പാഠം 28: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ.

പാദുവായിലെ വി. അന്തോണീസിന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം ഇപ്രകാരമാണ്. ദിവ്യകാരുണ്യത്തില്‍ ദൈവത്തിന്റെ സാന്നിധ്യമില്ലാ എന്നു വാദിക്കുന്ന ഒരു വ്യക്തി ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. വി. അന്തോണീസിനെ വെല്ലുവിളിച്ചു കൊണ്ട് അദ്ദേഹം തന്‍റെ കഴുതയെ ഏറെ നാള്‍ ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിടുകയും അതിനുശേഷം ദൈവാലയത്തിലേയ്ക്ക് കൊണ്ടുവന്ന് ആ കഴുതയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഒരു വശത്ത് വയ്ക്കുന്നു. വി. അന്തോണീസ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ട് ആ കഴുതയുടെ അടുക്കലേയ്ക്ക് വരികയാണ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ നിന്ന ആ കഴുത, തന്‍റെ ഇഷ്ടഭക്ഷണം ഉപേക്ഷിച്ച് ദിവ്യകാരുണ്യത്തിന്റെ അടുക്കലേയ്ക് ചെന്ന് അതിനെ മുട്ടുകുത്തി വണങ്ങുന്നതായി ചരിത്രത്തില്‍ നാം വായിക്കുന്നു.

നമുക്ക് ആ കഴുതയെപ്പോലെ ദിവ്യകാരുണ്യത്തിലെ ദൈവത്തോട് വിശപ്പ് തോന്നാറുണ്ടോ..? ആ അപ്പത്തിലിരിക്കുന്നത് എന്റെ സൃഷ്ടാവായ ദൈവമാണെന്ന് തിരിച്ചറിവുണ്ടായിക്കഴിയുമ്പോള്‍ അവനോടൊപ്പം ആയിരിക്കുവാന്‍ അവന്റെ അടുക്കലേയ്ക്ക് ചെല്ലുവാനുള്ള ഒരു വിശപ്പ് നമുക്ക് തോന്നാറുണ്ടോ..?

നമുക്ക് പല തരത്തിലുള്ള വിശപ്പ് സാധാരണയായി തോന്നാം. ഭക്ഷണത്തോടുള്ള വിശപ്പ്, പണത്തോടുള്ള വിശപ്പ്, അധികാരത്തോടുള്ള വിശപ്പ് ഒക്കെ നമുക്ക് തോന്നാറുണ്ട്. എന്നാല്‍, ദിവ്യകാരുണ്യത്തോട്, വിശുദ്ധ കുർബാനയോടുള്ള വിശപ്പ് തോന്നുവാന്‍ ദൈവം കൃപ തരട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമേന്‍.