ഈ  ‘പിണറായി വിജയന്‍’ അപ്പു ജോസാണ്! 

ശില്പ രാജന്‍

പിണറായിക്ക് എന്താണ് ഇവിടെ കാര്യം ?

“വിരട്ടലും വിലപേശലും ഒന്നും ഈ പാര്‍ടിയോട് വേണ്ട,” ചുരുങ്ങിയ വാക്കുകളില്‍ പതിവ്  ഗൗരവത്തോടെ ഈ വാക്കുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചുറ്റും നിന്നവര്‍ ഒന്ന് ഭയന്നു. തന്റെ കണ്ണടയുടെ ഫ്രെയിം ഒന്നുകൂടി ശരിയാക്കി വെച്ച് അദ്ദേഹം തന്റെ സംസാരം തുടര്‍ന്നു. ചുറ്റും നില്‍ക്കുന്നവരുടെ അമ്പരപ്പ് മാറിയിട്ടില്ല. മുഖ്യമന്ത്രിയായ പിണറായി വിജയന്‍ സാര്‍ എങ്ങനെയാണ് ഇവിടെ എത്തിയത്? എന്താണ് അദ്ദേഹത്തിന് ഇവിടെ കാര്യം? ആളുകളുടെ സംശയം ശരിയാണ്. ഇത് ഒറിജിനല്‍  പിണറായി വിജയന്‍ അല്ല. ഇത് പിണറായി ആയി വേദികളില്‍ ജീവിക്കുന്ന അപ്പു ജോസ്. ഒര്‍ജിനലിനെ വെല്ലുന്ന ഡ്യുപ്ളിക്കെറ്റ്!

സത്യം. ആ  ഗൗരവം  വിളങ്ങുന്ന മുഖം, ചീകി മിനുക്കി വെച്ച കേശഭാരം, വാക്കിലും നോക്കിലും അനുഭവപ്പെടുന്ന വിപ്ലവ വീര്യം! എന്നൊക്കെ പറയണേല്‍ ആള്‍ കണ്ണുപൊട്ടന്‍ ആവണ്ട. ഏതു കണ്ണുകാണുന്നവനും  ഒന്ന് പേടിക്കും, ഒന്ന് ശങ്കിക്കും. ഇതെന്താ പിണറായി ഇവിടെ, എന്ന് ചിന്തിച്ചു പോകും. കാരണം അത്ര സാമ്യമുണ്ട് പിണറായിയുമായി ഈ കലാകാരന്.

ഉഗ്ര വിപ്ലവത്തിന്റെ 10 വര്‍ഷങ്ങള്‍

ജോസ് മോന്‍ എന്ന ചെറായിക്കാരന്‍, അപ്പു ജോസ് ആയതിനു പിന്നില്‍ 18 വര്‍ഷത്തെ ചരിത്രമുണ്ടെങ്കിലും, അപ്പു ജോസ് പിണറായി ആയിട്ട് 10 വര്‍ഷം ആകുന്നത്തെ ഉള്ളു. (ചെറായിക്കടുത്തുള്ള കുഴുപ്പള്ളിയാണ് കൃത്യ സ്ഥലം) 2009 വനിതാ ഫിലിം അവാര്‍ഡ്‌ നടക്കുമ്പോഴാണ് ആദ്യമായി പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്റെ വേഷം അപ്പു ഇടുന്നത്. ചലച്ചിത്ര താരം ടിനി ടോം ആണ് അന്ന് അത്തരം ഒരു അവസരം നല്‍കുന്നത്. പിന്നീട് അങ്ങോട്ട്‌ അതൊരു പതിവായി. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലത്തൊക്കെ, അദ്ദേഹത്തിന്റെ ശബ്ദം പോലും അനുകരിക്കാന്‍ കഴിയുന്ന കലാകാരന്മാര്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ്‌ അപ്പു ജോസ് എന്ന കലാകാരന്‍  പിണറായിയുടെ രൂപവും വേഷവും അനുകരിച്ചു ജനമനസ്സുകളില്‍ സ്ഥാനം പിടിക്കുന്നത്.

