മറിയം ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ച വി. കുർബാനയിൽ ഫ്രാൻസീസ് പാപ്പ നടത്തിയ വചന സന്ദേശം

ഫാ. ജയ്സൺ കുന്നേൽ 

തിരുക്കുടുംബ (ഹോളിഫാമിലി) സന്യാസിനീ സമൂഹത്തിന്‍റെ സ്ഥാപകയായ മദർ മറിയം ത്രേസ്യ, കർദിനാൾ ഹെന്‍‌റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരെ വിശുദ്ധരായി പ്രഖ്യാപിച്ച വിശുദ്ധ കുർബാനയിൽ ഫ്രാൻസീസ് പാപ്പ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ വചന പ്രഘോഷണത്തിന്റെ സ്വതന്ത്ര വിവർത്തനം.

നിന്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു(ലൂക്കാ 17:19). വിശ്വാസത്തിന്റെ യാത്രയെ പ്രതിഫലിപ്പിക്കുന്ന ഇന്നത്തെ സവിശേഷ ഭാഗത്തിന്റെ പരകോടിയാണിത്. വിശ്വാസത്തിന്റെ ഈ യാത്രയിൽ മൂന്നു പടികളാണു ഉള്ളത്. യേശു സൗഖ്യപ്പെടുത്തിയ കുഷ്ഠരോഗികളുടെ പ്രവർത്തികളിൽ ഇവ മൂന്നും നാം ദർശിക്കുന്നു. 1. അവർ നിലവിളിക്കുന്നു, 2. അവർ നടക്കുന്നു, 3. അവർ നന്ദി അർപ്പിക്കുന്നു.

നിലവിളിക്കുന്നു

ഒന്നാമതായി അവർ നിലവിളിക്കുന്നു. കുഷ്ഠരോഗികൾ ഭയാനകമായ ഒരു അവസ്ഥയിലായിരുന്നു. ഒരു രോഗാവസ്ഥ കൊണ്ടു മാത്രമായിരുന്നില്ല അത്.  സമൂഹത്തിൽ നിന്നു അവരെ പുറത്താക്കിയിരുന്നതിനാൽ അചഞ്ചമായ പരിശ്രമത്താൽ അവർ നിരന്തരം പോരാടണമായിരുന്നു. യേശുവിന്റെ കാലത്തു കുഷ്ഠരോഗികളെ അശുദ്ധരായി കണ്ടിരുന്നതിനാൽ അവരെ ഒറ്റപ്പെടുത്തുകയും വേർപെടുത്തുകയും ചെയ്തിരുന്നു (ലേവ്യർ 13:46). കുഷ്ഠരോഗികൾ യേശുവിനെ സമീപിക്കുമ്പോൾ അവർ  “അകലം പാലിച്ചിരുന്നതായി” (ലൂക്കാ 17:12) നാം കാണുന്നു. അവരുടെ അവസ്ഥ അവരെ അകലെ നിർത്തിയെങ്കിലും “അവര്‍ സ്വരമുയര്‍ത്തി യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ എന്ന്‌ അപേക്‌ഷിച്ചു” (ലൂക്കാ 17:13) എന്നു നമ്മൾ സുവിശേഷത്തിൽ കാണുന്നു. സമൂഹം അവരെ അകറ്റി നിർത്തിയിട്ടും സ്വയം തളർന്നു പോകാൻ അവർ അവരെ സ്വയം അനുവദിച്ചില്ല. ആരെയും ഒഴിവാക്കാത്ത ദൈവത്തോടു അവർ നിലവിളിച്ചപേക്ഷിച്ചു.

