എന്റെ ജീവിതം എനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യാനെന്ന ചിന്ത സാത്താന്‍ നല്‍കുന്നതെന്ന് പാപ്പാ

ക്രിസ്തുവിന്റെ മരണോത്ഥാന രഹസ്യങ്ങളുടെ സദ്വാര്‍ത്തയാണ് ക്രൈസ്തവജീവിതത്തിന്റെ ആനന്ദത്തിന്റെ സ്രോതസ്സെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്‌ബോധിപ്പിച്ചു. ഈ തപസ്സുകാലത്തേയ്ക്ക് പ്രബോധിപ്പിച്ച സന്ദേശത്തിലാണ് പാപ്പാ ക്രിസ്തുവിന്റെ മരണോത്ഥാനങ്ങളുടെ അല്ലെങ്കില്‍ പെസഹാരഹസ്യത്തിന്റെ പ്രാമുഖ്യം ചൂണ്ടിക്കാണിക്കുന്നത്.

എന്റെ ജീവിതം എനിക്കുള്ളതാണെന്നും ഇഷ്ടമുള്ളത് ചെയ്യുവാനുള്ളതുമാണ് എന്നുമുള്ള ‘നുണ’ അല്ലെങ്കില്‍ ‘തെറ്റായ ചിന്ത’യില്‍ വിശ്വസിക്കുന്നവര്‍ ഉണ്ടെങ്കില്‍ അത് പാടെ ഉപേക്ഷിക്കുക തന്നെ വേണം. കാരണം, ‘ജീവന്‍ നല്കുവാനും അത് സമൃദ്ധമായി നല്കുവാനും’ എന്ന ദൈവപിതാവിന്റെ സ്‌നേഹത്തില്‍ നിന്നും, ആഗ്രഹത്തില്‍ നിന്നും ഉടലെടുക്കുന്നതാണ് നമ്മുടെ ജീവിതങ്ങള്‍ (യോഹ. 10:10).

മറിച്ച് ‘നുണയുടെ പിതാവായ പിശാചി’ന്റെ പ്രലോഭിപ്പിക്കുന്ന ശബ്ദം കേട്ട് നാം അലസമായി സ്വാര്‍ത്ഥതയില്‍ ജീവിക്കുന്നെങ്കില്‍ വ്യക്തിജീവിതത്തിലും മൊത്തമായി ജീവിതചുറ്റുപാടുകളിലും പരിതാപകരമായ സംഭവങ്ങളില്‍ കുടുങ്ങി, ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയുടെ അഗാധങ്ങളില്‍ നാം നിപതിക്കുകയും ഈ ജീവിതത്തില്‍ത്തന്നെ നരകം അനുഭവിക്കേണ്ടി വരുകയും ചെയ്യുമെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.