
ബൈബിളിലെ വളരെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ് പെസഹായെന്നത്. ഈ ആശയത്തിന്റെ ചരിത്രത്തിലൂടെയുള്ള പുഷ്പിക്കലാണ് രക്ഷാകരചരിത്രം. ഇത് എവിടെ തുടങ്ങിയെന്ന് പറയാന്‍ പ്രയാസം. മനുഷ്യചരിത്രത്തിന്റെ തന്നെ ആരംഭത്തില്‍ എന്നു പറയുകയാണുചിതം. എവിടെ അവസാനിക്കുന്നുവെന്നതും അജ്ഞാതമാണ്. പ്രത്യാശയുടെ അനന്തമായ അപാരത വരെ അതു ദീര്‍ഘിക്കുന്നു. പെസഹായും രക്ഷാകരചരിത്രവും ഒന്നുതന്നെയെന്നു പറഞ്ഞാലും തെറ്റാകുകയില്ല. കാരണം പെസഹായുടെ വിവിധ ഘട്ടങ്ങളായാണ് യഹൂദര്‍ രക്ഷയെ കണ്ടത്. അതുപോലെ തന്നെയാണ് ക്രിസ്തീയസഭയും മനുഷ്യകഥയുടെ ഘട്ടങ്ങളെയും ലക്ഷ്യത്തെയും പരസ്പരം കൂട്ടിയിണക്കി മനസ്സിലാക്കുന്നത്.
പഴയനിയമത്തില്‍
യഹൂദജനതയുടെ ചരിത്രത്തില്‍ ഒരു സുപ്രധാനമായ പെസഹായുണ്ട്. അത് ഈജിപ്തില്‍നിന്നുള്ള അവരുടെ മോചനവുമായി ബന്ധിച്ച് ഒരു ചരിത്രഭാവം നല്കിയിരിക്കുന്നു. അതിന്‍പ്രകാരം, ഈജിപ്തില്‍നിന്ന് അവര്‍ മോചിതരായ സംഭവം പെസഹായാണ് – കടന്നുപോകലാണ്, അടിമത്തത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുപോകലാണ്. ഈ ചരിത്രപരമായ മാറ്റത്തെ ആരാധനാരൂപത്തില്‍ അവര്‍ ആചരിച്ചു, അന്നത്തെ അത്താഴത്തില്‍, അതും പെസഹായെന്ന് അറിയപ്പെടുന്നു.
എന്നാല്‍ പെസഹായുടെ ആരംഭം എവിടെയാണോ? ആകാന്‍ സാധ്യതയില്ല. ആ പദത്തിന്റെ അര്‍ത്ഥംതന്നെ ഈജിപ്തില്‍നിന്നുള്ള കടന്നുപോകലിന് അപ്പുറത്തേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. പെസഹായെന്ന പദം പാസഹ് എന്ന എബ്രായ ക്രിയയില്‍നിന്ന് വന്നതാകാനാണ് സാധ്യത. ആ പദത്തിനു ചാടുക, മുടന്തുക എന്നൊക്കെയാണ് അര്‍ത്ഥം. ഈ പദം ആട്ടിടയന്മാരുടെ ഇടയില്‍ നിലനിന്നിരുന്ന ഒരു മതപരമായ കര്‍മ്മത്തെ കുറിക്കുന്നു. യഹൂദരുടെ പൂര്‍വ്വികര്‍ ആട്ടിടയന്മാരായിരുന്നല്ലോ. മെസപ്പെട്ടേമിയായിലെ ഊറില്‍നിന്ന് തിരിച്ച് ഹാകനിലൂടെ കാനാന്‍ദേശത്ത് എത്തിയ ദേശാടനം തന്നെ അവര്‍ ആട്ടിടയന്മാരായിരുന്നുവെന്ന് സൂചിപ്പിക്കുന്നുണ്ട്. ആട്ടിടയന്മാര്ക്ക് സ്വന്തമായി വസ്തുവും സ്ഥിരമായ വാസവും ഇല്ലല്ലോ. ആടുകളെ മേയ്ക്കാന്‍ കൊള്ളാവുന്ന സ്ഥലമെല്ലാം അവര്‍ക്ക് വാസയോഗ്യമായ സ്ഥലമാണ്. സ്വന്തമായി കൃഷിയും കൃഷിയിടവും ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും സ്ഥലംവിട്ടുപോകാനും അവര്‍ക്ക് പ്രയാസമില്ലായിരുന്നു.
