എല്ലാക്കാര്യങ്ങളിലും യേശു കാണിച്ചുതന്ന മാർഗം പിന്തുടരണമെന്നും സ്വാർത്ഥപരവും നിഷ്ഫലവുമായ സംസാരവും പ്രവർത്തികളും സഭയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും പുതിയ കർദിനാൾമാരോട് മാർപ്പാപ്പ.
മർക്കോസിന്റെ സുവിശേഷം പത്താം അധ്യായം, 32 മുതൽ 45 വരെയുള്ള വാക്യങ്ങൾ വായിച്ചാണ് മാർപ്പാപ്പ സന്ദേശം നൽകിയത്.
ഹൃദയങ്ങൾ വെളിപ്പെടുന്നു
പീഡാനുഭവത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മൂന്നാം പ്രവചനശേഷം യേശുവും ശിഷ്യന്മാരും ജറുസലേമിലേക്ക് പോവുകയായിരുന്നു. ഈ നിമിഷം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഹൃദയങ്ങൾ പരസ്പരം സംസാരിക്കുന്ന സമയമാണത്. ശിഷ്യന്മാരുടെ ഹൃദയങ്ങളിലൂടെ കടന്നുപോയ അസൂയ, സ്ഥാനമോഹം, അധികാരമോഹം, ഭയം തുടങ്ങിയ സകല കാര്യങ്ങളും യേശു മനസിലാക്കിയിരുന്നു. മാർപ്പാപ്പ പറഞ്ഞു.
ഹൃദയങ്ങളെ വഴിതിരിക്കുക
എന്നാൽ അവരുടെ ബലഹീനതയെ ചോദ്യം ചെയ്യാതെ അവരെ ഉപദേശിക്കുകയാണ് യേശു ചെയ്തത്. നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ എല്ലാവരുടെയും ശുശ്രൂഷകനാകണമെന്നും വലിയവനാകാൻ ആഗ്രഹിക്കുന്നവൻ ദാസനാകണമെന്നും യേശു അവരെ പഠിപ്പിച്ചു. സ്വകാര്യ താത്പര്യങ്ങളേക്കാളുപരിയായി ദൈവത്തിനുവേണ്ടി, പിതാവിനുവേണ്ടിയാണ് യേശുവും ശിഷ്യന്മാരും ജീവിച്ചതെന്നും മാർപ്പാപ്പ ഓർമ്മിപ്പിച്ചു.
ഹൃദയങ്ങൾ സേവനത്തിന്
കുരിശിലും ശിഷ്യന്മാരുടെ കാൽപ്പാദത്തിങ്കലും വരെ യേശു ശിരസ്സ് കുനിച്ചു. ഇത്തരത്തിൽ എളിമപ്പെടാനുള്ള വിളിയാണ് കർദിനാൾമാരായ നിങ്ങൾക്കും ലഭിച്ചിരിക്കുന്നത്. ദൈവത്തിന്റെ പരിശുദ്ധ ജനത്തെ യേശുവിന്റെ മാതൃക അനുസരിച്ച് സേവിക്കുക. കർദിനാൾമാരോട് മാർപ്പാപ്പ വ്യക്തമാക്കി.