കായികരംഗം, സമാധാനത്തിന്റെയും ഐക്യത്തിന്റെയും വേദിയെന്ന് മാര്‍പാപ്പ

സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രത്യേക മാര്‍ഗ്ഗമാണ് കായികവിനോദമെന്നും, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നും വരുന്ന വ്യക്തികള്‍ ഒരുമിക്കുന്ന വേദിയാണതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. കായികരംഗത്ത് എങ്ങനെ ഒരു സമൂഹ-അവബോധം പ്രകടിപ്പിക്കാമെന്നതിന് മികച്ച ഉദാഹരണമാണ് ഹോക്കി. ഇത് സംഘമായി ഒന്നുചേര്‍ന്ന് കളിക്കുന്ന വിനോദമാണെന്നും അതില്‍ ഓരോ അംഗത്തിനും ഒരു പ്രധാന പങ്കുണ്ടെന്നും പാപ്പാ പറഞ്ഞു. അന്തര്‍ദേശീയ ഐസ് ഹോക്കിയുടെ അര്‍ദ്ധവാര്‍ഷിക കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

നമ്മുടെ വളര്‍ച്ചയിലും സമഗ്രവികസനത്തിലും കായികരംഗത്തിന് പങ്കുണ്ടെന്ന കാര്യം ഓര്‍മ്മിക്കണം. അതുകൊണ്ടാണ് വിനയം, ധൈര്യം, ക്ഷമ എന്നീ പുണ്യങ്ങള്‍ വളര്‍ത്തിയെടുക്കാനും നന്മ, സത്യം, ആനന്ദം എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനുമുള്ള ഒരു മേഖലയായി സഭാമാതാവ് കായികരംഗത്തെ വിലമതിക്കുന്നതെന്ന് പാപ്പാ വെളിപ്പെടുത്തി.

അന്തര്‍ദ്ദേശീയ ഐസ് ഹോക്കിയുടെ നേതാക്കളായതിനാല്‍ നിങ്ങളുടെ ലക്ഷ്യം കായികരംഗത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിയമങ്ങളും നിയന്ത്രിക്കുക മാത്രമല്ല, വ്യക്തികളെ ഉള്‍ക്കൊള്ളിക്കുകയും ആഗോളതലത്തില്‍ അവര്‍ക്ക് ലഭ്യതയുണ്ടാക്കുകയും ചെയ്യുകയെന്നതാണ്. ഐസ് ഹോക്കിക്ക് അതുല്യമായ കഴിവുകളും ശക്തിയും ആവശ്യമാണ്. ഈ കായികവിനോദത്തെ നിങ്ങള്‍ പിന്തുണയ്ക്കുമ്പോള്‍ തങ്ങളില്‍ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നതിനും പുറത്തുള്ള സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള യുവജങ്ങളെയും, പ്രായമായവരെയും, സ്ത്രീ-പുരുഷന്മാരെയും നിങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.