യഹൂദരുടെ പൂര്‍വ്വപിതാവായ അബ്രഹാമിന്റെ സമ്പത്തുക്കളെപ്പറ്റി ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: ”അബ്രാമിനു ധാരാളം കന്നുകാലികളും സ്വര്‍ണ്ണവും വെള്ളിയും ഉണ്ടായിരുന്നു” (ഉത്പ. 13:2). ഭൂസ്വത്തിനെപ്പറ്റി ഒന്നും പറയുന്നില്ല. ആട്ടിടയനായതുകൊണ്ട് കാനാന്‍ ദേശത്ത് എത്തിയശേഷവും അബ്രഹാം എങ്ങും സ്ഥിരമായി താമസിയാതെ നാടുമുഴുവന്‍ യാത്ര ചെയ്യുകയാണ് (ഉത്പ. 12: 4-9). ആടുമാടുകള്‍ക്ക് ആവശ്യമുള്ള പുല്ലുള്ള സ്ഥലങ്ങളില്‍ കൂടാരമടിച്ചു താമസിക്കുകയും അവിടെ പുല്ലു കുറയുമ്പോള്‍ അവിടംവിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് പോകുകയും ആട്ടിടയന്മാര്ക്ക് സ്വാഭാവികമാണ്. കാനാന്‍ ദേശത്തിലൂടെ യാത്ര ചെയ്തു നെഗെമ്പിലേയ്ക്ക് തിരിച്ചുവെന്ന് പറയുന്നതിന്റെ (ഉത്പ. 12:9) അര്‍ത്ഥമതാണ്. അബ്രഹാം എങ്ങും സ്ഥിരമായി താമസിക്കുന്നില്ല. എങ്ങും സ്വന്തമായി സ്ഥലം സ്വന്തമാക്കുന്നില്ല. കാനാനില്‍ എത്തിയ എബ്രഹാം ആദ്യമായി തനിക്കുവേണ്ടി ഒരു സ്ഥലം സ്വന്തമാക്കുന്നത്. കക്പെലായിലാണ് (ഉത്പ. 23:17), അതും വലിയ വിലകൊടുത്ത് (ഉത്പ. 23:16). അത് കൃഷിഭൂമിയില്ലായിരുന്നു, ശ്മശാനഭൂമിയായിരുന്നു. ചുരുക്കത്തില്‍ അബ്രഹാം കാനാന്‍ദേശത്തു വരുന്നതിനുമുമ്പും വന്നശേഷവും ഒരു ഇടയനായി ജീവിച്ചു. ഇസഹാക്കിന്റെയും യാക്കോബിന്റെയും സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. ഇടയന്മാരായിരുന്നതിനാല്‍ ഇടയന്മാരുടെ വിശ്വാസങ്ങളും ആചാരങ്ങളും അവര്‍ സ്വായത്തമാക്കിയിരുന്നുവെന്ന് വ്യക്തമാണല്ലോ.
പെസഹാ ആചരണം ഇടയന്മാരുടെ ജീവിതവുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. വനത്തില്‍ ആടുമാടുകളെ മേയിച്ച് കഴിഞ്ഞശേഷം പുല്ല് ഇല്ലാതാകുമ്പോള്‍ അവിടെ നിന്ന് പുറപ്പെടുന്ന ഇടയന്മാര് ചെയ്തിരുന്ന ഒരു ആചാരമാണിത്. വനദേവതകളെ പ്രീതിപ്പെടുത്തി തങ്ങള്‍ പോകുന്ന സ്ഥലങ്ങളില്‍നിന്ന് വനദേവതകളുടെ ഉപദ്രവം അകറ്റാന്‍വേണ്ടി ചെയ്തിരുന്ന കര്മ്മമാണിത്. പിരിഞ്ഞുപോകുന്ന രാത്രിയില്‍ മൃഗങ്ങളെ കൊന്ന് വനദേവതകള്‍ക്ക് രക്തം നല്‍കുകയും അവയെ പ്രസാദിപ്പിക്കാന്‍ രാത്രിമുഴുവന്‍ വന്യനൃത്തമാടുകയും ചെയ്തിരുന്നു. ഈ നൃത്തത്തിന്റെ പേരാണ് പെസഹായെന്നത്. ഇങ്ങനെ ഇടയ ജീവിതത്തിലാണ് പെസഹായുടെ ഉത്പത്തി.
