പാപ്പയുടെ നോമ്പ് സന്ദേശം 21 – പ്രത്യാശയില്‍ ജീവിക്കുന്നതിനുള്ള സമയം 

പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല, കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ചൊരിയപ്പെട്ടിരിക്കുന്നു ( റോമാ: 5:5 ).

ക്രിസ്ത്യനി എന്നാല്‍ അര്‍ത്ഥമാക്കുന്നതെന്താണ്? ദൈവം നമ്മുടെ പിതാവാണെന്ന് വിശ്വസിക്കുന്നവരാണവര്‍. നമ്മള്‍ അനാഥരല്ല, നമുക്കൊരു പിതാവുണ്ട്, അത് ദൈവമാണെന്ന് വിശ്വസിക്കുന്നവര്‍. യേശു നമ്മുടെയിടയിലേയ്ക്ക് ഇറങ്ങിവന്നുവെന്നും നമ്മെപ്പോലെ ജീവിച്ചെന്നും പാവങ്ങള്‍ക്കും അശരണര്‍ക്കും അവിടുന്ന് സ്‌നേഹിതനായിരുന്നു എന്നും നാം വിശ്വസിക്കുന്നു.

ലോകം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും മനുഷ്യ വംശത്തിന്റെയും ലോകം മുഴുവന്റെയും നന്മയ്ക്കും വേണ്ടിയും പരിശുദ്ധാത്മാവ് അക്ഷീണ പ്രയത്‌നം നടത്തുകയാണെന്നും നാം വിശ്വസിക്കുന്നു. ഓരോ പ്രഭാതത്തിലും ആ പ്രതീക്ഷയാണ് നമ്മെ ഉണരാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. ഓരോ ദിവസവും നാം അനുഭവിക്കുന്ന വാത്സല്യവും സൗഹൃദവും ഓരോ നേട്ടവും സ്‌നേഹവും അങ്ങനെ ഓരോ ചെറിയ കാര്യവും ദൈവസ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണ്.

ദൈനംദിന ജീവിതം ഉത്സാഹവും ഉന്മേഷവും നിറഞ്ഞതാക്കുന്നതിന് പിന്നിലുള്ള ശക്തികേന്ദ്രവും അതാണ്. ഇതാണ് നമ്മുടെ പ്രത്യാശ. ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ പിതാവായ ദൈവവും രക്ഷകനായ യേശുവും പരിശുദ്ധാത്മാവും നല്‍കുന്ന പ്രകാശത്തിലും പ്രത്യാശയിലും ജീവിക്കുക എന്നതാണ് ചെയ്യേണ്ടത്. അതുകൊണ്ട് ചിന്തിക്കാം…ഈ നോമ്പുകാലത്ത് യേശുവിനോട് കൂടുതല്‍ അടുക്കുന്നത് എത്രത്തോളം എന്റെ പ്രതീക്ഷയെ വര്‍ദ്ധിപ്പിക്കും എന്ന്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.