പാപ്പയുടെ നോമ്പ് സന്ദേശം 24 – യേശുവിലെത്തിച്ചേരാനുള്ള സമയം  

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ( മത്തായി: 11:28).

യേശുവിന്റെ ആദ്യ വാക്ക് ഒരു ക്ഷണമായിരുന്നു. എന്റെയടുക്കല്‍ വരുവിന്‍ എന്ന ക്ഷണം. തെറ്റ് സംഭവിച്ചുകഴിഞ്ഞാല്‍ ആയിരിക്കുന്നിടത്തുതന്നെ തുടരുന്നതാണ് ഏറ്റവും വലിയ അബദ്ധം. കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും കാലത്ത് ലോകത്തെയും സഹജീവികളെയും പഴിച്ചും ശപിച്ചും തന്നിലേയ്ക്ക് ഒതുങ്ങി ജീവിക്കാനാണ് എല്ലാവരും ശ്രമിക്കുക. അതാണ് എളുപ്പവും. എന്നാല്‍ അത്തരമൊരവസ്ഥയില്‍ സ്വയം ഒതുങ്ങിക്കൂടുന്നത് ജീവിതം കൂടുതല്‍ കഠിനമാക്കും. പിന്നീട് നാം വിഷാദത്തിന് അടിപ്പെടുകയും അത് നമ്മെ കീഴ്‌പ്പെടുത്തുകയും അത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. എന്നാല്‍ യേശുവിന് നമ്മെ ആ മണല്‍കുഴിയില്‍ നിന്ന് മോചിപ്പിക്കാനാണ് ആഗ്രഹം. അതുകൊണ്ടാണ് വരൂ എന്ന് പറഞ്ഞ് അവിടുന്ന് ശിഷ്യന്മാരെ വിളിച്ചത്.

വിളിച്ചവന്റെ നേര്‍ക്ക് കൈനീട്ടി, ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന അവന്റെ കണ്ണുകളിലേയ്ക്ക് നോക്കിയാല്‍ മാത്രമേ അവിടെനിന്ന് കരകയറാന്‍ നമുക്ക് സാധിക്കുകയുള്ളൂ. കരകയറിയശേഷം എവിടേയ്ക്ക് പോകണമെന്നതും അറിഞ്ഞിരിക്കണം. കാരണം പല വഴികളും മായികവും സുരക്ഷയും സമാധാനവും അത്ഭുതങ്ങളും വാഗ്ദാനം ചെയ്യുന്നവയുമാണ്. എങ്കിലും അധികം താമസിയാതെ അത് നമ്മെ ഏകാന്തതയില്‍ ഉപേക്ഷിക്കും. അതുകൊണ്ടാണ് ഈശോ കൃത്യമായി നമ്മോട് പറഞ്ഞത്, ‘നിങ്ങള്‍ എന്നോടൊത്ത് വരൂ’ എന്ന്. ഒരു നിമിഷം ചിന്തിക്കാം…ഈശോയോടൊപ്പം പോകാതെ എന്നില്‍തന്നെ ആയിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതെന്താണ് എന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.