നല്ല മരണത്തിന് ഒരുങ്ങാം, ഈ പ്രാര്‍ത്ഥനയിലൂടെ

ജീവിച്ചിരിക്കുന്ന എല്ലാവര്‍ക്കും, ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് ഉറപ്പുള്ള ഒരു കാര്യമാണ് മരണം. അത് പരമമായ സത്യമായി ഉള്ളില്‍ സൂക്ഷിക്കുന്നുണ്ടെങ്കിലും ആ യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ വളരെ കുറവാണ്. വിശുദ്ധരായി തീര്‍ന്നവരെല്ലാം തന്നെ ഓരോ ദിവസവും മരണത്തിനു വേണ്ടി ഒരുങ്ങിയിരുന്നവരാണ്. മരണക്കിടക്കിയിലേയ്ക്ക് കയറുമ്പോള്‍ മാത്രമല്ല, ആരോഗ്യവും സമ്പത്തും ഉള്ളപ്പോഴും അതിനുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് ആവശ്യമാണ്. അതുകൊണ്ട് ഭൗതികമായ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതു പോലെ തന്നെ നല്ല മരണത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നാം തയ്യാറാവണം.

മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ് മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കുകയായിരുന്നു. വി. യൗസേപ്പിന്റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പാപമോ, ലൗകിക സമ്പത്തോ, സ്ഥാനമാനങ്ങളോ, മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച്, അതും ഒരു സ്‌നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്. അതുകൊണ്ട് നല്ല മരണത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ വി. യൗസേപ്പിനോട് തന്നെയാണ് മാദ്ധ്യസ്ഥ്യം തേടേണ്ടത്. അതിനായുള്ള ഒരു പ്രാര്‍ത്ഥനയാണ് ചുവടെ…

‘ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോമിശിഹായുടെ തൃക്കരങ്ങളില്‍ പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ സമാധാനപൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണസമയത്ത് ഈശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹരായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്റെ സാഹചര്യങ്ങളെയും ലൗകികവസ്തുക്കളോടുള്ള അതിരു കടന്ന സ്‌നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ.’

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രിത്വ.