മെയ് മാസത്തിലെ മാര്‍പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം, ആഫ്രിക്കയിലെ സഭയ്ക്കു വേണ്ടി

2019 മെയ് മാസത്തിലെ തന്റെ പ്രാര്‍ത്ഥനാ നിയോഗം ആഫ്രിക്കയിലെ സഭയ്ക്കു വേണ്ടിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭാമാതാവിന്റെ അവിടെയുള്ള മക്കള്‍ തമ്മില്‍ ഐക്യം രൂപപ്പെടുന്നതിനും ആ ഭൂഖണ്ഡത്തിന്റെ തന്നെ പ്രത്യാശയുടെ പ്രതീകമാകാന്‍ സഭയ്ക്ക് സാധിക്കുന്നതിനും വേണ്ടിയാണ് പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ മാസത്തെയും തന്റെ പ്രാര്‍ത്ഥനാ നിയോഗം വീഡിയോ സന്ദേശത്തിലൂടെ പാപ്പാ പ്രസിദ്ധപ്പെടുത്താറുണ്ട്. ഈ മാസത്തിലെ അദ്ദേഹത്തിന്റെ സന്ദേശത്തില്‍ പറയുന്നതിങ്ങനെ: ‘നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശത്തിലൂടെ ആഫ്രിക്കയില്‍ നിലവിലുള്ള വംശീയവും ഭാഷാപരവും ഗോത്രപരവുമായ വ്യത്യാസങ്ങളെ മറികടക്കാനാവും. ആഫ്രിക്കയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന വൈദികരെയും സന്യസ്തരെയും സമര്‍പ്പിതരെയും മിഷനറിമാരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു, അവരുടെ സേവനങ്ങള്‍ക്ക് നന്ദി പറയുന്നു. അംഗങ്ങളുടെ സമര്‍പ്പണ മനോഭാവത്താല്‍ ആഫ്രിക്കന്‍ ദേശത്ത് പ്രത്യാശയുടെയും ഐക്യത്തിന്റെയും വിത്ത് പാകാന്‍ സാധിക്കുന്നതിനു വേണ്ടിയാകട്ടെ, ഈ മാസത്തെ നമ്മുടെ പ്രാര്‍ത്ഥനകള്‍.’