ഈജിപ്തില്‍ യഹൂദര്‍ അടിമകളായിരുന്നു, സംസ്കാരത്തില്‍ കുറഞ്ഞവരും. എന്നാല്‍ ഈജ്പ്തിലെ ജനങ്ങള്‍ സംസ്കാര സമ്പന്നരായിരുന്നു. ഈജിപ്തില്‍ യഹൂദര്‍ക്ക് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന പെസഹാ ആചരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുവേണം ചിന്തിക്കാന്‍. അവര്‍ ആഗ്രഹിച്ച മോചനം വെറും ബാഹ്യവും രാഷ്ട്രീയവും ഭൗതികവുമായിരുന്നില്ല. നൂറ്റാണ്ടുകളായി തങ്ങള്‍ പാലിച്ചുവന്ന മതപരവും സംസ്ക്കാരികവുമായി പാരമ്പര്യത്തിലേയ്ക്കുള്ള തിരിച്ചുപോകലായിരുന്നു. അതുകൊണ്ടാകണം വിമോചനം സിദ്ധിച്ച ആ രാത്രിയില്‍ ഗൃഹാതുരതയോടെ അവര്‍ പെസഹാ ആചരിച്ചത്. നൂറ്റാണ്ടുകളായി വനത്തോടും വനദേവതകളോടുമുള്ള യാത്രാമൊഴിയായി ആചരിച്ചുവന്ന കര്‍മ്മത്തിനു അവര്‍ പുതിയ വ്യാഖ്യാനം കൊടുത്തു. അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ അടയാളവും സ്ഥിരീകരണവുമെന്ന വ്യാഖ്യാനം.
ആ ആദ്യപെസഹായ്ക്ക് ശേഷം ഈ കര്മ്മത്തിന് വീണ്ടും പുതിയ വ്യാഖ്യാനങ്ങള്‍ ഇസ്രായേലിന്റെ ചരിത്രത്തിലൂടെ കൈവന്നു. അതിലൊരു വ്യാഖ്യാനമാണ് ജോഷ്വാ 5:10-11 ല്‍ കാണുന്നത്. ജോഷ്വായുടെ നേതൃത്വത്തില്‍ കാനാനില്‍ പ്രവേശിച്ച ജനം പെസഹാ ആചരിക്കുന്നു. ഇവിടെ പെസഹായുടെ അര്‍ത്ഥം കടന്നുപോകല്‍ എന്നല്ല ചെന്നെത്തല്‍ എന്നാണ്. പല കാരണങ്ങളാല്‍ കരഭൂമിയിലൂടെയുള്ള യാത്ര നീണ്ടുപോയെങ്കിലും അവസാനമായി ലക്ഷ്യത്തില്‍ എത്തിയതിന്റെ സന്തോഷമാണ് ഈ പെസഹാ ആചരണത്തില്‍ പ്രകടമാകുന്നത്.
പിന്നീട് ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്ത് പെസഹാ ആചരണം ഉണ്ടായിരുന്നോ? ഈ കാലഘട്ടത്തിലെ ചരിത്രം അവ്യക്തതയില്‍ ആണ്ടുകിടക്കുന്നു. എങ്കിലും പെസഹാ ആചരണം നിന്നുപോയി എന്നു വിചാരിക്കാന്‍ മതിയായ തെളിവുകളില്ല. 2 രാജാ. 23:22-ല്‍ ഇങ്ങനെയൊരു വാക്യമുണ്ട്: ”ഇസ്രായേലില്‍ ന്യായപാലനം ചെയ്ത ന്യായാധിപന്മാരുടെയോ ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്മാരുടെയോ കാലത്ത് പെസഹാ ആചരിച്ചിരുന്നില്ല”. എന്നാല്‍ ഈ വാക്യം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ജോസിയാ രാജാവ് ഏര്‍പ്പെടുത്തിയ നവീകരണത്തെ ഉയര്‍ത്തിക്കാട്ടാന്‍ ചെയ്യുന്ന പരിശ്രമത്തിന്റെ ഫലമായി അതിനു മുമ്പുള്ള കാലത്തെ നമസ്ക്കരിക്കുന്നതാകാന് സാധ്യതയുണ്ട്. എങ്കിലും പെസഹായ്ക്ക് ഒരു പുതിയ വ്യാഖ്യാനം സിദ്ധിക്കുന്നു. ഇപ്പോള്‍ പെസഹാ കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മയാണ്.
