ഉത്തര മാസിഡോണിയയിലെ ജനങ്ങള്‍ക്ക് പാപ്പായുടെ വീഡിയോ സന്ദേശം

സമാഗമ സംസ്കൃതിയും സാഹോദര്യ സംസ്കൃതിയും യൂറോപ്പിലും ലോകമഖിലവും ഊട്ടിവളര്‍ത്തേണ്ടത് എന്നത്തെക്കാളുമുപരി ഇന്ന് അനിവാര്യമാണെന്ന് മാര്‍പ്പാപ്പാ. തന്‍റെ ഇരുപത്തിയൊൻപതാം വിദേശ അപ്പസ്തോലിക ഇടയസന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന രണ്ട് ബാള്‍ക്കന്‍ നാടുകളിലൊന്നും ഈ ഇടയസന്ദര്‍ശനത്തിലെ രണ്ടാമത്തെ വേദിയുമായ ഉത്തര മാസിഡോണിയായിലെ ജനങ്ങള്‍ക്ക് ശനിയാഴ്ച നല്കിയ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ ആവശ്യകത ഊന്നിപ്പറഞ്ഞിരിക്കുന്നത്.

വാസ്തവത്തില്‍ അന്നാടിന്‍റെ സവിശേഷമായ മുഖസൗന്ദര്യം തന്നെ അന്നാട്ടിലെ നിവാസികളുടെ സാംസ്കാരിക-മത-വര്‍ഗ്ഗ-വൈവിധ്യത്തിന്‍റെ ഫലമാണെന്ന വസ്തുതയും പാപ്പാ തന്‍റെ സന്ദേശത്തില്‍ എടുത്തുകാട്ടുന്നു. സത്യത്തില്‍, സഹജീവനം എന്നത് ആയാസകരമാണെന്നും എന്നാല്‍ അതിനായുള്ള പരിശ്രമം മൂല്യവത്താണെന്നും പ്രസ്താവിക്കുന്ന പാപ്പാ, കൂടുതല്‍ മനോഹരമായ നാനോപലഖചിത ചിത്രപ്പണി അതായത്, മൊസൈക് ചിത്രപ്പണി വര്‍ണ്ണാധിക്യമുള്ളതാണെന്ന് ആലങ്കാരികമായി വിശദീകരിക്കുന്നു.

ഉത്തര മാസിഡോണിയായുടെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം പരിശുദ്ധ സിംഹാസാനം അന്നാടുമായി സൗഹൃദ-നയതന്ത്രബന്ധങ്ങള്‍ സ്ഥാപിച്ചതും പാപ്പാ തന്‍റെ സന്ദേശത്തില്‍ അനുസ്മരിച്ചു. ഉത്തര മാസിഡോണിയയുടെ തലസ്ഥാന നഗരിയായ സ്കോപ്യെയില്‍ (SKOPJE) ജനിച്ചുവളര്‍ന്ന മഹാവിശുദ്ധയായ മദര്‍ തെരേസയുടെ മാദ്ധ്യസ്ഥ്യത്തിന് തന്‍റെ സന്ദര്‍ശനം സമര്‍പ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ദൈവകൃപയാല്‍, ലോകത്തില്‍ ക്രിസ്തുവിന്‍റെ ഉപവിയുടെ ധീര പ്രേഷിതയായിത്തീര്‍ന്ന വിശുദ്ധ മദര്‍ തെരേസ ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് സാന്ത്വനവും ഔന്നത്യവും പകര്‍ന്നുവെന്നും പാപ്പാ അനുസ്മരിക്കുന്നു. ഉത്തര മാസിഡോണിയയിലെ ജനങ്ങളുമായുള്ള കൂടിക്കാഴ്ച അവര്‍ക്കാവശ്യമായ സമാധാനവും സകല നന്മകളും പുറപ്പെടുവിക്കുന്നതിന് പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്കൊരുങ്ങാമെന്നു പറയുന്ന പാപ്പാ എല്ലാവര്‍ക്കും ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ടാണ് വീഡിയോ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.