അകൽച്ചകൾ എങ്ങനെ ചെറുതാകുന്നുവെന്നും എകാന്തത എങ്ങനെ തരണം ചെയ്യുന്നു എന്നും സുവിശേഷത്തിൽ നാം കാണുന്നു. നമ്മളെത്തന്നെയും നമ്മുടെ പ്രശ്നങ്ങളേയും നമ്മിൽത്തന്നെ അടയ്ക്കപ്പെടാതിരുന്നാൽ, മറ്റുള്ളവർ നമ്മളെ എങ്ങനെ വിധിക്കുന്നു എന്നു ചിന്തിക്കാതിരുന്നാൽ, തന്നെ ഒറ്റപ്പെട്ടു പോകുന്നവന്റെ നിലവിളി കേൾക്കുന്ന ദൈവത്തെ നിലവിളിച്ചപേക്ഷിച്ചാൽ അകൽച്ചകളും എകാന്തതയും മാറുമെന്നു സുവിശേഷം പഠിപ്പിക്കുന്നു. ആ കുഷ്ഠരോഗികളെപ്പോലെ നമുക്കൊരോരുത്തർക്കും സൗഖ്യം ആവശ്യമുണ്ട്. നമ്മുടെ ജീവിതത്തിലും നമ്മുടെ ഭാവിയിലും നമ്മളിൽത്തന്നെയും അനുഭവപ്പെടുന്ന ആത്മവിശ്വാസമില്ലായ്മയിൽ നിന്നു നമുക്കു സൗഖ്യം ആവശ്യമാണ്. നമ്മളെ അടിമപ്പെടുത്തുന്ന ഭയങ്ങളിൽ നിന്നും തിന്മകളിൽ നിന്നും സൗഖ്യം ആവശ്യമുണ്ട്. നമ്മുടെ അന്തര്‍മ്മുഖത,  ചാപല്യങ്ങൾ എന്നിവയിൽ നിന്നും, ധനം, ടെലിവിഷൻ, മൊബൈൽ ഫോൺ, ഗെയിമുകൾ എന്നിവയോടുള്ള ആസക്തികളിൽ നിന്നും, മറ്റു മനുഷ്യർ എന്തു ചിന്തിക്കും എന്നതിൽ നിന്നും നമുക്കു മോചനം നേടേണ്ടതുണ്ട്.

ദൈവം നമ്മുടെ ഹൃദയങ്ങളെ സ്വതന്ത്രമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യും. “ദൈവമേ എന്നെ സുഖപ്പെടുത്താൻ നിനക്കു കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. പ്രിയ യേശുവേ, എന്നിൽത്തന്നെ കെട്ടപ്പെടുന്ന അവസ്ഥയിൽ നിന്നു എനിക്കു സൗഖ്യം തൽകണമേ. തിന്മയിൽ നിന്നും ഭയത്തിൽ നിന്നും എന്നെ മോചിപ്പിക്കണമേ” എന്നു നമ്മൾ അവനോടു പറയുകയും അപേക്ഷിച്ചാലും മാത്രമേ അതു സാധ്യമാവുകയുള്ളു. ഈ സുവിശേഷത്തിൽ ആദ്യമായി യേശുവിനെ പേരു വിളിച്ചു അപേക്ഷിക്കുന്നതു കുഷ്ഠരോഗികളാണ്. പിന്നീടു അന്ധനായ മനുഷ്യനും യേശുവിനൊപ്പം കുരിശിൽ തറയ്ക്കപ്പെട്ട നല്ലകള്ളനും അങ്ങനെ പറയുകയും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യക്കാരായ അവരെല്ലാം യേശു – “ദൈവം രക്ഷിക്കുന്നു” – എന്ന പേരു വിളിച്ചപേക്ഷിക്കുന്നു. അവർ ദൈവത്തെ പരസ്യമായും സ്വമേധയും പേരു ചൊല്ലി വിളിക്കുന്നു.

ആരെ എങ്കിലും പേരു ചൊല്ലി വിളിക്കുക എന്നതു ആത്മവിശ്വാസത്തിന്റെ അടയാളമാണ് ദൈവത്തിനു അതു ഇഷ്ടപ്പെടുകയും ചെയ്യുന്നു. വിശ്വാസം വളരുന്നതു ഇങ്ങനെയാണ്, ആത്മവിശ്വാസവും പ്രത്യാശയുമുള്ള പ്രാർത്ഥനയിലൂടെ. തുറന്ന ഹൃദയത്തോടും നമ്മുടെ സഹനങ്ങളെ മറയ്ക്കാൻ പരിശ്രമിക്കാതെയും  യേശുവിന്റെ അടുക്കൽ നാം ആയിരിക്കുന്ന അവസ്ഥയിൽ നമ്മളെത്തന്നെ സമർപ്പിക്കുന്ന പ്രാർത്ഥനയിലൂടെ.

