പാപ്പയുടെ നോമ്പ് സന്ദേശം 26 – യേശുവുമായി ബന്ധത്തിലാകാനുള്ള സമയം 

എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല (മത്തായി: 10 : 37).

ഒരു മിഷനറിക്ക് വളരെ അത്യാവശ്യം വേണ്ട രണ്ട് പ്രധാന ഗുണങ്ങളെക്കുറിച്ച് യേശു അടിവരയിട്ട് പറയുന്നുണ്ട്. ഒന്നാമതായി യേശുവുമായുള്ള അവന്റെ ബന്ധം മറ്റെന്തിനേക്കാളും മറ്റാരെക്കാളും ദൃഢമായിരിക്കണം. രണ്ടാമതായി തന്നെത്തന്നെയല്ല അവന്‍ പ്രതിഫലിപ്പിക്കേണ്ടത്, മറിച്ച് സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹത്തെയും ക്രിസതുവിനെയും ആയിരിക്കണം തന്നിലൂടെ പ്രതിഫലിപ്പിക്കേണ്ടത്.

ഈ രണ്ട് നിബന്ധനകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്. രണ്ടും ഒരേ ദിശയില്‍ മുന്നേറുന്നതുമാണ്. കാരണം ഹൃദയത്തിന്റെ കേന്ദ്രമായി യേശുവിനെ പ്രതിഷ്ഠിച്ചുകഴിയുമ്പോള്‍ അവന്റെ, ആ ശിഷ്യന്റെ ജീവിതം കൂടുതല്‍ സുതാര്യമാവും. ഗുരുവിന്റെ സ്വഭാവത്തോട് ഏറ്റവും അനുരൂപമായിരിക്കണമല്ലോ ശിഷ്യന്റെ ജീവിതം. കാരണം അവനോട് ആദ്യം ചോദിക്കപ്പെടുന്ന ചോദ്യം നിങ്ങള്‍ യേശുവിനെ കണ്ടിട്ടുണ്ടോ, നിങ്ങള്‍ യേശുവിനോട് പ്രാര്‍ത്ഥിക്കാറുണ്ടോ എന്നായിരിക്കും. യേശുവിന്റെ ജീവിതത്തോട് ചേര്‍ന്ന് അവിടുത്തെ സ്‌നേഹത്തില്‍ ഒന്നായി ചേരാന്‍ ആഗ്രഹിച്ച് ഇറങ്ങിതിരിക്കുന്നവര്‍ മനസിലാക്കേണ്ട ഒന്നുണ്ട്, നാം ആരെ അനുഗമിക്കുന്നുവോ അവനോട് രൂപത്തിലും ഭാവത്തിലും സമനയിരിക്കേണ്ടത് ആവശ്യമാണ്.

മത്തായിയുടെ സുവിശേഷം പത്താം അധ്യായം, നാല്‍പ്പതാം വാക്യത്തില്‍ ഇത് നാം കാണുന്നുണ്ട്. ‘നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു’ എന്ന്. അതുകൊണ്ട് പ്രേഷിതവേലയ്ക്കായി ഇറങ്ങിതിരിക്കുന്നവര്‍ അവരുടെ കര്‍ത്താവായി സ്വീകരിക്കേണ്ടത് യേശുവിനെയാണ്. അവിടുന്നായിരിക്കണം അവന്റെയോ അവളുടെയോ ജീവിത കേന്ദ്രവും.  അതുകൊണ്ട് ചിന്തിക്കാം ഈ നോമ്പുകാലത്ത് ഈശോയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ എന്നെ സഹായിച്ചത്, അല്ലെങ്കില്‍ സഹായിക്കുന്നത് എന്തൊക്കെയാണെന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.