വിശുദ്ധ ജലം ഉപയോഗിക്കുമ്പോൾ ചൊല്ലാം ഈ പ്രാർത്ഥന

വിശുദ്ധ ജലം നമ്മെ വിശുദ്ധീകരിക്കുന്ന ഒന്നാണ്. വെഞ്ചരിച്ച വെള്ളത്തിന്റെ പ്രാധാന്യം അറിയാവുന്നതിനാൽ തന്നെ നമ്മിൽപലരും നമ്മെ തന്നെ ആശീർവദിക്കുവാൻ വിശുദ്ധജലം ഉപയോഗിക്കുന്നു. പള്ളിയിലും മറ്റും വച്ചിരിക്കുന്ന വിശുദ്ധ ജലവും മറ്റും നാം നെറ്റിയിൽ തൂത്ത് പ്രാർത്ഥിക്കാറുണ്ട്.

വിശുദ്ധ ജലം ഉപയോഗിച്ച് കുരിശിന്റെ അടയാളം വരയ്ക്കുന്നത് ഏറ്റവും ഭക്തിയോടെ വേണം. കാരണം അത് ഒരു പ്രാർത്ഥനയാണ്. നാം പരിശുദ്ധ ത്രീത്വത്തിന്റെ വലിയ സംരക്ഷണവും കൃപയും ആവശ്യപ്പെടുകയാണ്. സ്വയം കുരിശുവരച്ച് വെഞ്ചരിച്ച വെള്ളം ഉപയോഗിച്ച് പ്രാർത്ഥിക്കുമ്പോൾ എന്ത് പ്രാർത്ഥിക്കണം എന്ന് പലപ്പോഴും നമുക്ക് അറിയില്ല. ഇത്തരം സാഹചര്യങ്ങളിൽ പ്രാർത്ഥിക്കാൻ ഒരു പ്രാർത്ഥന വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്.
അൻപത്തി ഒന്നാം സങ്കീർത്തനത്തിൽ നിന്ന് എടുത്തിരിക്കുന്ന ഈ പ്രാർത്ഥന നമുക്കും പ്രാർത്ഥിക്കാം…

” കർത്താവേ, എന്നെ ഹിസോപ്പുപയോഗിച്ച് തളിക്കേണമേ; ഞാൻ ശുദ്ധീകരിക്കപ്പെടും. എന്നെ കഴുകുക, ഞാൻ മഞ്ഞിനെക്കാൾ വെളുത്തവനാകും. ദൈവമേ, ശുദ്ധമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കുക, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ.” ആമ്മേൻ

ക്രിസ്തീയ ദൈവശാസ്ത്രത്തിൽ വെള്ളം എപ്പോഴും ശുദ്ധീകരണത്തിനുള്ള ഒരു മാർഗമായി കണക്കാക്കുന്നു. അതിനാൽ വിശുദ്ധ ജലം ഉപയോഗിക്കുമ്പോഴെല്ലാം നമ്മെ ശുദ്ധീകരിക്കണമേ എന്ന് ദൈവത്തോട് ആത്മാർത്ഥമായി അപേക്ഷിക്കണം. അപ്പോൾ ദൈവം നമ്മെ വിശുദ്ധീകരിക്കും. വെണ്മയുള്ളവരാക്കി മാറ്റും