ഓരോ ദിവസവും ആത്മവിശ്വാസത്തോടെ യേശു നാമത്തെ നമുക്കു വിളിച്ചപേക്ഷിക്കാം. “ദൈവം രക്ഷിക്കുന്നു” അതു നമുക്കാവർത്തിക്കാം, അതൊരു പ്രാർത്ഥനയാണ്. പ്രാർത്ഥന നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ്. പ്രാർത്ഥന വിശ്വാസത്തിന്റെ വാതിലും ഹൃദയത്തിന്റെ ഔഷധവുമാണ്.

നടക്കുന്നു

വിശ്വാസത്തിന്റെ രണ്ടാമത്തെ ഘട്ടം നടക്കുകയാണ്. ഇന്നത്തെ ചെറിയ സുവിശേഷ ഭാഗത്തു ചലനത്തെ സൂചിപ്പിക്കുന്ന നിരവധി ക്രിയകളുണ്ട്. യേശുവിന്റെ മുമ്പിൽ നിന്നപ്പോഴല്ല കുഷ്ഠരോഗികൾ സുഖപ്പെട്ടതു എന്നതു തികച്ചും ശ്രദ്ധേയമാണ്. സൗഖ്യം സംഭവിക്കുന്നതു അതിനുശേഷം അവർ നടക്കുമ്പോഴാണ്. വചനം നമ്മോടു പറയുന്നു, “പോകുംവഴി അവര്‍ സുഖം പ്രാപിച്ചു”(ലൂക്കാ 17:14). ജറുസലേമിലേക്കു പോകും വഴിയാണ് അവർ സൗഖ്യമാക്കപ്പെട്ടത്, അതായതു മുകളിലേക്കു നടക്കുമ്പോൾ. ജീവിതയാത്രയിൽ ശുദ്ധീകരണം സംഭവിക്കുക പോകുന്ന വഴികളിലാണ്. പലപ്പോഴും അതു ഉയരങ്ങളിലേക്കു നയിക്കുന്ന മുകളിലേക്കുള്ള യാത്രയിലാണ്.

നമ്മളിൽ നിന്നു തന്നെ പുറത്തുപോകാനുള്ള ഒരു യാത്രയ്ക്കാണു വിശ്വാസം നമ്മെ വിളിക്കുക. നമുക്കു സുരക്ഷിതത്വം നൽകുന്ന ഉറപ്പുകളും, സ്വസ്ഥത നൽകുന്ന തീരവും സുഖകരമായ വലകളും ഉപേക്ഷിക്കാൻ തയ്യാറായാൽ വിശ്വാസം നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും. നൽകുന്നതു വഴിയാണ് വിശ്വാസം വർദ്ധിക്കുക. അതു വളരുന്നതു റിസ്ക് എടുക്കുന്നതിലൂടെയുമാണ്. ദൈവത്തിൽ  ശരണപ്പെട്ടുകൊണ്ടു നമ്മുടെ വഴികളെ സജ്ജമാക്കുമ്പോൾ വിശ്വാസം പുരോഗമിക്കുന്നു. കുഷ്ഠരോഗികൾ നടക്കാൻ തയ്യാറായതു പോലെയും ആദ്യ വായനയിൽ നാം ശ്രവിച്ച നാമൻ ജോർദ്ദാൻ നദിയിൽ കുളിക്കാൻ സന്നദ്ധനായതുപോലെയും (2 രാജാക്കന്മാർ 5:14-17), ലളിതവും പ്രായോഗികവുമായ  പടികളിലൂടെ വിശ്വാസം അഭിവൃദ്ധിപ്പെടും. ഇതു നമ്മുടെ കാര്യത്തിലും ശരിയാണ്.

