റപ്പെട്ടു കഴിയുന്ന പല രോഗികളെയും കുറിച്ച് ദൈവത്തിനു കരുതൽ ഉണ്ടെന്നു മനസിലാക്കിയ അദ്ദേഹം ഈ സംഭവത്തിനു ശേഷം ആണ് രോഗികളായി കിടക്കുന്നവർക്കായി ശുശ്രൂഷ ചെയ്യുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ഒടുവിൽ അദ്ദേഹത്തിനു അത് സാധിക്കുകയും ചെയ്തു. അച്ചൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ കിടക്കുന്ന ആളുകൾക്ക് അരികിലെത്തി. അവർക്കായി പ്രാർത്ഥിച്ചു, കൂദാശകൾ നൽകി. അവരെ നല്ല മരണത്തിനായി ഒരുക്കി. രോഗികളെ മാത്രമല്ല ഡോക്ടർമാർക്കും നഴ്‌സുമാർക്കും ആയി അദ്ദേഹം പ്രാർത്ഥിച്ചു. അത് അവരിൽ വലിയ ഒരു മാനസിക ശക്തി നിറയ്ക്കുകയും ചെയ്തു എന്ന് ആശുപത്രി അധികൃതർ തന്നെ വെളിപ്പെടുത്തുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.