നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനുള്ള കരുത്ത് ദൈവത്തോടു ചോദിക്കുക

നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കാനുള്ള കൃപയ്ക്കായി ദൈവത്തോടു പ്രാർത്ഥിക്കണം എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച ഇറ്റാലിയൻ നഗരമായ ബാരിയിൽ മെഡിറ്ററേനിയൻ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ സമാപനത്തിൽ സൽകിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ ഉപദ്രവിക്കുന്നവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുക. ഇതാണ് ക്രിസ്ത്യൻ നവീകരണം. അത് ക്രിസ്തീയ വ്യത്യാസമാണ്. സ്നേഹിക്കുവാനുള്ള കരുത്തിനായി ദൈവത്തോടു യാചിക്കുക. ദൈവമേ, സ്നേഹിക്കാൻ എന്നെ പഠിപ്പിക്കേണമേ. ക്ഷമിക്കാനുള്ള കൃപ തരേണമേ. എനിക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാൻ കഴിവില്ല. അങ്ങയുടെ സഹായം കൂടിയേ തീരൂ എന്ന് ദൈവത്തോടു പ്രാർത്ഥിക്കാം” – പാപ്പാ ആഹ്വാനം ചെയ്തു.

“ഞാൻ നിന്റെ ദൈവമായ കർത്താവ് പരിശുദ്ധൻ ആകുന്നു. ആകയാൽ, നീയും പരിശുദ്ധനാകുക” എന്ന ലേവ്യരുടെ പുസ്തകത്തിലെ വചനം ക്രൂശിതനായ ക്രിസ്തു നമുക്ക് കാണിച്ചുതന്നു. ക്രിസ്തുവിനെ കുറ്റക്കാരനായി ചിത്രീകരിച്ചപ്പോഴും ക്രൂരമായ മരണത്തിനു വിധിച്ചപ്പോഴും കുരിശിൽ കരങ്ങൾ വിരിച്ചു കൊണ്ട് ഇവരോട് ക്ഷമിക്കണം എന്നു യാചിച്ച ക്രിസ്തു. ഈ ക്രിസ്തുവിന്റെ ശിഷ്യരാകണമെങ്കിൽ നാമും അവിടുത്തെ വഴി തന്നെ സ്വീകരിക്കണം – പാപ്പാ ഓർമ്മിപ്പിച്ചു.