ലളിതവും പ്രായോഗികവുമായ സ്നേഹത്തിലൂടെ, അനുദിനം ക്ഷമ പരിശീലിക്കുന്നതിലുടെ, നമ്മുടെ ജീവിതയാത്രയിൽ നിരന്തരം യേശുവിനോടു പ്രാർത്ഥിക്കുന്നതിലൂടെ നമ്മളും വിശ്വാസത്തിൽ പുരോഗതി പ്രാപിക്കുന്നു.  കുഷ്ഠരോഗികളുടെ യാത്രയുടെ മറ്റൊരു സവിശേഷത അവർ ഒന്നിച്ചു യാത്ര ചെയ്തു എന്നതാണ്. സുവിശേഷം പറയുന്നു “പോകുംവഴി അവര്‍ സുഖം പ്രാപിച്ചു”(ലൂക്കാ 17: 14). അവർ എന്ന ബഹുവചന രൂപമാണു ഉപയോഗിച്ചിരിക്കുന്നത്. വിശ്വാസം എന്നത് ഒരുമിച്ചു നടക്കലാണ് അതൊരിക്കലും തനിച്ചല്ല. എന്നിരുന്നാലും സുഖപ്പെട്ടപ്പോൾ ഒൻപതുപേർ അവരുടെ വഴിയെ പോകുന്നു. ഒരുവൻ മാത്രം നന്ദി പറയാനായി മടങ്ങിവരുന്നു. യേശു അപ്പോൾ തന്റെ ആശ്ചര്യം അവിടെ  പ്രകടമാക്കുന്നു:  “പത്തുപേരല്ലേ സുഖപ്പെട്ടത്‌? ബാക്കി ഒന്‍പതു പേര്‍ എവിടെ?” (ലൂക്കാ 17: 17). തിരിച്ചു വന്ന ഒരുവനോടു മറ്റു ഒൻപതു പേരുടെ കാര്യം ചോദിക്കുന്നതുപോലെയാണിത്.

നന്ദി പ്രകടനമായി വിശുദ്ധ കുർബാന ആഘോഷിക്കുന്ന നമ്മുടെ കര്‍ത്തവ്യമാണ്  യാത്ര നിർത്തിയവരെയും, വഴി നഷ്ടപ്പെടുത്തിയവരെയും സംരക്ഷിക്കുക എന്നത് . അകലെയുള്ള നമ്മുടെ സഹോദരി സഹോദരന്മാരുടെ കാവൽക്കാരനാകാനാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. അവർക്കു വേണ്ടി നമ്മൾ മദ്ധ്യസ്ഥം വഹിക്കണം, നമുക്കു അവരോടു ഉത്തരവാദിത്വമുണ്ട്. കടപ്പാടുണ്ട്. അവരെ നമ്മുടെ ഹൃദയത്തോടു ചേർത്തു നിർത്തണം. നിങ്ങൾക്കു വിശ്വാസത്തിൽ വളരണോ? എങ്കിൽ അകലെയുള്ള ഒരു സഹോദരന്റെ വിദൂരതയിലുള്ള ഒരു സഹോദരിയുടെ കാര്യം ശ്രദ്ധിക്കുക.

