ഉത്തമ മാതൃക! വി. യൗസേപ്പിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പാ

തിരുപ്പിറവിയുടെ പശ്ചാത്തലത്തില്‍ ജോസഫ് ഒരു രണ്ടാം നിലക്കാരനും പരോക്ഷസ്ഥാനക്കാരനുമാണെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകളിലും വ്യക്തിത്വത്തിലും ഉദാത്തമായ ക്രിസ്തീയമനോഭാവം കാണാമെന്നാണ് ഫ്രാന്‍സിസ് പാപ്പായുടെ നിലപാട്. ജോസഫ് ഒരിടത്തും പ്രസംഗിക്കുകയോ സംസാരിക്കുക പോലുമോ ചെയ്യുന്നില്ല. എന്നാല്‍, നിശബ്ദനായി ദൈവഹിതം നിറവേറ്റാന്‍ അദ്ദേഹം ശ്രമിക്കുന്നു.

വിവാഹനിശ്ചയം കഴിഞ്ഞ മറിയം ഗര്‍ഭിണിയാണെന്ന വിവരമറിയുമ്പോള്‍ വികാരാധീനനാകുകയോ വിദ്വേഷത്തോടെ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ മൗനമായി തന്റേതായ പരിഹാരം ജോസഫ് കണ്ടെത്തുന്നു. രഹസ്യമായി മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന വിവരമറിഞ്ഞ് സ്വര്‍ഗ്ഗീയദൂതന്‍ സംസാരിക്കുമ്പോള്‍ ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കാനും ജോസഫ് തയ്യാറാകുന്നു.

ദൈവത്തിലുള്ള ആ വിശ്വാസമാണ് മാനുഷികമായി ഏറെ പ്രയാസമുള്ളതും മാനുഷികബുദ്ധിക്ക് അഗ്രാഹ്യവുമായ തീരുമാനം അംഗീകരിക്കാന്‍ ജോസഫിനെ പ്രേരിപ്പിച്ചത്. മറിയത്തില്‍ നിന്ന് ജനിക്കുന്ന ശിശു ദൈവപുത്രനാണെന്ന് ജോസഫ് വിശ്വസിക്കുന്നു. തുടര്‍ന്ന് ഒരു പിതാവിന്റെ എല്ലാ കര്‍ത്തവ്യങ്ങളും ആ കുഞ്ഞിനുവേണ്ടി ഏറ്റെടുത്തുകൊണ്ട് ഒരു കാവലാളായി ജീവിക്കാന്‍ ജോസഫ് തയ്യാറാകുന്നു.

ജ്ഞാനിയായ ജോസഫിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതും മാതൃകയാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. മാനുഷികമായ ചെറിയ ബുദ്ധിക്കും യുക്തിക്കുമുപരിയായി ദൈവത്തിന്റെ വിസ്മയകരമായ ചെയ്തികളെ ഉള്‍ക്കൊള്ളാനും തുറവി കാണിക്കാനുമാണ് ജോസഫ് നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പ പറഞ്ഞു.