നിങ്ങള്‍ മറന്നാലും നിങ്ങളെ തേടുന്ന ഒരു ദൈവമുണ്ട്: ഫ്രാന്‍സിസ് പാപ്പാ

നിങ്ങള്‍ മറന്നാലും നിങ്ങളെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ഒരു ദൈവമുണ്ട് എന്ന് ഫ്രാന്‍സിസ് പാപ്പാ. ബുധനാഴ്ച നടന്ന പൊതു പ്രഭാഷണത്തിലാണ് പാപ്പാ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

നീ അന്വേഷിക്കുന്നില്ലെങ്കിലും ദൈവം നിന്നെ തേടുന്നു. നീ ദൈവത്തെ മറന്നാലും അവിടന്ന് നിന്നെ സ്നേഹിക്കുന്നു. നിന്‍റെ താലന്തുകള്‍ നീ പാഴാക്കിക്കളഞ്ഞു എന്നു നീ ചിന്തിക്കുമ്പോഴും ദൈവം നിന്നില്‍ ഒരു മനോഹാരിത കാണുന്നു. ദൈവം പിതാവു മാത്രമല്ല, സ്വന്തം കുഞ്ഞിനെ സ്നേഹിക്കുന്നതില്‍ ഒരിക്കലും മടുക്കാത്ത ഒരമ്മയെപ്പോലെയുമാണ് ദൈവം.പാപ്പാ ഓര്‍മിപ്പിച്ചു.

ധൂര്‍ത്തപുത്രന് സംഭവിച്ചതുപോലെ, ഒരു പക്ഷേ, ദൈവത്തില്‍ നിന്നകന്ന വഴികളില്‍ നാം സഞ്ചരിച്ചേക്കാം; അല്ലെങ്കില്‍, ലോകത്തില്‍ പരിത്യക്തനാണെന്ന പ്രതീതിയുളവാക്കുന്ന ഏകാന്തതയില്‍ നിപതിച്ചേക്കാം; അതുമല്ലെങ്കില്‍, തെറ്റിലകപ്പെടുകയും കുറ്റബോധത്താല്‍ തളരുകയും ചെയ്തേക്കാം. ക്ലേശകരങ്ങളായ ആ വേളകളിലെല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനുള്ള ശക്തി കണ്ടെത്താനും “പിതാവേ” എന്ന വാക്കുകൊണ്ട് വീണ്ടും തുടങ്ങാനും സാധിക്കും. ഒരു കുഞ്ഞ് പിതാവിനെ വിളിക്കുന്നതു പോലെ ആ ആര്‍ദ്രതയോടുകൂടിയായിരിക്കണം, ആബ്ബാ, അപ്പാ എന്നു വിളിക്കേണ്ടത്.

ദൈവം അവിടത്തെ മുഖം നിന്നില്‍ നിന്നു മറയ്ക്കില്ല. അവിടന്ന് നിശബ്ദനായിരിക്കില്ല. നീ അവിടത്തെ വിളിക്കുക, അവിടന്ന് പ്രത്യുത്തരിക്കും. നിനക്ക് ഒരു പിതാവുണ്ട് എന്ന് പാപ്പാ ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.