രോഗത്തിന് ശരീരത്തെ മാത്രമേ തളര്‍ത്താന്‍ കഴിഞ്ഞുള്ളൂ. മനസ്സിനെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ ഓരോരുത്തര്‍ക്കും ഈ സ്ത്രീ ഒരു പ്രചോദനമാണ്. വിധി അവരെ വീല്‍ ചെയറിലേക്ക് എത്തിച്ചെങ്കിലും അവരുടെ മുന്നിലെ വിശാലമായ ലോകത്തേക്കുള്ള വാതിലുകള്‍ കൊട്ടി അടയ്ക്കാന്‍ ആ വിധിക്ക് കഴിഞ്ഞില്ല. കാല് തളര്‍ന്നു വീല്‍ ചെയറില്‍ ആയിട്ടും പ്രളയബാധിതര്‍ക്ക് തന്റെ വരുമാനത്തില്‍ ഒരു പങ്കു മാറ്റി വെയ്ക്കുകയാണ് പ്രീത. ഇതിനായി സെക്രട്ടറിയറ്റിന്റെ ഒരു കവാടത്തിനടുത്തായി ഒരു ഭാഗത്ത് താന്‍ നിര്‍മ്മിച്ച കരകൌശല വസ്തുക്കളുമായി വില്‍പനയും ആരംഭിച്ചു.
18 വര്‍ഷം മുമ്പ് കാലുകള്‍ തളര്‍ന്നു പോയ ആളാണ് തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ആയ പ്രീത. “അന്ന് ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. ശാസ്ത്രക്രിയയ്ക്കും മറ്റുമായി ഒരുപാട് സഹായങ്ങള്‍,” പ്രീത പറയുന്നു. “ഇത് ആ സഹായം തിരിച്ചു നല്‍കാന്‍ ഉള്ള ഒരു അവസരമാണ്,” പ്രീത പറഞ്ഞു നിര്‍ത്തി.
കാലുകള്‍ തളര്‍ന്നത് കാരണം അവര്‍ ജീവിതം അവസാനിച്ചു എന്ന് വിശ്വസിച്ചില്ല. അവര്‍ ജീവിതത്തോട് പൊരുതി. അമ്മയുടെയും കുടുംബത്തിന്‍റെയും പിന്തുണ ഏറെ പ്രതീക്ഷയായി. വീല്‍ ചെയറില്‍ ഇരുന്ന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് അവര്‍ ചിന്തിച്ചു. യൂട്യൂബിലും മറ്റും നോക്കി മാലകളും കമ്മലും ഒക്കെ ഉണ്ടാക്കാന്‍ ആരംഭിച്ചു. പിന്നെ ചില കരകൌശല വസ്തുക്കളിലേക്കും തിരിഞ്ഞു. പല തരത്തിലുള്ള മാലകള്‍, കമ്മല്‍, പേപ്പറും മറ്റും ഉപയോഗിച്ചുള്ള അലങ്കാര ചെടികള്‍, പേന, സോപ്പുകള്‍, ലോഷനുകള്‍ അങ്ങനെ ഒട്ടേറെ വസ്തുകള്‍ പ്രീത നിര്‍മ്മിക്കുന്നുണ്ട്. അവയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്.
കേരളത്തെ ഒന്നാകെ നടുക്കിയ മഹാപ്രളയം എത്തിയപ്പോഴാണ് തനിക്ക് കഴിയാവുന്ന സഹായം ചെയ്യണം എന്ന് തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. അര ലക്ഷത്തോളം വരുന്ന കരകൗശല വസ്തുക്കളും, അമ്മയുടെയും മറ്റു കുടുംബാംഗങ്ങളുടെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കളും ഒക്കെ തയ്യാറാക്കി തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കുള്ള ഇടത്തേക്ക് എത്തി. സെക്രട്ടറിയെറ്റ് പടിക്കല്‍. ഇവ വിറ്റു കിട്ടുന്ന പണം പ്രളയ ബാധിതര്‍ക്ക് നല്‍കണം എന്ന ലക്ഷ്യവുമായി.