നന്ദി അർപ്പിക്കുക

നന്ദി അർപ്പിക്കുക ഇതാണ് അവസാനത്തെ പടി. നന്ദി അർപ്പിച്ച ഒരുവനോടു മാത്രമായി യേശു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (ലൂക്കാ 17: 19). ഇതു അവനെ സുരക്ഷിതനും ആരോഗ്യമുള്ളവനും ആക്കിയിരിക്കുന്നു.    ആത്യന്തികമായ ലക്ഷ്യം ആരോഗ്യമോ അഭിവൃദ്ധിയോ അല്ല മറിച്ചു യേശുവുമായുള്ള സമാഗമമാണ്. രക്ഷയെന്നാൽ ശാരീരിക ക്ഷമത നിലനിർത്താൻ ഒരു ഗ്ലാസു വെള്ളം കുടിക്കലല്ല; ഉറവിടമായ യേശുവിലേക്കുള്ള തിരിച്ചുവരവാണ്.  അവനു മാത്രമേ തിന്മയിൽ നിന്നു നമ്മളെ സ്വതന്ത്രരാക്കാനും ഹൃദയങ്ങൾക്കു സൗഖ്യം നൽകാനും കഴിയുകയുള്ളു. അവനുമായുള്ള കൂടിക്കാഴ്ചക്കു മാത്രമേ നമ്മളെ രക്ഷിക്കാനും നമ്മുടെ ജീവിതങ്ങളെ മനോഹരവും സമൃദ്ധിയുള്ളതാക്കാനും കഴിയു. യേശുവിനെ ഓരോ തവണ നമ്മൾ കണ്ടുമുട്ടുമ്പോഴും “നന്ദി” എന്ന വാക്കു നമ്മുടെ അധരങ്ങളിൽ ഉടനെ വരുന്നു, കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ കണ്ടെത്തിയിരിക്കുന്നു, അതു ഒരു കൃപാ സ്വീകരണമോ ഒരു പ്രശ്നത്തിനുള്ള പരിഹാരമോ അല്ല; അതു ജീവന്റെ നാഥനെ ആശ്ലേഷിക്കലാണ്.

സുഖമാക്കപ്പെട്ട സമരിയാക്കാരൻ എങ്ങനെ അവന്റെ സന്തോഷം പ്രകടിപ്പിക്കുന്നു എന്നതു ഹൃദയകാരിയായ ഒരു സംഭവമാണ്: അവൻ ഉച്ചത്തില്‍ ദൈവത്തെ സ്‌തുതിക്കുന്നു, അവന്‍ യേശുവിന്റെ കാല്‍ക്കല്‍ സാഷ്‌ടാംഗം പ്രണമിക്കുന്നു, നന്ദി പറയുന്നു (ലൂക്കാ 17:15-16). വിശ്വാസ ജീവിതത്തിന്റെ ഉച്ചസ്ഥാനം നിരന്തരം നന്ദി പ്രകാശനത്തിന്റെ ഒരു ജീവിതം നയിക്കുക എന്നതാണ്. നമുക്കു നമ്മോടു തന്നെ ചോദിക്കാം: വിശ്വസിക്കുന്ന ജനങ്ങൾ എന്ന നിലയിൽ ഓരോ ദിവസവും നമ്മൾ ഭാരത്തോടേയാണോ അഥവാ ഒരു സ്തുതി കീർത്തനമായാണോ ജീവിക്കുക? നമ്മൾ  നമ്മളിൽത്തന്നെ ബന്ധിതരാണോ? മറ്റൊരു അനുഗ്രഹം യാചിക്കാൻ കാത്തിരിക്കുകയാണോ? അല്ലങ്കിൽ നന്ദി അർപ്പിക്കുന്നതിൽ നമ്മൾ സന്തുഷ്ടരാണോ?

നമ്മൾ കൃതജ്ഞത പ്രകടിപ്പിക്കുമ്പോൾ ദൈവ പിതാവിന്റെ ഹൃദയം നിറയുകയും പരിശുദ്ധാത്മാവിനെ നമ്മിലേക്കു വർഷിക്കുകയും ചെയ്യും. നന്ദി പ്രകാശിപ്പിക്കുക എന്നതു നല്ല പെരുമാറ്റത്തിന്റെ ലക്ഷണം മാത്രമല്ല അതു വിശ്വാസത്തിന്റെ വലിയ പ്രകടനമാണ്. നന്ദിയുള്ള ഹൃദയം എപ്പോഴും യൗവ്വനം കാത്തു സൂക്ഷിക്കും. നമ്മൾ  നിദ്ര വിട്ടു എഴുന്നേൽക്കുമ്പോഴും ദിവസത്തിലുടനീളവും ഉറങ്ങാൻ പോകുന്നതിനു മുമ്പും “ദൈവമേ നിനക്കു നന്ദി” എന്നു പറയുന്നതാണ് നമ്മുടെ ഹൃദയം യൗവ്വനമായി സൂക്ഷിക്കാനുള്ള ഏറ്റവും ഏളുപ്പ വഴി. കുടുബങ്ങളിലും ദമ്പതിമാരുടെ ഇടയിലും ഇതു തന്നെ പാലിക്കുക. നന്ദി പറയാൻ ഓർക്കുക. നന്ദി ഏറ്റവും ലളിതവും ഏറ്റവും ഫലദായകവുമായ വാക്കാണ്.

