ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിനും സ്ഥിരീകരണം! തായ്‌ലന്റ്, ജപ്പാന്‍ സന്ദര്‍ശനം നവംബറില്‍

ആഫ്രിക്കന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി വത്തിക്കാനില്‍ തിരികെ എത്തിയ ഉടനെ ഫ്രാന്‍സിസ് പാപ്പയുടെ ഏഷ്യന്‍ സന്ദര്‍ശനത്തിനും സ്ഥിരീകരണം. തായ്‌ലാന്റ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ മാര്‍പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. നവംബര്‍ 20 – 23 തീയതികളില്‍ തായ്‌ലാന്റും 23 – 26 തീയതികളില്‍ ജപ്പാനും മാര്‍പാപ്പ സന്ദര്‍ശിക്കും.

‘എല്ലാ ജീവനും സംരക്ഷിക്കുക’ എന്നതാണ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. അപ്പസ്‌തോലിക സന്ദര്‍ശനത്തില്‍ ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളില്‍ പാപ്പ സന്ദര്‍ശനം നടത്തും.

പതിനാറാം നൂറ്റാണ്ടിലെത്തിയ മിഷനറിമാരാണ് ജപ്പാനില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിച്ചത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 0.5 % കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ തായ്‌ലാന്റില്‍ സന്ദര്‍ശനം നടത്തിയിരുന്നു.