കൊറോണ രോഗികൾക്ക് ആശ്വാസമായി ജീവൻ പണയംവെച്ചും കൂടെ നിൽക്കുന്ന സമർപ്പിതർ  

കൊറോണ വൈറസ് പകർച്ചവ്യാധി സൃഷ്ടിച്ച വേദനകൾക്കും സഹനങ്ങൾക്കുമിടയിൽ ആശ്വാസമാവുകയാണ് ഒരു വൈദികനും കുറച്ചു സിസ്റ്റേഴ്‌സും. അത് എങ്ങനെയാണന്നല്ലേ? കൊറോണ വൈറസ് ബാധിച്ച രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകുവാൻ ഇവർ നേരിട്ടെത്തി. പെറുവിലെ ലിമയിലാണ് സ്വന്തം ജീവന്‍ പോലും പണയംവെച്ചുകൊണ്ടുള്ള സമർപ്പിതരുടെ ഈ ശുശ്രൂഷ.

ഡോസ് ഡി മായോ നാഷണൽ ഹോസ്പിറ്റലിന്റെ ചാപ്ലെയിൻ, ഫാ. മാക്സ് കാൽഡെറോണും നേഴ്സ് ആയി ജോലി ചെയ്യുന്ന വിൻസെന്റ് ഡി പോള്‍ കോണ്‍ഗ്രിഗേഷൻ അംഗങ്ങളായ ആറ് സിസ്റ്റേഴ്‌സും ആണ്  ദിനംപ്രതി തങ്ങളുടെ ജീവൻ പണയപ്പെടുത്തി, ആരോഗ്യ കേന്ദ്രത്തിലെ രോഗികൾക്ക് വിശ്വാസവും പ്രത്യാശയും നൽകുന്നത്. 56 വയസുള്ള ഈ വൈദികന്‍ നെറ്റിയിലും നെഞ്ചിലും കുരിശ് ആലേഖനം ചെയ്ത ഒരു ബയോ സേഫ്റ്റി സ്യൂട്ട് ധരിക്കുകയും ദിവസവും ഒരു കോവിഡ് റൂം സന്ദർശിക്കുകയും ചെയ്യുന്നു. ഓരോ റൂമിലും ആഴ്ചകളോളം തങ്ങളുടെ ഉറ്റവരെ കാണാന്‍ പോലും സാധിക്കാത്ത 20 ഓളം രോഗികൾ കാത്തിരിപ്പുണ്ട്.

ഈ വൈദികൻ 25 വർഷമായി ഈ ആശുപത്രിയുടെ ചാപ്ലയിൻ ആണ്. ഈ പകർച്ചവ്യാധിയുടെ സമയത്ത് ഒരു ദിവസം 20 ലധികം പേരുടെയെങ്കിലും മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റ് 2 വരെ പെറുവിൽ 4,00,000 ത്തിലധികം കൊറോണ കേസുകളും പത്തൊമ്പതിനായിരത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. “വേദനിക്കുന്നവരിൽ ക്രിസ്തുവിന്റെ മുഖമാണ് ഞങ്ങൾ കാണുന്നത്. അതുകൊണ്ടാണ് ഓരോ രോഗികളിലും ഈശോയുടെ മുഖം കണ്ട് ശുശൂഷിക്കുവാൻ ഞങ്ങൾക്കാവുന്നത്.” -നേഴ്‌സായി ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ കാസിമിറ പുണ്ടോ പറയുന്നു.

ഈ സിസ്റ്റേഴ്സ്  24 മണിക്കൂറും സിറ്റി സെന്റർ ആശുപത്രിയിൽ താമസിക്കുന്നു. അതോടൊപ്പം രോഗികൾക്ക് സഹായം നൽകുന്നതിനുള്ള വിവിധ സംരംഭങ്ങളും ആരംഭിച്ചു. സൗജന്യ മെഡിസിൻ കാബിൻ, ആവശ്യമുള്ളവർക്ക് വസ്ത്രങ്ങൾ നൽകുന്ന ബസാർ എന്നിവയാണവ. ഈ സിസ്റ്റേഴ്സിന് രോഗത്തെക്കുറിച്ചുള്ള ഭയമോ ആകുലതയോ ഇല്ല. കാരണം, ഇവർക്ക്  ബയോ സേഫ്റ്റി സ്യൂട്ടുകൾക്കൊപ്പം ദൈവത്തിന്റെ സംരക്ഷണവും കൂട്ടായുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.