ഇന്നു പുതിയ വിശുദ്ധരെ ഓർത്തു നമ്മൾ ദൈവത്തിനു നന്ദി പറയുന്നു. അവർ വിശ്വാസത്തിൽ നടന്നു, ഇപ്പോൾ നമ്മൾ അവരുടെ മദ്ധ്യസ്ഥത അപേക്ഷിക്കുന്നു. അവരിൽ മൂന്നുപേർ സന്യാസിനികളാണ്. ലോകത്തിലെ അസ്‌തിത്വപരമായ  അതിരുകളിലൂടെയുള്ള സ്നേഹത്തിന്റെ യാത്രയാണ് സമർപ്പണ ജീവിതമെന്നു അവർ കാണിക്കുന്നു.

എന്നാൽ വിശുദ്ധ മാർഗിരിറ്റ ബേയ്സ ഒരു തുന്നൽക്കാരിയായിരുന്നു. അവൾ എളിയ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു ക്ഷമിക്കുന്നതിനെക്കുറിച്ചു നിശബ്ദമായ  നൽകലിനെക്കുറിച്ചു നമ്മോടു സംസാരിക്കുന്നു. ഉത്ഥാനത്തിന്റെ പ്രഭ  പ്രസരിപ്പിക്കാൻ ദൈവം അവളുടെ ജീവിതത്തെ ഒരുക്കിയതു അങ്ങനെയാണ്.

ഇങ്ങനെയുള്ള ജീവിത പരിശുദ്ധിയെക്കുറിച്ചാണു വിശുദ്ധ ഹെന്‍‌റി ന്യൂമാൻ പറഞ്ഞിരിക്കുന്നത്. “ക്രൈസ്തവനു ലോകത്തിനു കാണാൻ കഴിയാത്ത അഗാധമായ, നിശബ്ദമായ, മറഞ്ഞിരിക്കുന്ന ഒരു സമാധാനമുണ്ട് … ഒരു ക്രൈസ്തവൻ സംതൃപ്‌തനാണ്, സ്വസ്ഥനാണ്, ദയാലുവാണ്, മാന്യനാണ്, ഉപചാരശീലമുള്ളവനാണ്, തുറവിയുള്ളവനാണ്, അഹങ്കാരമില്ലാത്തവനാണ്, കപടതയില്ലാത്തവനാണ്… വളരെ ചെറുതും അസാധാരണവും അല്ലങ്കിൽ ആകര്‍ഷിക്കുന്നതുമായ അവന്റെ  പെരുമാറ്റത്തിൽ, ആദ്യ നോട്ടത്തിൽത്തന്നെ അവനെ ഒരു സാധാരണ മനുഷ്യനായി തോന്നിയേക്കാം” (Parochial and Plain Sermons, V, 5).

മ്ലാനത വളയം തീർക്കുന്നതിനിടയിൽ “സ്വാന്തന പ്രകാശ”ത്തെപ്പോലെയാകാൻ നമുക്കു പ്രാർത്ഥിക്കാം: “ഈശോയെ, എന്നോടൊത്തു വസിക്കണമേ, എങ്കിൽ  നീ പ്രകാശിക്കുന്നതു പോലെ പ്രകാശിക്കാൻ ഞാൻ ആരംഭിക്കും. മറ്റുള്ളവർക്കും വെളിച്ചമായി പ്രകാശിക്കുന്നതുപോലെ” (Meditations on Christian Doctrine, VII, 3). ആമ്മേൻ .

ഫാ. ജയ്സൺ കുന്നേൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