പിണറായി വിജയനുമായി ശരീരഘടനയില്‍ ഉള്ള സാമ്യം തന്നെയാണ്  അപ്പു ജോസ് എന്ന കലാകാരനെ വേറിട്ട്‌ നിര്‍ത്തുന്നത്. വേഷത്തിലും ഭാവത്തിലും ഉള്ള സാദൃശ്യമാണ് ഈ കലകാരനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ആദ്യമായി 2009 – ല്‍ വേഷം ചെയ്യുമ്പോള്‍  പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവും മാത്രമായിരുന്നു. ഒരുപക്ഷേ പാര്‍ട്ടി സഖാക്കളേക്കാള്‍ കൂടുതല്‍, പിണറായി മുഖ്യമന്ത്രി ആയിരിക്കണം എന്ന് ആഗ്രഹിച്ചത്  അപ്പു ജോസ് തന്നെയാണ്. കാരണം അതുവഴി കൂടുതല്‍ അവസരങ്ങള്‍ തനിക്കാണല്ലോ വരുന്നത്!
അനുകരണത്തിനും അപ്പുറം, ഉടന്‍ ഇറങ്ങാന്‍ പോകുന്ന ‘കാറ്റ് വിതച്ചവര്‍’ എന്ന ചിത്രത്തില്‍ പിണറായി വിജയനായി ജീവിക്കുകയാണ് അപ്പു ജോസ്.

കരുത്തു പകര്‍ന്നു കമല 

പിണറായിയില്‍ പിണറായി വിജയനെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍ വച്ച് അനുകരിക്കാനും അപ്പുവിനു കഴിഞ്ഞു. മജീഷ്യന്‍  സാമ്രാജുമായി ചേര്‍ന്ന ഒരു പ്രോഗ്രമായിരുന്നു അത്. സാമ്രാജ് തന്റെ മാന്ത്രിക വടി നാലുവശമുള്ള  ആ  ബോക്സിനു ചുറ്റും വീശി. എന്നിട്ട് വാതില്‍ തുറന്നു. അതാ പിണറായി നടന്നു വരുന്നു. സഹധര്‍മിണി തെല്ലൊന്നു ശങ്കിച്ചു, ഇത് തന്റെ സഖാവ് തന്നെയാണോ എന്നൊന്ന് അമ്പരന്നു.

“സഖാവ് മുടി ചീകുന്നതും, മുണ്ടുടുക്കുന്നതും, നടക്കുന്നതും ഒക്കെ ഇതു പോലെ തന്നെ,” മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമല വിജയന്‍ പുഞ്ചിരിയോടെ അപ്പു ജോസിനോട് പറഞ്ഞു.

പിണറായിയില്‍ പിണറായി വിജയനെ അനുകരിക്കാന്‍ കഴിയുക എന്നത് അല്‍പ്പം വെല്ലുവിളി നിറഞ്ഞ ഒരു ഭാഗ്യം തന്നെയാണ്. ഒരു ആഴ്ച നീണ്ടു നിന്ന പരിപാടികളായിരുന്നു അത്. മാന്ത്രീകന്‍ സാമ്രാജും നടിയും നര്‍ത്തകിയുമായ ശോഭന ഉള്‍പ്പടെ പല പ്രമുഖര്‍ പങ്കെടുത്തിരുന്നു. പിണറായി ആയി അവതരിക്കാന്‍ അപ്പു ജോസിനു രണ്ടു ദിവസം ലഭിച്ചു. ഒന്ന് സാമ്രാജിന്റെ മാന്ത്രിക കളത്തിലും മറ്റൊന്ന് കോട്ടയം നസീറിനൊപ്പവും.

