പാപ്പയുടെ നോമ്പ് സന്ദേശം – 19- ഹൃദയങ്ങളെ ശുചീകരിക്കാനുള്ള സമയം

മാമ്മോദീസായിലൂടെ ദൈവം നല്‍കിയ വാഗ്ദാനങ്ങളെ നവീകരിക്കുന്ന സമയമായ ഈസ്റ്ററിലേയ്ക്കുള്ള ഒരുക്കമാണ് നോമ്പ്. ഈ സമയത്ത് ഈശോ നടന്ന ലോകത്തിലൂടെ വേണം നാം നടക്കാന്‍. അതായത്, പാവങ്ങളോടും ബലഹീനരോടും നമ്മുടെ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കണം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജീവിതം ഒരു ആരാധനാലയമാവണം. ആര്‍ക്കും എപ്പോഴും കടന്നുവരാവുന്നൊരിടം.

ജീവിക്കുന്ന ദൈവത്തിന് സാക്ഷികളാകാന്‍ നമുക്ക് കഴിഞ്ഞാല്‍ അനേകര്‍ക്ക് അത് ദൈവത്തിലേയ്ക്കുള്ള വെളിച്ചമാവും. അതൊടൊപ്പം എന്റെ ജീവിതം ദൈവത്തിന് വാസസ്ഥലമാവുന്നുണ്ടോ എന്ന് പരിശോധിക്കണം. ഹൃദയങ്ങളെ ശുചീകരിക്കാനുള്ള അവസരം നാം അവിടുത്തേയ്ക്ക് നല്‍കുന്നുണ്ടോ എന്ന് ചിന്തിക്കണം. മറ്റുള്ളവരെ താഴ്ത്തികെട്ടാനുള്ള താത്പര്യം, അസൂയ, അഹങ്കാരം, ലൗകികത, ശത്രുത, വെറുപ്പ് എന്നിവയെല്ലാം ഹൃദയത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ ശ്രമിക്കണം. ദൈവത്തിനെതിരെയുള്ള എല്ലാ ദുശീലങ്ങളെയും ഒഴിവാക്കാന്‍ മനസാവണം. അപ്പോള്‍, അനുകമ്പ, കരുണ, സ്‌നേഹം, എന്നിവയെല്ലാം ഉപയോഗിച്ച് ദൈവം നമ്മുടെ ഹൃദയങ്ങളെ ശുചീകരിക്കും.

ഇക്കാരണത്താല്‍ കരുണകൊണ്ട് നമ്മുടെ ഹൃദയങ്ങളെ കഴുകാന്‍ അവിടുത്തേയ്ക്ക് നമുക്ക് അവസരം നല്‍കാം. ഒപ്പം ഇതുകൂടി ചിന്തിക്കാം…ദൈവത്തിന്റെ വാസസ്ഥലമാവുന്നതില്‍ നിന്ന് എന്റെ ഹൃദയത്തെ തടസപ്പെടുത്തുന്നതെന്തൊക്കെയാണെന്ന്.

(ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.