യുഎഇയിൽ പെയ്ത മഴ അനുഗ്രഹത്തിന്റെ പ്രതീകമെന്ന് മാർപാപ്പ

“അബുദാബിയിൽ ഇപ്പോൾ മഴ പെയ്യുന്നതായാണ് എനിക്ക് ലഭിച്ച അറിയിപ്പ്. അത് അനുഗ്രഹമായാണ് അവർ കരുതുന്നത്. എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു.” അബുദബിയിലേക്കുള്ള യാത്രയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരുമായി വിമാനത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ പറഞ്ഞു.

പഴയതും പുതിയതുമായ തലമുറകൾ തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതിനായി, ഒരു പ്രായമായ മനുഷ്യനെ തോളിലേറ്റി നടക്കുന്ന ചെറുപ്പക്കാരന്റെ  ഓരോ ചെറിയ രൂപവും മാധ്യമപ്രവർത്തകർക്കെല്ലാം പാപ്പാ സമ്മാനിച്ചു. തലമുറകൾ തമ്മിലുള്ള ആത്മബന്ധത്തെ താൻ പ്രത്യേകം പരിഗണിക്കുന്നതായും പാപ്പാ പറഞ്ഞു.

രോഗീശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന സന്ന്യാസിനികൾ തയാറാക്കിയ മധുരം പാപ്പായ്ക്ക് സമ്മാനിച്ചു. അതുപോലെതന്നെ ഇറ്റലിയിൽ പഠിച്ച, ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ, മാർപാപ്പായ്ക്കുള്ള ആദരമായി അദ്ദേഹത്തിന്റെ സന്ദർശന ദിവസങ്ങളിൽ യമനിലെ ഭീകരതയ്ക്ക് ഇരകളായ നൂറ് കുട്ടികളുടെ ശസ്ത്രക്രിയകൾ സൗജന്യമാക്കിയ സന്തോഷവാർത്തയും പാപ്പായെ മാധ്യമപ്രവർത്തകർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.