ഈജിപ്തില്‍നിന്നുള്ള വിമോചനത്തിന്റെ ഓര്‍മ്മയും മോചിപ്പിച്ച ദൈവത്തിന് അര്‍പ്പിക്കുന്ന കൃതജ്ഞതയും ആ ദൈവത്തോടുള്ള വിശ്വസ്തതയുടെ തീരുമാനവുമായി മാറുന്നു. ജോസിയായ്ക്കു ശേഷം പെസഹാകുഞ്ഞാടിനെ കൊല്ലുന്നത് ഒരു ബലിയുടെ രൂപവും ഭാവവും സ്വീകരിച്ചു. ഓരോ വീടുകളോടു ചേര്‍ന്നു നടന്നിരുന്ന കര്‍മ്മം ജറുസലേം ദേവാലയത്തിലേക്കു മാറ്റി. വീടുകളുടെ കട്ടിളപ്പടികളില്‍ രക്തം തളിക്കുകയെന്ന ആചാരം ദേവാലയത്തിലെ ബലിപീഠത്തിന്റെ കോണുകളില്‍ രക്തം തളിക്കുകയെന്ന പുതിയ ആചാരത്തിനു വഴിമാറികൊടുത്തു. ജോസിയായുടെ കാലം മുതല്‍ എ.ഡി. 70-ല്‍ നടന്ന ദേവാലയത്തിന്റെ വിഭാഗംവരെ ഏതാണ്ട് ഒരേ തരത്തിലും അര്‍ത്ഥത്തിലുമാണ് പെസഹാ ആചരിക്കപ്പെട്ടിരുന്നതെന്ന് ചിന്തിക്കാന്‍ ന്യായമുണ്ട്. അത് ഒരു അനുസ്മരണവും ഭാവിയിലേയ്ക്കുള്ള തീരുമാനവുമെന്ന പുതിയ അര്‍ത്ഥത്തില്‍ ആചരിച്ചുവന്നു.
പുതിയ നിയമത്തില്‍
പുതിയ നിയമത്തില്‍ പെസഹായുടെ അര്‍ത്ഥമെന്തെന്ന് വ്യക്തമല്ല. എങ്കിലും ഒന്നു വ്യക്തമാണ്. അത് യേശുവിന്റെ ജീവിതാന്ത്യത്തോടു ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ സുവിശേഷങ്ങളിലും യേശു ശിഷ്യന്മാരോടൊപ്പം ആചരിക്കുന്ന ഏറ്റവും അവസാനത്തെ കര്‍മ്മമാണ്. മരണത്തിന് തൊട്ടുമുന്‍പുള്ള പെസഹാ ആചരണം. അതിനാല്‍ അത് അന്ത്യഅത്താഴം എന്ന് ക്രൈസ്തവ പാരമ്പര്യത്തില്‍ അറിയപ്പെടുന്നു. യേശുവിന്റെ ഈ ലോക ജീവിതത്തിന്റെ അന്ത്യവും പെസഹാ ആചരണവും തമ്മില്‍ യോജിപ്പിക്കുന്നതില്‍ യോഹന്നാനാണ് മറ്റു സുവിശേഷകന്മാരെക്കാള് മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്:
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേയ്ക്കു പോകാനുള്ള സമയമായി എന്ന് പെസഹാത്തിരുനാളിനു മുമ്പ് യേശു അറിഞ്ഞു. ലോകത്തില്‍ തനിക്കു സ്വന്തമായുള്ളവരെ അവന് സ്നേഹിച്ചു; അവസാനം വരെ സ്നേഹിച്ചു… പിതാവു സകലതും തന്റെ കരങ്ങളില്‍ ഏല്പിച്ചിരിക്കുന്നുവെന്നും താന്‍ ദൈവത്തില്‍നിന്നു വരുകയും ദൈവത്തിലേയ്ക്കു പോകുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു (യോഹ. 13:1-3).
പെസഹായെപ്പറ്റിയുള്ള പുതിയനിയമ വ്യാഖ്യാനമാണ് ഇവിടെയുള്ളത്. ഇവിടെ രണ്ടു പ്രധാന ആശയങ്ങളാണ് സുവിശേഷകന് പഠിപ്പിക്കാനാഗ്രഹിക്കുന്നത്. ഒന്നാമതായി പെസഹായ്ക്ക് ഒരു പുതിയ വ്യാഖ്യാനം നല്കുന്നു. പൂര്വ്വചരിത്രത്തിലൂടെയും യഹൂദരുടെ അടിമത്തത്തില്‍നിന്നുള്ള മോചനത്തിലൂടെ സിദ്ധിച്ച അര്‍ത്ഥമെല്ലാം യേശുവിന്റെ ജീവിതത്തില്‍ പൂര്ത്തീകരണത്തിലെത്തുന്നു. പിതാവിന്റെ സന്നിധിയിലേയ്ക്കുള്ള കടന്നുപോകലിന്റെ ആരാധനാപരമായ കര്‍മ്മമാണ് പുതിയ നിയമത്തിലെ പെസഹാ. ചരിത്രത്തിന്റെ പ്രധാന ഘട്ടങ്ങളില്‍ പെസഹായ്ക്കു ലഭിച്ച അര്ത്ഥപാരമ്പര്യങ്ങള് യേശുവിന്റെ കടന്നുപോകലില്‍ പൂര്‍ത്തിയാകുന്നു. യേശുവിന്റെ കടന്നുപോകലിന്റെ മുന്കുറിയെന്നും സാദൃശ്യമെന്നുമുള്ള അര്‍ത്ഥമോ അവയ്ക്കെല്ലാമുള്ളൂ. യേശുവിന്റെ കടന്നുപോകലാണ് പെസഹാചരിത്രത്തിന്റെ പൂര്‍ത്തീകരണം. യേശുവിന്റെ കടന്നുപോകല്‍ തന്നെയും ഒരു തിരിച്ചുപോകലാണ്, പിതാവിന്റെ സന്നിധിയില്‍നിന്നു വന്നവന് പിതാവിന്റെ സന്നിധിയിലേയ്ക്കു തന്നെ തിരിയെപോകുന്നു. എങ്ങനെയാണ് പിതാവിന്റെ സന്നിധിയിലേയ്ക്കുപോകുന്നത്.
