കൊറോണയില്‍ നിന്ന് രക്ഷ നേടാന്‍ പരിശുദ്ധ മാതാവിനോട് മാദ്ധ്യസ്ഥ്യം തേടി മാര്‍പാപ്പ: പ്രാര്‍ത്ഥന ഇങ്ങനെ…

കൊറോണ വൈറസ് ലോകമെങ്ങും ഭയാശങ്കകള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വൈറസ് ബാധയ്‌ക്കെതിരെ റോം രൂപത ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാ ദിനത്തോടനുബന്ധിച്ചു പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഉപവാസ പ്രാര്‍ത്ഥനയ്ക്ക് സമാപനം കുറിച്ച് വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ‘ദിവീനോ അമോരെ’യില്‍ റോം രൂപതാ വികാരി ജനറല്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ ആമുഖമായിട്ടായിരുന്നു പാപ്പയുടെ വീഡിയോ സന്ദേശം.

പാപ്പ നടത്തിയ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ തര്‍ജ്ജിമ:

“പരിശുദ്ധ ദൈവമാതാവേ, ഞങ്ങളുടെ യാത്രയിലുടനീളം രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി അമ്മേ, അങ്ങ് പ്രകാശിക്കുന്നു. ക്രിസ്തുവിന്റെ പാടുപീഡകള്‍ക്ക് കുരിശിന്‍ചുവട്ടില്‍ നിന്ന് സാക്ഷ്യം വഹിച്ച അമ്മേ, രോഗികളുടെ ആരോഗ്യമേ, ഞങ്ങളെ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു.

റോമന്‍ ജനതയുടെ രക്ഷകയായ അമ്മേ, ഞങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് ഗലീലിയയിലെ കാനായിലേതുപോലെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതന്ന് പരീക്ഷയുടെ ഈ നാളുകളില്‍ നിന്ന് ഞങ്ങളെ ആനന്ദത്തിലേയ്ക്ക്‌ തിരിച്ചെത്തിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ദിവ്യസ്‌നേഹത്തിന്റെ മാതാവേ, പിതാവിന്റെ ഹിതത്തോട് അനുരൂപപ്പെടാനും ഉയിര്‍പ്പിന്റെ ആനന്ദത്തിലേയ്ക്ക്‌ നമ്മെ നയിക്കാന്‍ നമ്മുടെ സഹനങ്ങളും സങ്കടങ്ങളും കുരിശിലൂടെ സ്വയം ഏറ്റെടുത്തുകൊണ്ട് ഈശോ പഠിപ്പിച്ച മാതൃക പിഞ്ചെല്ലാനും ഞങ്ങളെ സഹായിക്കണമേ.

അഭയാര്‍ത്ഥികളായ ഞങ്ങള്‍ അമ്മയുടെ സംരക്ഷണം യാചിക്കുന്നു. പരീക്ഷകളില്‍ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ കൈവെടിയരുതേ. അനുഗ്രഹീതയും മഹത്വമുള്ളവളുമായ കന്യാമാതാവേ, എല്ലാവിധ അപകടങ്ങളില്‍ നിന്നും ഞങ്ങളെ സ്വതന്ത്രരാക്കണമേ. ആമേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.