നോമ്പുകാലത്ത് ശ്രദ്ധ തിരിക്കേണ്ടതും പതിപ്പിക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് മാര്‍പാപ്പ

മൊബൈല്‍ ഫോണ്‍പോലെ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന മാധ്യമങ്ങളില്‍ നിന്നും വെറുപ്പില്‍നിന്നും മാറി നിന്നുകൊണ്ട് ദൈവത്തെയും വേദന അനുഭവിക്കുന്നവരെയും സഹായം അര്‍ഹിക്കുന്നവരെയും ശ്രദ്ധിക്കാനുള്ള സമയമാണ് നോമ്പുകാലമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ടെലിവിഷന്‍ ഓഫ് ആക്കുവാനും ബൈബിള്‍ തുറക്കുവാനുമുള്ള യുക്തമായ സമയമാണ് നോമ്പുകാലമെന്നും പാപ്പ ആവര്‍ത്തിക്കുന്നു.

ദൈവത്തിന്റെ വാക്കുകള്‍ക്ക് ഇടംനല്‍കാന്‍ ഗോസിപ്പുകളില്‍നിന്നും അപവാദങ്ങളില്‍നിന്നും വെറുതെ നടത്തുന്ന സല്ലാപങ്ങളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് പാപ്പ ഉദ്‌ബോധിപ്പിച്ചു. വാക്കുകള്‍ കൊണ്ടുള്ള അക്രമങ്ങള്‍ നിമിത്തം മലിനമായ ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മുറിവേല്‍പ്പിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ വാക്കുകള്‍ ഇന്റര്‍നെറ്റിലൂടെ കൂടുതല്‍ വികസിത രൂപം കൈവരിക്കുന്നു. ഇതോടൊപ്പം തന്നെ ആത്മയാര്‍ത്ഥതയില്ലാത്ത വാക്കുകളും പരസ്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറി വരുന്നു. എല്ലാവരെയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും കേള്‍ക്കുക എന്നുള്ളത് നമ്മുടെ ഒരു ശീലമായിരിക്കുന്നു. ഇതിനിടയില്‍ നമ്മോട് സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം, മനഃസാക്ഷിയുടെ ശബ്ദം കേള്‍ക്കാതെ പോകുന്നു.

നോമ്പുകാലമാകുന്ന മരുഭൂമി, ദൈവത്തോട് സംസാരിക്കുന്നതിലൂടെ ജീവന്‍ പ്രദാനം ചെയ്യുന്ന ഇടമായി മാറുമെന്ന് പാപ്പ പറഞ്ഞു. ഹൃദയത്തില്‍ നിശബ്ദത കണ്ടെത്തുക എളുപ്പമല്ലെന്നും എന്നാല്‍ വാക്കുകളുടെ അഭാവത്തില്‍ ദൈവവചനത്തിന് ദൈവത്തിന്റെ വാക്കിന് ചെവി കൊടുക്കാനാകുമെന്നും പാപ്പ ഓര്‍മിപ്പിച്ചു. പലപ്പോഴും ഒഴിവാക്കാനാവാത്തതെന്ന് തോന്നുന്നതും എന്നാല്‍ വാസ്തവത്തില്‍ അനാവശ്യവുമായ നിരവധി കാര്യങ്ങള്‍ക്ക് പിറകെയാണ് നാം ഓടുന്നത്. ഉപരിപ്ലവമായ കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മൂല്യമുള്ളതിനെ വീണ്ടും കണ്ടെത്താന്‍ സാധിച്ചാല്‍ അത് മനോഹരമായ കാര്യമാണെന്നും പാപ്പ ഓര്‍മിപ്പിച്ചു.