ആദ്യം അവതരിപ്പിച്ചത് സാറിനെ

കുട്ടിക്കാലം മുതല്‍ ചില ശബ്ദങ്ങള്‍ അനുകരിക്കാറുള്ള ജോസ്, തന്റെ സിദ്ധി തിരിച്ചറിയുന്നത് സ്കൂള്‍ കാലയളവിലാണ്. കെമിസ്ട്രി പഠിപ്പിച്ചിരുന്ന ജോയ് സാറിനെ അനുകരിക്കാനാരംഭിച്ച ജോസിന്റെ അനുകരണ നിരയിലേക്ക് പിന്നീടു പല അധ്യാപകരും കടന്നു കൂടി. ആ നിര പിന്നീട് ചലച്ചിത്ര താരങ്ങളിലേക്ക് കടന്നു.

വെല്ലുവിളികളുടെ  ചെറുപ്പം 

സ്കൂള്‍ യുവജനോത്സവങ്ങളിലൊക്കെ സജീവ സാനിധ്യമായിരുന്ന ജോസ് പത്താം ക്ലാസ്സില്‍ എത്തുമ്പോഴാണ് ഈ രംഗത്ത് സജീവമാകുന്നത്. സ്കൂളില്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും, കലോല്‍ത്സവങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. മറ്റുചിലരുടെ അവസരങ്ങള്‍ക്കായി തന്റെ കഴിവിനെ മാറ്റിനിര്‍ത്തിയെങ്കിലും ജോസ് തളര്‍ന്നില്ല. അയാള്‍ക്ക് വിശ്വാസം ഉണ്ടായിരുന്നു, തന്റെ സിദ്ധി നാളെ ലോകം തിരിച്ചറിയുമെന്ന്. തനിക്ക് ലഭിക്കേണ്ട അംഗീകാരങ്ങള്‍ തന്നെ തേടിയെത്തുമെന്നുമുള്ള വിശ്വാസത്തില്‍ അയാള്‍ തന്റെ കഴിവുകളെ മിനുസ്സപ്പെടുത്താന്‍ ആരംഭിച്ചു.

ആദ്യ സമ്മാനം 

അങ്ങനെ അവിചാരിതമായി തന്റെ പള്ളിയിലെ കുടുംബ യുണിറ്റില്‍ ഒരു വേദി ലഭിച്ചു. കന്യസ്ത്രീമാരുടെ കോന്‍വെന്‍റ്റിനു സമീപത്തായിരുന്നു അത്ണ്. അന്ന് ഏറെ പ്രചോദനമായത് സിസ്റ്റര്‍ അണിമ എന്ന കന്യാസ്ത്രീയാണ്. അവരിലൂടെയാണ്‌ അത്തരം ഒരു അവസരം ലഭിക്കുന്നത്.  മത്സരത്തില്‍ വിജയിച്ചപ്പോള്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ടീച്ചര്‍ തന്റെ കൈയ്യിലേക്ക് 51  രൂപ സമ്മാനം വെച്ച് തന്നത് ജോസ് ഏറെ തെളിച്ചതോടെ ഓര്‍ക്കുന്നു. അത് വലിയ പ്രതീക്ഷയായിരുന്നു. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ചെറിയ ട്രൂപ് ഒക്കെ രൂപീകരിച്ചായി പ്രവര്‍ത്തനങ്ങള്‍. ബാലചന്ദ്ര മേനോന്‍, ജനാര്‍ദ്ദനന്‍ പോലെയുള്ള താരങ്ങളെ അനുകരിചായിരുന്നു തുടക്കം. വൈകാതെ തന്നെ അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അവസരങ്ങളുടെ പെരുമഴയായി. ബാബു ജോസ് എന്ന കലാകാരന്റെ സഹായത്തോടെയാണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ജീവന്‍ ടിവിയിലെ കോമിക് റെക്കോഡ്സ് എന്ന പരുപാടിയിലേക്ക് ഒരു അവസരം ലഭിക്കുന്നത് ബാബു ജോസിലൂടെയാണ്. ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഹാസ്യ പരിപാടിയില്‍ ദിലീപിനും നാദിര്‍ഷയ്ക്കുമോപ്പം പ്രവര്‍ത്തിക്കുമ്പോഴാണ് മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. രസിക രാജാ, മിന്നും താരം പോലെയുള്ള ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധിക്കപ്പെട്ട ജോസ് ഇന്ന് ഏറെ തിരക്കുള്ള താരമാണ്. എല്ലാ അവാര്‍ഡു നിശകളിലും മലയാളത്തിലെ എല്ലാ കോമഡി പരുപാടികളിലും  പങ്കെടുത്ത അപ്പു ജോസ് ഇന്ന്  കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി താരമാണ്.

