പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തരാകാം ഈ സങ്കീര്‍ത്തനത്തിലൂടെ

    തകര്‍ന്നുപോകുന്ന തരത്തിലുള്ള സാഹചര്യങ്ങള്‍ നമ്മുടെ ജീവിതങ്ങളില്‍ ഉണ്ടാകാം. ആരും ആശ്വാസം നല്‍കാനില്ലാത്ത, ഒറ്റപ്പെടുന്ന അവസരത്തില്‍ നമ്മുടെ ജീവിതത്തിന്റെ ഭാരങ്ങള്‍ എവിടെയെങ്കിലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പ്രാര്‍ത്ഥനയില്‍ ശക്തിപ്പെടാനും ദൈവത്തില്‍ ആഴപ്പെടാനും സഹായിക്കുന്ന സങ്കീര്‍ത്തനഭാഗം ഇതാ.

    പ്രതിസന്ധികളില്‍ വലയുമ്പോള്‍ നമ്മുടെ ഭാരങ്ങള്‍ താങ്ങാന്‍ നാം അശക്തരാകുമ്പോള്‍ ഈ സങ്കീര്‍ത്തനഭാഗം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കാം.

    സങ്കീര്‍ത്തനം 46: ദൈവം നമ്മോടു കൂടെ

    1. ദൈവമാണ് നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമായ തുണയാണ്.

    2. ഭൂമി ഇളകിയാലും പര്‍വ്വതങ്ങള്‍ സമുദ്രമധ്യത്തില്‍ അടര്‍ന്നുപതിച്ചാലും നാം ഭയപ്പെടുകയില്ല.

    3. ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും അതിന്റെ പ്രകമ്പനം കൊണ്ട പര്‍വ്വതങ്ങള്‍ വിറകൊണ്ടാലും നാം ഭയപ്പെടുകയില്ല.

    4. ദൈവത്തിന്റെ നഗരത്തെ, അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ, സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട്.

    5. ആ നഗരത്തില്‍ ദൈവം വസിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അതിരാവിലെ ദൈവം അതിനെ സഹായിക്കും.

    6. ജനതകള്‍ ക്രോധാവിഷ്ടരാകുന്നു; രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു; അവിടുന്ന് ശബ്ദമുയര്‍ത്തുമ്പോള്‍ ഭൂമി ഉരുകിപ്പോകുന്നു.

    7. സൈന്യങ്ങളുടെ കര്‍ത്താവ് നമ്മോടു കൂടെയുണ്ട് ; യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.

    8. വരുവിന്‍. കര്‍ത്താവിന്റെ പ്രവൃത്തികള്‍ കാണുവിന്‍; അവിടുന്ന് ഭൂമിയെ എങ്ങനെ ശൂന്യമാക്കിയിരിക്കുന്നു എന്ന് കാണുവിന്‍.

    9. അവിടുന്ന് ഭൂമിയുടെ അതിര്‍ത്തിയോളം യുദ്ധമില്ലാതാക്കുന്നു; അവിടുന്ന് വില്ലൊടിക്കുകയും കുന്തം തകര്‍ക്കുകയും ചെയ്യുന്നു; രഥങ്ങളെ അഗ്നിക്കിരയാക്കുന്നു.

    10. ശാന്തമാകുക. ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്.

    11. സൈന്യങ്ങളുടെ കര്‍ത്താവ് നമ്മോടു കൂടെയുണ്ട്; യാക്കോബിന്റെ ദൈവമാണ് നമ്മുടെ അഭയം.