പാപ്പയുടെ നോമ്പ് സന്ദേശം 22 – ദൈവം നമ്മെ കണ്ടെത്തുന്ന സമയം 

ഏറ്റവുമൊടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി  (1 കോറിന്തോസ് : 15:8)

പൗലോസിന്റെ ചരിത്രം വളരെ നാടകീയമായിരുന്നു. സ്വന്തം വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ട് സഭയെ പീഡിപ്പിച്ചിരുന്ന വ്യക്തി. ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, ജീവിതത്തില്‍ വിജയിച്ച മനുഷ്യനാണ് താനെന്ന ബോധ്യം കൊണ്ടുനടന്നിരുന്നയാള്‍. എന്നാല്‍ ഒരു ദിവസം വളരെ അപ്രതീക്ഷിതമായ ഒന്ന് അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചു. ദമാസ്‌കസിലേയ്ക്കുള്ള യാത്രയില്‍ യേശുവുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ഒരു വ്യക്തിയുടെ കുതിരപ്പുറത്തുനിന്നുള്ള വീഴ്ച മാത്രമല്ല അന്നവിടെ നടന്നത്. മറിച്ച്, ഒരു വ്യക്തിയുടെ ജീവിതം പാടെ മാറിമറിയുന്ന സംഭവമായിരുന്നു അത്. അങ്ങനെ സഭയെ പീഡിപ്പിച്ചുകൊണ്ടിരുന്ന വ്യക്തി സഭയുടെ അപ്പസ്‌തോലനായി. കാരണം, ജീവിക്കുന്ന ക്രിസ്തുവിനെ അവന്‍ കണ്ടു. പൗലോസിന്റെയും മറ്റ് അപ്പസ്‌തോലന്മാരുടെയും ലോകത്തെ മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസത്തിന്റെ അടിത്തറയും അതായിരുന്നു. എത്ര മനോഹരമായ ഒരവസ്ഥയാണെന്ന് നോക്കൂ.. കാരണം, ദൈവത്തിനായി നാം തിരയുകയല്ല ചെയ്തത്, മറിച്ച് നമ്മെ ദൈവം തേടിവരുന്ന അവസ്ഥ. ക്രിസ്തു നമ്മെ ഏറ്റെടുത്തു, നമ്മെ സ്വീകരിച്ചു, ഒരിക്കലും നഷ്ടപ്പെട്ട് പോവാത്തവിധം നമ്മില്‍ വിജയം നേടുകയും ചെയ്തു.

അങ്ങനെനോക്കുമ്പോള്‍ ക്രൈസ്തവന്‍ എന്നത് ഒരു കൃപയാണ്. ഇക്കാരണത്താല്‍ യുക്തിസഹജമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ക്രിസ്തീയതയിലെ അത്ഭുതങ്ങളും സന്തോഷവും പൂര്‍ണമായി അനുഭവിക്കാന്‍ സാധിക്കില്ല. യേശുവുമായുള്ള കൂടിക്കാഴ്ചയിലേ ആ സന്തോഷവും വിസ്മയവും അനുഭവിക്കാനും സാധിക്കുകയുള്ളു. അതുകൊണ്ട് ഈ നോമ്പുകാലത്ത് നമുക്ക് ചിന്തിക്കാം…ദൈവം എന്നെ തേടിവരുന്നെന്നും കണ്ടെത്തുന്നുവെന്നും എനിക്ക് കൂടുതല്‍ അനുഭവപ്പെട്ട അവസരങ്ങളേതൊക്കെയാണെന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.