പ്രചോദനമായി ആബേലച്ചന്‍  

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലോല്‍ത്സവം എന്ന ആഗ്രഹം തകര്‍ന്നപ്പോള്‍ പ്രതീക്ഷയായത്  വികാരിയായിരുന്ന ഫാദര്‍ ജോസഫ്‌ കുന്‍ചെറത്തിന്റെ വാക്കുകളാണ്. “നിന്നെ ഞാന്‍ കലാഭവനില്‍ കൊണ്ടുപോകാം.  ആബേലച്ചനെ പരിചയപ്പെടുത്താം.” ജോസിന്റെ കഴിവില്‍ ഏറെ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച കുഞ്ചെറിയത്തച്ചന്‍ ജോസിനെ കലാഭവനില്‍ എത്തിക്കുന്നതില്‍ സന്തോഷമായിരുന്നു. പക്ഷേ, വിധി പ്രതിനായകനായി എത്തി.  ആബേലച്ചന്‍ മരിച്ചു. പിന്നിട്  ഫാദര്‍ ജോസഫ്‌ കുഞ്ചെറിയത്തിന്റെ കു‌ടെ എറണാകുളം ടൌണ്‍ ഹാളില്‍  ആബേലച്ചന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത് അപ്പു ജോസ് മറന്നിട്ടില്ല.

ഏതാനും മാസങ്ങള്‍ക്ക്  മുന്‍പ്  ഫാദര്‍ ജോസഫ്‌ കുഞ്ചെറിയത്തും മരിച്ചു. കുടുംബത്തിനും മുകളില്‍ തന്നെ പ്രോത്സാഹിപ്പിച്ചിരുന്ന ആ വൈദികന്‍ ഇന്നും ജോസിനു ഒരു നൊമ്പരമാണ്.

ആബേലച്ചനോടുള്ള തന്റെ സ്നേഹം ജോസ് മറന്നില്ല, തന്റെ മകന് ആബേല്‍ എന്ന് തന്നെ പേരിട്ടു. തനിക്ക് ജീവിതത്തില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ ആ വൈദീകന്റെ സ്നേഹത്തോടൊപ്പം അദ്ദേഹത്തിന്റെ നാമവും ഇന്ന് ജോസിനരികില്‍ ഉണ്ട്.

പരേതനായ എന്‍. പിപൗലോസ് എന്ന തന്റെ പിതാവ് തന്നോടൊപ്പം ഇന്ന് ഇല്ലെങ്കിലും, തന്റെ ഉയര്‍ച്ചകള്‍ കാണാന്‍ മാതാവായ മേരി കൂടെ ഉണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഈ കലാകാരന്‍. അമ്മയ്ക്കും ഭാര്യയായ ഷൈമോള്‍ക്കും, മകനുമൊപ്പം കഴിയുന്ന അപ്പു ജോസിനു ഏറെ പിന്‍ബലമായി സഹോദരനായ ഷൈന്‍ പൗലോസും കുടുംബവുമുണ്ട്.

മോഹന്‍ലാല്‍, ഒരു പഴയ ബോംബു കഥ, കാറ്റ് വിതച്ചവര്‍ എന്നീ മൂന്നു മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച അപ്പു ജോസിന്റെ ആഗ്രഹം ഒരു  മികച്ച നടന്‍ ആവുക എന്നതാണ്. ആ സ്വപ്നത്തിലേക്കുള്ള പ്രയാണത്തിന്റെ പാതയിലാണ് ജോസ് ഇന്ന്.

ശില്പ രാജന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.