പാപ്പയുടെ നോമ്പ് സന്ദേശം 46 – ഓര്‍മിക്കാനുള്ള സമയം 

താന്‍ ഗലീലിയില്‍ ആയിരുന്നപ്പോള്‍ത്തന്നെ അവന്‍ നിങ്ങളോടു പറഞ്ഞത് ഓര്‍മിക്കുവിന്‍ ( ലൂക്കാ: 24:7)

മനുഷ്യനായി ജനിച്ച്, ജീവിച്ച്, മരിച്ച കര്‍ത്താവ് കല്ലറയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അവിടുന്ന് ഉയിര്‍ത്തെന്നും ജീവിക്കുന്നെന്നുമുള്ള വിവരം ഏതാനും സ്ത്രീകള്‍ അറിഞ്ഞു. ഒഴിഞ്ഞ കല്ലറയും വെള്ള വസ്ത്രം ധരിച്ച മനുഷ്യരെയും കണ്ട സ്ത്രീകള്‍ക്ക് ആദ്യം തോന്നിയത് ഭയമാണ്. എന്നാല്‍ യേശുക്രിസ്തു ഉയിര്‍ത്തു എന്ന് അവരില്‍ നിന്ന് മനസിലാക്കിയ അവര്‍ അത് വിശ്വസിക്കുകയും ചെയ്തു. തിളങ്ങുന്ന വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ട യുവാക്കള്‍ സ്ത്രീകളോട് പറഞ്ഞ പ്രധാന കാര്യം ഓര്‍മ്മിക്കുക എന്നാണ്. അതായത് ക്രിസ്തുവുമായുള്ള അവരുടെ അനുഭവങ്ങളും അവിടുന്ന് സംസാരിച്ച കാര്യങ്ങളും അവിടുന്ന് പ്രവര്‍ത്തിച്ച അത്ഭുതങ്ങളും അവിടുത്തെ ജീവിതവും അനുസ്മരിക്കുക എന്ന്. ക്രിസ്തുവിനെക്കുറിച്ചുള്ള ആ ഓര്‍മ്മയാണ് അവര്‍ക്ക് തോന്നിയ ഭയത്തെ മറികടക്കാനും ഉത്ഥാന വാര്‍ത്ത ശിഷ്യന്മാരെ അറിയിക്കാനും അവരെ പ്രാപ്തരാക്കിയത്. അതുപോലെ തന്നെ നമുക്കും ദൈവം ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെ അനുസ്മരിച്ചാല്‍ ഈ ലോക ജീവിതത്തിലെ എല്ലാ വിഷമങ്ങളെയും ഭയത്തെയും അതിജീവിക്കാനും നമുക്ക് സാധിക്കും. പ്രത്യാശകൊണ്ട് നമ്മെ നിറയ്ക്കുന്നതും അവിടുത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ്. അതുകൊണ്ട് ദൈവം നമുക്കുവേണ്ടി ചെയ്തിട്ടുള്ള നല്ല കാര്യങ്ങളെയെല്ലാം അനുസ്മരിക്കാം. ചിന്തിക്കാം…ഈ നോമ്പുകാലത്ത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം എന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ച ഏതെല്ലാം കാര്യങ്ങളാണ് ഞാന്‍ അനുസ്മരിക്കേണ്ടതെന്ന്.

പാപ്പയുടെ നോമ്പ് കാല സന്ദേശത്തില്‍ നിന്ന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.