അതാണ് ഈ വാക്യങ്ങളുടെ രണ്ടാമത്തെ അര്‍ത്ഥം. തനിക്കുള്ളവരെ അവസാനംവരെ സ്നേഹിച്ചിട്ട് എന്താണിതിന്റെ അര്‍ത്ഥം? ഇവിടെയും ഒരു വ്യാഖ്യാനമാണുള്ളത്. യേശുവിന്റെ ജീവിതത്തെ മുഴുവന്‍ സ്നേഹിക്കുകയെന്ന ക്രിയയില്‍ ഒതുക്കാമെന്നാണ് സുവിശേഷകന് പറയുന്നത്. യേശു സംസാരിച്ചതും പ്രവര്‍ത്തിച്ചതും പരിഹാസമേറ്റതും കുരിശില്‍ പീഡയനുഭവിച്ചതും മരിച്ചതുമുള്പ്പെടെയുള്ള എല്ലാ ക്രിയകളും ഒരേ ഒരു ക്രിയയുടെ വിവിധ രൂപങ്ങള്‍ മാത്രമായിരുന്നുവെന്നര്ത്ഥം. ഇതിന്റെ സൂചന 1:18-ല്‍ യോഹന്നാന് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ 1:18 ഉം 13:1-ഉം തമ്മില്‍ ചേര്‍ത്ത് ഒരു ഏകകം രൂപപ്പെടുത്തിയിരിക്കുകയാണ്. ആരാണ് യേശുവെന്നാണ് 1:18-ല്‍ പറയുന്നത്. പിതാവിന്റെ മാറില്‍ ചാരി കിടന്ന് പിതാവിന്റെ സ്നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞവനാണ് യേശു. ആ അനുഭവം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുത്തുവെന്നും 1:18-ല്‍ പറയുന്നുണ്ട്. ഈ വാക്യത്തിന്റെ വിശദീകരണമാണ് സുവിശേഷം മുഴുവന്‍. എങ്ങനെ യേശു പിതാവില്‍ നിന്ന് അനുഭവിച്ചറിഞ്ഞ സ്നേഹം ജനങ്ങള്‍ക്കു പകര്ന്നുകൊടുത്തുവെന്ന വിശദീകരണമാണ് സുവിശേഷത്തിലുടനീളം വിവരിച്ചിരിക്കുന്നത്. ആ വിവരണങ്ങളുടെ ഉപസംഹാരമാണ് 13:1- അവിടുന്നു അവസാനംവരെ തനിക്കുള്ളവരെ സ്നേഹിക്കുകയായിരുന്നു.
ഉപസംഹാരം: പെസഹായെന്നാല് യേശുവിന്റെ സ്നേഹത്തിന്റെ പങ്കുവയ്ക്കലാണ്. യേശു സ്നേഹിച്ചു കടന്നുപോയി. യേശുവില്‍നിന്ന് ലഭിച്ച സ്നേഹം സഭയ്ക്കു കൈമുതലായി ലഭിച്ചിരിക്കുന്നു. സ്നേഹം പങ്കുവയ്ക്കുന്നതുവഴി സഭ പെസഹാ ആചരിക്കുന്നു. കര്‍മ്മപ്രധാനമായ പെസഹാ ആചരണത്തില്‍നിന്ന് ഭാവപ്രധാനമായ പെസഹായിലേയ്ക്ക് ചരിത്രം വഴിമാറുന്നു. അതാണ് പെസഹായുടെ ആത്യന്തിക വ്യാഖ്യാനം.