ഫോണ്‍ ഉപയോഗം കുറച്ച്, യേശുവിന് കൂടുതല്‍ സമയം നല്‍കുക: യുവജനങ്ങളോട് ഫിലപ്പീന്‍സിലെ ബിഷപ്പ്

ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവ ഉപയോഗിക്കുന്നതിന്റെ സമയം പരമാവധി കുറച്ച്, കൂടുതല്‍ സമയം യേശുവിനായി നീക്കിവയ്ക്കാന്‍ യുവജനങ്ങളോട് ഫിലിപ്പീന്‍സ് ബിഷപ്പിന്റെ ആഹ്വാനം. തക്ബിലാരാന്‍ രൂപതയുടെ മെത്രാന്‍ മോണ്‍സിഞ്ഞോര്‍ ആല്‍ബര്‍ട്ടോയാണ് രൂപതാ-തല യുവജനദിനത്തില്‍ ബോഹോള്‍ ദ്വീപില്‍ സ്ഥിതിചെയ്യുന്ന തക്ബിലാരാന്‍ നഗരത്തില്‍ വച്ചു നടന്ന യുവജന നേതൃത്വ സംഗമത്തില്‍ ഇപ്രകാരം ആഹ്വാനം ചെയ്തത്.

മൊബൈല്‍ ഫോണിന്റ തുടര്‍ച്ചയായ ഉപയോഗം ഒരു ദുശ്ശീലമായി മാറാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയ അദ്ദേഹം, മൊബൈല്‍ ഫോണ്‍ നല്ല കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. മൊബൈല്‍ ഫോണിന് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ സമയവും ശ്രദ്ധയും യേശുവിന് നല്‍കണം. മൊബൈല്‍ ഫോണിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതലായി യേശുവിനെ സ്‌നേഹിക്കണം. എവിടെ പോയാലും ഹൃദയത്തില്‍ യേശുവിനെ കൊണ്ടുനടക്കാനും സാമൂഹ്യമാധ്യമങ്ങള്‍ സുവിശേഷവല്‍ക്കരണത്തിനു വേണ്ടി ഉപയോഗിക്കാനും ബിഷപ്പ് ആല്‍ബര്‍ട്ടോ ഉപദേശം നല്‍കി.